പെട്രൊള്‍ ഡീസല്‍ വില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് നാലുരൂപ

പെട്രൊള്‍ ഡീസല്‍ വില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് നാലുരൂപ
പെട്രൊള്‍ ഡീസല്‍ വില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് നാലുരൂപ

പെട്രൊള്‍ ഡീസല്‍ വില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് നാലുരൂപ

ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്. ദിവസേന വില മാറുന്നതിനാല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍മാറ്റം വ്യക്തമാവുന്നത്. മാതൃഭൂമി പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പെട്രോള്‍, ഡീസല്‍ വില ഓരോദിവസവും പുനഃക്രമീകരിക്കുന്നത് ജൂണ്‍ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. മുമ്പ് വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ ചെയ്തതുപോലെ ഇത്തവണയും ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ കൈയടി നേടി. 2014 ഒക്ടോബറില്‍ ഡീസല്‍ വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയപ്പോള്‍ ഉടന്‍തന്നെ ലിറ്ററിന് 3.37 രൂപ കുറഞ്ഞിരുന്നു. എണ്ണവില വിപണിക്കുവിടുന്നത് നല്ലതാണെന്ന ധാരണയുണ്ടാക്കാനും ഇതുപകരിച്ചു. ആഗോള എണ്ണവില ബാരലിന് നൂറു ഡോളറിനുമേലെയുണ്ടായിരുന്നത് വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയപ്പോഴായിരുന്നു ഈ പരീക്ഷണം.

സമാനമായി ഇപ്പോള്‍ പ്രതിദിന വിലമാറ്റം കൊണ്ടുവന്നതും ആഗോളവിപണിയില്‍ അല്‍പ്പം ഇടിവുവന്നപ്പോഴാണ്. ഇതിന്റെ ഫലമായി ജൂണ്‍ 16 മുതല്‍ തുടര്‍ച്ചയായി രണ്ടാഴ്ച വില കുറഞ്ഞുകൊണ്ടിരുന്നു. ഉപഭോക്താക്കള്‍ക്കുള്ള നേട്ടമായി എണ്ണക്കമ്പനികള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍, ജൂലായ് നാലുമുതല്‍ ദിവസവും അഞ്ചും പത്തും പൈസവീതം വില ഉയരാന്‍ തുടങ്ങി. വ്യാഴാഴ്ച 66.96 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ജൂലായ് നാലിന് ഇത് 63.08 രൂപയായിരുന്നു. ഡീസലിന് ജൂലായ് നാലിന് 53.44 രൂപയായിരുന്നത് ഇപ്പോള്‍ 56.81 രൂപയുമായി.

അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ- ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്. പെട്രോളിന് 2010 ജൂണിലും ഡീസലിന് 2014 ഒക്ടോബറിലും വിലനിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും 15 ദിവസം കൂടുമ്പോഴാണ് വില പരിഷ്‌കരിച്ചിരുന്നത്. വില പുനഃക്രമീകരിക്കാന്‍ സാങ്കേതികമായി എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെങ്കിലും രാഷ്ട്രീയപരിഗണനകള്‍കൂടി വെച്ചാണ് അവരത് ചെയ്തിരുന്നത്. അതിനാല്‍ വിലക്കയറ്റമുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും അവസരമുണ്ടായിരുന്നു. പ്രതിദിന വിലപരിഷ്‌കരണം വന്നതോടെ ഈ സാധ്യത കുറഞ്ഞു.

2013-14 കാലയളവില്‍ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് ഏതാണ്ട് 110 ഡോളറുണ്ടായിരുന്നപ്പോള്‍ ഡീസലിന് 50 രൂപയില്‍താഴെയും പെട്രോളിന് 70 രൂപയുമായിരുന്നു ഇന്ത്യയിലെ വില. ഇപ്പോള്‍ അസംസ്‌കൃത എണ്ണയ്ക്ക് വില അതിന്റെ പകുതിയിലേറെ കുറഞ്ഞ് 51.60 ഡോളര്‍ മാത്രമായെങ്കിലും പെട്രോളിന് 67 രൂപയോളം ഈടാക്കുന്നു. രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരുമാസത്തിനിടെ മൂന്നരരൂപ കൂടിയത് അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനയ്ക്ക് കാരണമാകും.

പെട്രോള്‍, ഡീസല്‍ വിലയിലെ മാറ്റം (ഡല്‍ഹി)

  • ജൂണ്‍ 16- പെട്രോള്‍ 65.48, ഡീസല്‍ 54.49
  • ജൂലായ് നാല്- പെട്രോള്‍ 63.08, ഡീസല്‍ 53.44
  • 2013-14ല്‍ അസംസ്‌കൃത എണ്ണവില- 110 ഡോളര്‍, ഇന്ത്യയില്‍ പെട്രോള്‍ 70, ഡീസല്‍ 50
  • 2017-ല്‍ അസംസ്‌കൃത എണ്ണവില -51.60 ഡോളര്‍, പെട്രോള്‍ 66.96, ഡീസല്‍ 56.81