ജന്‍ ഔഷധി അഴിമതി; എ.എന്‍ രാധാകൃഷ്ണന്റെ തട്ടിപ്പിനെതിരെ നല്‍കിയ പരാതി കുമ്മനം മുക്കിയെന്ന് ആക്ഷേപം

ജന്‍ ഔഷധി അഴിമതി; എ.എന്‍ രാധാകൃഷ്ണന്റെ തട്ടിപ്പിനെതിരെ നല്‍കിയ പരാതി കുമ്മനം മുക്കിയെന്ന് ആക്ഷേപം
ജന്‍ ഔഷധി അഴിമതി; എ.എന്‍ രാധാകൃഷ്ണന്റെ തട്ടിപ്പിനെതിരെ നല്‍കിയ പരാതി കുമ്മനം മുക്കിയെന്ന് ആക്ഷേപം

ജന്‍ ഔഷധി അഴിമതി; എ.എന്‍ രാധാകൃഷ്ണന്റെ തട്ടിപ്പിനെതിരെ നല്‍കിയ പരാതി കുമ്മനം മുക്കിയെന്ന് ആക്ഷേപം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കുംഭകോണത്തിന് പിന്നാലെ ബിജെപിയെ പിടിച്ചുകുലുക്കിയ ജന്‍ ഔഷധി അഴിമതിക്ക് ഇരയായവര്‍ നല്‍കിയ പരാതിയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുക്കി. ‘പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി’ പദ്ധതിയുടെപേരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ നടത്തിയ തട്ടിപ്പില്‍ ഇരയായ അമ്പതോളംപേര്‍ ചേര്‍ന്നാണ് കുമ്മനത്തിന് പരാതി നല്‍കിയത്. ദേശാഭിമാനിയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ക്കുള്ള ലൈസന്‍സ് വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് പണംതട്ടിയെന്ന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഡ്വ. ദിലീഷ് ജോണ്‍ ആണ് സിബിഐക്ക് പരാതി നല്‍കിയത്.

രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്റെ (സൈന്‍) പേരിലാണ് തട്ടിപ്പ് നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സ്വാധീനിച്ച് സൊസൈറ്റി നേടിയെടുത്ത 108 ജന്‍ ഔഷധി ലൈസന്‍സുകള്‍ മറിച്ചുവിറ്റ് അഞ്ചുകോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി.

അപേക്ഷകരില്‍നിന്ന് 2000 രൂപ രജിസ്ട്രേഷന്‍ ഫീസ് വാങ്ങിയശേഷം ഫര്‍ണിഷിങ് ജോലികള്‍ക്കുവേണ്ടി 4.5 ലക്ഷം രൂപവരെ ഈടാക്കിയെന്നാണ് വിവരം. തട്ടിപ്പിനിരയായവര്‍ ആര്‍എസ്എസുകാരെ ഭയന്ന് പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല. അവരില്‍ ചിലര്‍ തെളിവുകള്‍ സഹിതം നീതിതേടി ബിജെപി സംസ്ഥാന അധ്യക്ഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍, ബിജെപി നേതാക്കളുടെ അഴിമതിക്കഥകളെല്ലാം പുറംലോകമറിയാതെ പൂഴ്ത്തിവയ്ക്കുന്ന പതിവുരീതിതന്നെ കുമ്മനം ഇക്കാര്യത്തിലും സ്വീകരിച്ചു.

എറണാകുളം സ്വദേശിയായ ഡോക്ടറുടെ ശബ്ദരേഖയുള്‍പ്പെടെയാണ് അഡ്വ. ദിലീഷ് ജോണ്‍ സിബിഐക്ക് പരാതി നല്‍കിയത്. ഇതോടെ തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ രംഗത്തുവന്നിട്ടുണ്ട്.

രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ എന്ന സംഘടനയില്‍ ബിജെപി നേതാക്കള്‍മാത്രമാണ് അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കുമ്മനം രാജശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ പതിച്ചാണ് സംഘടന പരസ്യംചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ സമാന്തര ഏജന്‍സിയായിട്ടാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നതരെ സ്വാധീനിച്ചാണ് രാധാകൃഷ്ണനും സംഘവും 108 ജന്‍ ഔഷധി ലൈസന്‍സുകള്‍നേടിയെടുത്തതെന്ന സംശയവും ബലപ്പെടുന്നു. സിബിഐ അന്വേഷണം ആരംഭിച്ചാല്‍ ഇവരും കുടുങ്ങുമെന്നുറപ്പാണ്.

മെഡിക്കല്‍ കോളേജ് കുംഭകോണത്തിന് നേതൃത്വംവഹിച്ച മുന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ എസ് വിനോദിനും അഞ്ച് ജന്‍ ഔഷധി ലൈസന്‍സുകള്‍ ലഭിച്ചെന്നു സൂചനയുണ്ട്. വിനോദ് പ്രസിഡന്റായ വേണാട് സഹകരണസംഘത്തിന്റെ പേരിലാണ് ലൈസന്‍സ് തരപ്പെടുത്തിയത്. ഇതില്‍ ഒന്നുപോലും തുറന്നിട്ടില്ല.