സംസ്ഥാനത്തെ പൊലീസ് രേഖപ്പെടുത്തുന്ന 70 ശതമാനം അറസ്റ്റും അനധികൃതമാണെന്ന് ഇന്റലിജന്‍സ് മേധാവിസംസ്ഥാനത്തെ പൊലീസ് രേഖപ്പെടുത്തുന്ന 70 ശതമാനം അറസ്റ്റും അനധികൃതമാണെന്ന് ഇന്റലിജന്‍സ് മേധാവി


സംസ്ഥാനത്തെ പൊലീസ് രേഖപ്പെടുത്തുന്ന 70 ശതമാനം അറസ്റ്റും അനധികൃതമാണെന്ന് ഇന്റലിജന്‍സ് മേധാവി

സംസ്ഥാനത്തെ പൊലീസ് രേഖപ്പെടുത്തുന്ന 70 ശതമാനം അറസ്റ്റും അനധികൃതമാണെന്ന് ഇന്റലിജന്‍സ് മേധാവി

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ രേഖപ്പെടുത്തുന്ന 70% അറസ്റ്റും അനധികൃതമാണെന്ന് ഇന്റലിജന്‍സ് വിഭാഗം. പെറ്റിക്കേസുകളിലെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നു ജില്ലാ പൊലീസ് മേധാവികള്‍ക്കയച്ച രഹസ്യ സര്‍ക്കുലറില്‍ ഇന്റലിജന്‍സ് മേധാവി കുറ്റപ്പെടുത്തുന്നുവെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഏറെയും പിഴയീടാക്കി ഒഴിവാക്കേണ്ടവയാണ്. ഇങ്ങനെ ചെയ്യാത്തതുമൂലം കേസുകളുടെ എണ്ണം പെരുകി പ്രധാന കേസുകളുടെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിക്കുന്നു. അന്വേഷണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനും താഴേത്തട്ടില്‍ സൗകര്യമൊരുക്കണം എന്നാണു ജില്ലാ പൊലീസ് മേധാവികള്‍ക്കുള്ള നിര്‍ദേശം.

കേസുകളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് ക്രമസമാധാന നില തകരാറിലായി എന്ന പ്രചാരണത്തിന് അടിസ്ഥാനമെന്ന് ഇന്റലിജന്‍സ് പറയുന്നു. ഈ പ്രചാരണം ജനങ്ങള്‍ക്കു സര്‍ക്കാരിനോടു വിശ്വാസക്കുറവുണ്ടാകാന്‍ ഇടയാക്കുന്നു. പരാതിയില്ലാതെ, പൊലീസ് ഉദ്യോഗസ്ഥര്‍ സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്നവയാണു കേരളത്തിലെ നല്ലൊരു ശതമാനം കേസുകളും. എന്നാല്‍ ഇങ്ങനെ റജിസ്റ്റര്‍ ചെയ്യുന്ന മിക്ക കേസുകളും നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ തള്ളിപ്പോകുന്നതു പതിവാണ്. ഉദാഹരണത്തിന്, മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടുന്നയാളെ ഡോക്ടറെ കാണിച്ചു സാക്ഷ്യപത്രം വാങ്ങാതെ സ്റ്റേഷനുകളിലെ ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചാണു പരിശോധിക്കുന്നത്. പ്രതികള്‍ കോടതിയെ സമീപിക്കുമ്പോള്‍, ഡോക്ടര്‍ പരിശോധിച്ചവ ഒഴികെയുള്ള കേസുകള്‍ തള്ളിപ്പോകുകയാണ്.

ഒരേ അച്ചില്‍ വാര്‍ത്തെടുത്തതു പോലെയുള്ള മൊഴികളും കേസ് ഡയറികളും കുറ്റപത്രങ്ങളുമാണ് കോടതിയിലെത്തുന്നത്. ഇത്തരം കേസുകളുടെ പിന്നാലെ നടന്നു സമയം കളയുന്നതുമൂലം പ്രധാന കേസുകളുടെ തെളിവു നഷ്ടപ്പെടാനും ഇരകള്‍ക്കു നീതി നിഷേധിക്കപ്പെടാനും ഇടയാകുന്നു. മദ്യപിച്ചു വാഹനമോടിച്ചതും പൊതുസ്ഥലത്തു മദ്യപിച്ചതും പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയതും ഉള്‍പ്പെടെയുള്ള കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ, പിഴയടപ്പിച്ച് നിയമ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ഇന്റലിജന്‍സിന്റെ നിര്‍ദേശം.

ജില്ലാ പൊലീസ് മേധാവികള്‍ സ്റ്റേഷനുകളിലേക്കു ക്വോട്ട നിശ്ചയിച്ചു കേസെടുപ്പിക്കുന്ന രീതിയാണു സംസ്ഥാനത്തുള്ളത്. ഇക്കാരണത്താല്‍ത്തന്നെ ഇന്റലിജന്‍സ് നിര്‍ദേശം നടപ്പാകണമെന്നില്ല. എണ്ണം തികയ്ക്കാനായി കേസെടുക്കാന്‍ പൊലീസുകാര്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയുണ്ട്. അഞ്ചുപേര്‍ ചേര്‍ന്ന് വാഹനത്തിലിരുന്നു മദ്യപിച്ചാല്‍ അഞ്ചു കേസായി റജിസ്റ്റര്‍ ചെയ്ത് എണ്ണം കൂട്ടുന്ന രീതിയുണ്ട്. എണ്ണം തികയ്ക്കാന്‍ കള്ളക്കേസ് എടുക്കേണ്ടിവരുമെന്നു പൊലീസുകാരും സമ്മതിക്കും. ഓരോ സ്റ്റേഷനിലും പ്രതിവര്‍ഷം രണ്ടായിരത്തിനു മുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നു. എന്നാല്‍ ഒരു ശതമാനം കേസില്‍ പോലും ആരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണു വസ്തുത. മേലുദ്യോഗസ്ഥനെ തൃപ്തിപ്പെടുത്താന്‍ കഴിയുമെങ്കിലും പൊലീസിന്റെയും കോടതിയുടെയും ജോലിഭാരം അനാവശ്യമായി വര്‍ധിക്കുന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇന്റലിജന്‍സിന്റെ നിരീക്ഷണം.