വേദനകള്‍ ചേക്കേറിയ അമ്മമരം

വേദനകള്‍ ചേക്കേറിയ അമ്മമരം
വേദനകള്‍ ചേക്കേറിയ അമ്മമരം

വേദനകള്‍ ചേക്കേറിയ അമ്മമരം

തൃശൂര്‍: ഈ അമ്മ തോളിലേറ്റുന്നത് എടുത്താല്‍ പൊങ്ങാത്ത കുടുംബഭാരം മാത്രമല്ല; ഭര്‍ത്താവിനെയും മകനെയും കൂടിയാണ്. രണ്ടു പതിറ്റാണ്ടായി ഭര്‍ത്താവിനെ വീട്ടിനുള്ളില്‍നിന്നു മുച്ചക്ര സ്‌കൂട്ടറിലേക്കും തിരിച്ചും എടുത്തിരുന്നു. വീടെന്നു വിളിക്കാനാകില്ല, ടാര്‍പായ വലിച്ചുകെട്ടിയൊരു കുഞ്ഞിടം! മെടഞ്ഞ ഓല കുത്തിച്ചാരി ‘ഭിത്തി’! അതിനുള്ളില്‍ പ്രായപൂര്‍ത്തിയായ മകളും രണ്ട് ആണ്‍കുട്ടികളും.

മക്കള്‍ വളര്‍ന്നു പറക്കമുറ്റുന്നതുവരെ മാത്രമേയുള്ളു ദുരിതങ്ങള്‍ എന്നു കരുതിയ ഈ അമ്മയുടെ മറ്റേ തോളിലേക്ക് ഇനി മകന്‍ കൂടി ചേക്കേറുകയാണ് - 19 വയസ്സുകാരന്‍ രഞ്ജിത്. ഒരുമാസം മുന്‍പ് അപകടത്തില്‍പെട്ട അവന്‍, ശരീരം തളര്‍ന്ന് അബോധാവസ്ഥയില്‍ കിടപ്പാണ് ആശുപത്രിയില്‍. രണ്ടുദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യും; അമ്മയുടെ മറ്റേ തോളിലേക്ക്! ഇരുതോളിലും ഭാരമേറുമ്പോഴും പോരാടാനുള്ള കരുത്തുകൂട്ടുകയാണ് ഈ അമ്മമനസ്സ്!

ഒരുമനയൂര്‍ അംബേദ്കര്‍ കോളനിയില്‍ മറ്റൊരാളുടെ ഭൂമിയില്‍ ചെറുകൂര കെട്ടിക്കഴിയുന്ന കുന്തറ വീട്ടില്‍ സുമയുടെയും കുടുംബത്തിന്റെയും ജീവിതമാണിത്. ഭര്‍ത്താവ് സുബ്രു (42) 19-ാം വയസ്സില്‍ പനി വന്നു ശരീരത്തിന്റെ പാതി തളര്‍ന്നയാള്‍. ലോട്ടറി വിറ്റുമാത്രം ജീവിക്കാന്‍ കഴിയുന്ന സുബ്രുവിനെ സുമ ജീവിതത്തിലേക്കു സ്വീകരിച്ചത് ജീവിതാവസാനം വരെ തോളിലേറ്റാന്‍ തീരുമാനിച്ചു തന്നെ. രാവിലെ ഒരുക്കി മുച്ചക്ര സൈക്കിളിലേക്കു തോളിലെടുത്തുകൊണ്ടുപോയി ഇരുത്തും സുമ.

കഴിഞ്ഞ ഏപ്രില്‍ 23നു മണത്തലയിലുണ്ടായ ബൈക്ക് അപകടമാണു മകന്‍ രഞ്ജിത്തിനെ കിടപ്പിലാക്കിയത്. തലയോട്ടിക്കേറ്റ പരുക്കു ഗുരുതരമായതിനാല്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ അബോധാവസ്ഥയിലാണിപ്പോഴും. മൂത്തമകന്‍ സുമേഷ് കൂലിപ്പണി ഉപേക്ഷിച്ച് അനുജനെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ നില്‍ക്കുകയാണ്. മകള്‍ രജിത പത്തില്‍ പരീക്ഷയെഴുതി നില്‍ക്കുന്നു.

തിരിച്ചടിയില്‍ തളരാത്ത മനസ്സുമായി സുമ പറയുന്നു. ഭര്‍ത്താവിനെ മാത്രമല്ല, മകനെയും തോളിലേറ്റാന്‍ തയാറാണ്. പക്ഷേ, ആശുപത്രിയില്‍ ചെലവാകുന്ന ലക്ഷങ്ങള്‍... കടം ചോദിക്കാന്‍ ഇനിയാരുമില്ല.

ആശുപത്രിയില്‍നിന്നു മകനെ ഡിസ്ചാര്‍ജ് ചെയ്താല്‍ കൊണ്ടുപോയി കിടത്താനൊരിടം വേണം. ടാര്‍പായ മാത്രം വിരിച്ച കൂടാരത്തില്‍ അവനെ കിടത്തുന്നതെങ്ങനെ? വരുന്നതു മഴക്കാലമല്ലേ?