‘എന്റെ കട’ നടത്തി 10 കോടി തട്ടിയ ‘സിസില്‍’ ബിജെപിയുടെ ബിനാമി കമ്പനി

‘എന്റെ കട’ നടത്തി 10 കോടി തട്ടിയ ‘സിസില്‍’ ബിജെപിയുടെ ബിനാമി കമ്പനി
‘എന്റെ കട’ നടത്തി 10 കോടി തട്ടിയ ‘സിസില്‍’ ബിജെപിയുടെ ബിനാമി കമ്പനി

‘എന്റെ കട’ നടത്തി 10 കോടി തട്ടിയ ‘സിസില്‍’ ബിജെപിയുടെ ബിനാമി കമ്പനി

തിരുവനന്തപുരം: മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് നെറ്റ് വര്‍ക്കിങ് മാതൃകയില്‍ ‘എന്റെ കട’ നടത്തിയ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് റീട്ടെയില്‍ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (സിസില്‍) ബിജെപി ദേശീയ- സംസ്ഥാന നേതാക്കളുടെ ബിനാമി കമ്പനി. തലസ്ഥാനജില്ലയിലെ മൊത്തവിതരണക്കാരില്‍നിന്ന് മാത്രം ഈ കമ്പനി 10 കോടി രൂപ തട്ടിയെടുത്തു. ദേശാഭിമാനി പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘എന്റെ കട’ കളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം മൊത്തവിതരണക്കാരാണ് കബളിപ്പിക്കപ്പെട്ടത്. ഫ്രാഞ്ചൈസി എടുക്കാന്‍ പ്രലോഭിപ്പിച്ചത് പ്രമുഖ ബിജെപി നേതാക്കളായിരുന്നു. ഭാവിയില്‍ ഈ കടകള്‍  കുറഞ്ഞ വിലയ്ക്ക് സാധനം വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭ്യമാകുന്ന കടകളാകുമെന്ന് പ്രചരിപ്പിച്ചാണ് കോടികള്‍ വെട്ടിച്ചത്. ‘എന്റെ കട’ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരെവരെ ബിജെപി നേതാക്കള്‍ സ്വാധീനിച്ചു. സമ്മര്‍ദതന്ത്രത്തില്‍ വീണ മൊത്തവിതരണക്കാര്‍ സാധനങ്ങളുടെ ബില്‍തുക മാറേണ്ടത് കിഴക്കേകോട്ടയിലുള്ള കമ്പനി ആസ്ഥാനത്തുചെന്നായിരുന്നു. ഔട്ട്ലെറ്റ് ഉടമകള്‍ സാധനങ്ങളുടെ തുക മൊത്തവിതരണക്കാരന് നേരിട്ട് നല്‍കാന്‍ കമ്പനി അനുവദിച്ചില്ല. പകരം ഔട്ട്ലെറ്റ് ഉടമകള്‍ കമ്പനിയില്‍ കൊണ്ടുപോയി പണം അടച്ചു. ഈ തുക വിതരണക്കാര്‍ക്ക് നല്‍കാതെയായിരുന്നു തട്ടിപ്പ്.  മൂന്നാംമാസത്തില്‍ ആദ്യമാസത്തെ ബില്‍ കുടിശ്ശിക പൂര്‍ണമായി തീര്‍ക്കുമെന്നായിരുന്നു കമ്പനിയുടെ ഉടമ്പടി.

മൊത്തവിതരണക്കാര്‍ക്ക് പരമാവധി രണ്ടുതവണയാണ് പണം നല്‍കിയത്. മൂന്നാംതവണ പണം നല്‍കിയില്ല. ഔട്ട്ലെറ്റ് നടത്തിപ്പുകാര്‍ കമ്പനിയില്‍ പണം അടയ്ക്കുകയുംചെയ്തു. അഞ്ചുലക്ഷംമുതല്‍ 20ലക്ഷം രൂപവരെയാണ് മൊത്തവിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. അരുവിക്കരയിലെ വിആര്‍ ട്രേഡേഴ്സ് ഉടമ  പി ഹര്‍ഷകുമാറിന് എട്ടുലക്ഷം രൂപ ലഭിക്കാനുണ്ട്. ബിരിയാണി അരി, നല്ലെണ്ണ തുടങ്ങിയവയാണ് ഇദ്ദേഹം ഔട്ട്ലെറ്റുകളില്‍ എത്തിച്ചിരുന്നത്. കമ്പനിയുടെ ഹെഡ് ഓഫീസ് പൂട്ടിയതോടെ പണം ലഭിക്കുന്നതിനായി ഹര്‍ഷകുമാര്‍ വഞ്ചിയൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. കമ്പനി ഡയറക്ടറും യുവമോര്‍ച്ച നേതാവുമായ എം മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കേസ്. മൂന്ന് തവണ സാധനങ്ങള്‍ ഇറക്കിയിട്ടും ആദ്യത്തെ പണംപോലും ലഭിക്കാത്തവരാണ് ഏറെയും.

മനോജ്കുമാറും സംഘവും ആരംഭിച്ച കമ്പനിയുടെ യഥാര്‍ഥ ഉടമകളായ നേതാക്കള്‍ ചില വിതരണക്കാരെ സ്വാധീനിച്ച് കേസുകളില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. 2015ല്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു. ദേശീയനേതാക്കളില്‍ ചിലരുടെ നിര്‍ദേശപ്രകാരം പ്രമുഖ ബ്രാന്‍ഡ് കമ്പനികളും സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. നേതാക്കളെ പിണക്കേണ്ടന്നുകരുതി പല രും തങ്ങള്‍ക്ക് ലഭിക്കാനുള്ള ലക്ഷങ്ങള്‍ വേണ്ടന്നുവച്ചു.

വന്‍തോതില്‍ പരസ്യം നല്‍കുന്ന ഒരു ബ്രാന്‍ഡഡ് അരി നിര്‍മാതാക്കളും പണം കിട്ടാനുള്ളവരുടെ പട്ടികയിലുണ്ട്.  കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദ്ധതിയുടെയും ഭാഗമായിരുന്നില്ല  ‘എന്റെ കട’. പ്രധാനമന്ത്രിയുടെ ചിത്രവും വിവിധ കേന്ദ്രപദ്ധതികളുടെ ഔദ്യോഗികമുദ്രകളും ദുരുപയോഗംചെയ്തുള്ള തട്ടിപ്പ് നടത്തുമ്പോള്‍ ശോഭ സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കള്‍ കമ്പനിയുടെ പ്രചാരകരായി.