ആമസോണിന്റെ ഹൊറര്‍ നോവല്‍ പട്ടികയില്‍ ആദ്യ പത്തില്‍ അഖിലിന്റെ ഓജോബോര്‍ഡും

ആമസോണിന്റെ ഹൊറര്‍ നോവല്‍ പട്ടികയില്‍ ആദ്യ പത്തില്‍ അഖിലിന്റെ ഓജോബോര്‍ഡും
ആമസോണിന്റെ ഹൊറര്‍ നോവല്‍ പട്ടികയില്‍ ആദ്യ പത്തില്‍ അഖിലിന്റെ ഓജോബോര്‍ഡും

ആമസോണിന്റെ ഹൊറര്‍ നോവല്‍ പട്ടികയില്‍ ആദ്യ പത്തില്‍ അഖിലിന്റെ ഓജോബോര്‍ഡും

ആലപ്പുഴ ∙ ഓൺലൈൻ വ്യാപാരസൈറ്റ് ആമസോണിൽ ഹൊറർ നോവലുകളുടെ പട്ടികയിൽ ആദ്യ പത്തിലാണ് അഖിൽ പി ധർമജൻ എന്ന ആലപ്പുഴക്കാരൻ. മലയാള മനോരമ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പട്ടികയിൽ പ്രാദേശിക ഭാഷയിൽ നിന്നുള്ള ഏക എഴുത്തുകാരൻ. പത്തിലൊരാളായി ഉയരുന്നതിന് അഖിൽ നടന്നത് അധികമാരും നടക്കാത്ത വഴികളിലൂടെയാണ്. വഴിത്തിരിവുകളേറെയുള്ള ‘ഓജോ ബോർഡ്’ എന്ന നോവൽ എഴുത്തുകാരനും പുതിയ വഴിത്ത‍ിര‍ിവുകൾ നൽകുകയാണ്.

തികച്ചും അപ്രതീക്ഷിതമായി ജൂ‍ഡ് ആന്റണി ജോസഫിലൂടെ സിനിമയിലേക്കു വഴി തുറന്നതിനൊപ്പം വീണ്ടും വിപണിയിലെത്തിയ ആദ്യ നോവൽ ചൂടപ്പംപോലെ വിറ്റഴിയുന്നതിന്റെ ഇരട്ടിമധുരം കൂടിയാണ് അഖിലിന്.

ഫെയ്സ്ബുക്കിൽ എഴുതി, രണ്ടുവർഷം മുൻപ് ആലപ്പുഴയിലെ ചുടുകാട്ടിൽ വ്യത്യസ്തമായി പ്രകാശനം ചെയ്തു ശ്രദ്ധയാകർഷിച്ച ‘ഓജോബോർഡ്’ എന്ന നോവൽ തന്റെ വായനക്കാർക്കു കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി വന്നപ്പോഴാണ് ആദ്യത്തെ പ്രസാധകൻ വാക്കു തെറ്റിച്ചതായി അഖിലിനു മനസിലായത്. പുസ്തക പ്രസാധന രംഗത്ത് ഒരു മുൻ പരിചയവുമില്ലാത്ത ഇരുപത്തിനാലുകാരൻ സ്വന്തമായി അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സ്വപ്നം കണ്ടു തുടങ്ങിയത് അങ്ങനെയാണ്.

പുസ്തകത്തിന് ഐഎസ്ബിഎൻ നമ്പർ കിട്ടുന്നതിനുൾപ്പെടെ ആറു മാസത്തോളം പല ഓഫിസുകളിലായി കയറിയിറങ്ങി. കഥ പബ്ലിക്കേഷൻ എന്ന പേരിൽ സ്വന്തമായി സ്ഥാപനം റജിസ്റ്റർ ചെയ്തു. കടം വാങ്ങിയും മിച്ചംപിടിച്ചും പുസ്തകം ആദ്യ എഡിഷൻ അച്ചടിച്ചു. എഴുത്തിനു പിന്തുണ നൽകുന്ന ഫെയ്സ്ബുക് കൂട്ടായ്മകളിലൂടെ പ്രചാരണവും തുടങ്ങി. പ്രതീക്ഷിച്ചതിനെക്കാൾ പിന്തുണ പല കോണിൽ നിന്നെത്തി.

ആമസോണിൽ പുസ്തകം വിൽപനയ്ക്കു നൽകി. അതിനൊപ്പം സ്വന്തമായി ഒരു വിതരണ സംവിധാനവും തുടങ്ങി. പഠ‍ിക്കുന്നവരും പഠനം കഴിഞ്ഞു ജോലി ലഭിക്കാത്തവരുമായി 39 പേരെ എല്ലാ ജില്ലകളിലുമായി വിതരണക്കാരായി കണ്ടെത്തി. പുസ്തകം ജില്ലയിലെ ഒരു കേന്ദ്രത്തിൽ എത്തിച്ചശേഷം ഫെയ്സ്ബുക്കിലും ഫോണിലും പുസ്തകം ഓർഡർ ചെയ്തവർക്ക് ഈ വിതരണക്കാർ വഴി എത്തിച്ചു നൽകുന്ന സംവിധാനം സൂപ്പർഹിറ്റായി. കുറച്ചു പേർക്കു വരുമാനമാർഗവും തെളിഞ്ഞു.

അങ്ങനെയിരിക്കേയാണു ജൂഡ് ആന്റണി ജോസഫിനെ ഫെയ്സ്ബുക് വഴി പരിചയപ്പെട്ടത്. രണ്ടു വർഷം മു‍ൻപ് ഓജോ ബോർഡിന്റെ കഥ അഖിൽ ജൂഡിന് അയച്ചു കൊടുത്തിരുന്നു. അന്ന് അതു ശ്രദ്ധിക്കാത്ത ജൂഡ് രണ്ടാം വരവിൽ ഓജോ ബോർഡിന്റെ ആരാധകനായി. ഓജോ ബോർഡ് സിനിമയാക്കാനുള്ള അവകാശം അഖിലിൽ നിന്നു കഴിഞ്ഞ ദിവസമാണു ജൂഡ് വാങ്ങിയത്.

അധികം വൈകാതെ തന്റെ രണ്ടാമത്തെ നോവലായ മെർക്കുറി ഐലൻഡ് പുസ്തകമാക്കി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അഖിൽ. മെർക്കുറി ഐലൻഡിന്റെ ഇംഗ്ലിഷ് പകർപ്പവകാശത്തിനു ചില പ്രസാധകർ സമീപിച്ചെങ്കിലും സ്വന്തമായി അച്ചടിച്ചു വിതരണം ചെയ്യാനാണ് അഖിലിന്റെ തീരുമാനം