അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; യുഡിഎഫ് ഇരട്ടത്താപ്പ് തെളിയിക്കുന്ന മിനിറ്റ്സ് പുറത്ത്

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; യുഡിഎഫ് ഇരട്ടത്താപ്പ് തെളിയിക്കുന്ന മിനിറ്റ്സ് പുറത്ത്
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; യുഡിഎഫ് ഇരട്ടത്താപ്പ് തെളിയിക്കുന്ന മിനിറ്റ്സ് പുറത്ത്

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; യുഡിഎഫ് ഇരട്ടത്താപ്പ് തെളിയിക്കുന്ന മിനിറ്റ്സ് പുറത്ത്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. മംഗളം പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2015 മാര്‍ച്ച് 19 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു. വൈദ്യുതി ബോര്‍ഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും ഈ യോഗത്തിലെ തീരുമാനം അനുസരിച്ചാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് യു.ഡി.എഫ്. ഇപ്പോള്‍ പദ്ധതിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രധാന ജോലികളെല്ലാം നടന്നത്. പദ്ധതിക്ക് 2007 ല്‍ ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017 ജൂലൈയില്‍ അവസാനിക്കുന്നതിനാല്‍ നിര്‍മാണപ്രവര്‍ത്തനം തുടങ്ങണമെന്ന് വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ പാരിസ്ഥിതികാനുമതി നഷ്ടമാകും.

വീണ്ടും അനുമതി ലഭിക്കുക ദുഷ്‌കരവും. ഇക്കാര്യം കണക്കിലെടുത്താണു യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്ന അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കൂടാതെ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കം വനംവകുപ്പിലെയും ഊര്‍ജ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിരപ്പിള്ളി ജലവൈദ്യുതിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ജലവൈദ്യുത പദ്ധതികളുടെ ആവശ്യകതയെക്കുറിച്ച് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ച് വിശദമായി സംസാരിച്ചതായും രേഖകളിലുണ്ട്. കൂടി വരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുക്കുമ്പോള്‍ അതിരപ്പിള്ളി പദ്ധതി കേരളത്തിനു വളരെയേറെ പ്രയോജനം ചെയ്യുമെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായി യോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോകാന്‍ ഈ യോഗത്തില്‍ തീരുമാനിച്ചതായും മിനിറ്റ്‌സില്‍ പറയുന്നു. 11.30 നു ചേര്‍ന്ന യോഗം 12.15നായിരുന്നു അവസാനിച്ചത്.

ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് 2015 ഏപ്രില്‍ നാലിന് ഊര്‍ജ വകുപ്പ് വൈദ്യുതി ബോര്‍ഡിനു കത്തു നല്‍കി. ഊര്‍ജ വകുപ്പ് അണ്ടര്‍ സെക്രട്ടറി എം. താജുദ്ദീനാണു വൈദ്യുതി ബോര്‍ഡിന് കത്തു നല്‍കിയത്. ഇതേത്തുടര്‍ന്നാണ് അതിരപ്പിള്ളിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്കു ബോര്‍ഡ് കടന്നത്.