കേരള പൊലീസ് ‘354’ കെണിയില്‍കേരള പൊലീസ് ‘354’ കെണിയില്‍


കേരള പൊലീസ് ‘354’ കെണിയില്‍

കേരള പൊലീസ് ‘354’ കെണിയില്‍

കൊച്ചി: കേരള പൊലീസ് ‘354’ കെണിയില്‍. സ്ത്രീകള്‍ പരാതി നല്‍കിയാല്‍ ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം വ്യാജ പരാതികളില്‍ കേരള പൊലീസിനു തലവേദനയാകുന്നുവെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീത്വം അപമാനിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിയമനടപടികള്‍ ഒട്ടും വൈകാതിരിക്കാനാണ് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം ഉടന്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കേരള പൊലീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഡിജിപിയുടെ ഉത്തരവും നിലവിലുണ്ട്.

സ്ത്രീകളെ നേരിട്ടു ബാധിക്കുന്ന പരാതികളില്‍ മൊഴി രേഖപ്പെടുത്തി ആദ്യം കേസ് റജിസ്റ്റര്‍ ചെയ്യണം. പിന്നീടു മതി അന്വേഷണം. ഇതില്‍ അമാന്തം കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജോലിയില്‍ ബോധപൂര്‍വം വീഴ്ച വരുത്തുമ്പോള്‍ ചുമത്തുന്ന (ഐപിസി 166) വകുപ്പു പ്രകാരം ക്രിമിനല്‍ നടപടിയും എടുക്കും. നിയമപരമായ ഉത്തരവാദിത്തം പാലിക്കാന്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തുന്ന ഈ വകുപ്പു പ്രകാരം കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും പിഴയുമാണു ശിക്ഷ.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മൂന്നു യുവതികള്‍ സംഘം ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ച കുറ്റംചുമത്തി കേസെടുത്തതോടെ പൊലീസ് ഈ വകുപ്പിന്റെ പവിത്രത കളങ്കപ്പെടുത്തിയതായി വിമര്‍ശനമുണ്ട്. മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ മര്‍ദിച്ച സ്ത്രീയുടെ പരാതിയില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അനാവശ്യമാണെന്ന നിലപാട് കേരള ഹൈക്കോടതിയും സ്വീകരിച്ചു.

വഴിയൊരുക്കിയത് മിഷേല്‍ ഷാജി കേസ്

ഈ വര്‍ഷം മാര്‍ച്ചില്‍ കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജി എന്ന വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതു കൊച്ചി സിറ്റി പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കായലില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തുന്നതിന്റെ തലേന്നു രാത്രിയില്‍ മിഷേലിന്റെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്നു പരാതി പറഞ്ഞിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്യാതെ തന്നെ പൊലീസ് അന്നുരാത്രി പെണ്‍കുട്ടിയെ കണ്ടെത്താന്‍ പരമാവധി തിരച്ചില്‍ നടത്തിയെങ്കിലും പിറ്റേന്നു മൃതദേഹം ലഭിച്ചതോടെ തലേന്ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതിരുന്നതു വിവാദമായി.

ഐപിസി 354

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, സംസാരിക്കുക, അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ ചുമത്തുന്ന വകുപ്പ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോപണവിധേയന്റെ പ്രവൃത്തി തനിക്ക് അപമാനമുണ്ടാക്കിയെന്ന സ്ത്രീയുടെ മൊഴി മാത്രം മതി കേസ് റജിസ്റ്റര്‍ ചെയ്യാന്‍. രണ്ടുവര്‍ഷം വരെ തടവും പിഴയുമാണു ശിക്ഷ.