ദേശീയഗാനത്തിനിടെ പാലരുവി ട്രെയിന്‍റെ കന്നിയോട്ടം; അനങ്ങാതെ നിന്ന എംപിമാര്‍ കാറില്‍ പിന്നാലെയും  

ദേശീയഗാനത്തിനിടെ പാലരുവി ട്രെയിന്‍റെ കന്നിയോട്ടം; അനങ്ങാതെ നിന്ന എംപിമാര്‍ കാറില്‍ പിന്നാലെയും  
ദേശീയഗാനത്തിനിടെ പാലരുവി ട്രെയിന്‍റെ കന്നിയോട്ടം; അനങ്ങാതെ നിന്ന എംപിമാര്‍ കാറില്‍ പിന്നാലെയും  

ദേശീയഗാനത്തിനിടെ പാലരുവി ട്രെയിന്‍റെ കന്നിയോട്ടം; അനങ്ങാതെ നിന്ന എംപിമാര്‍ കാറില്‍ പിന്നാലെയും  

പുനലൂര്‍: റെയില്‍വേ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയം ‘പാളംതെറ്റിയപ്പോള്‍’ കന്നിയോട്ടം നടത്തിയ പുനലൂര്‍ - പാലക്കാട് പാലരുവി എക്‌സ്പ്രസിനു പിന്നാലെ എംപിമാരുടെ ഓട്ടപ്പാച്ചില്‍. ട്രെയിനിന്റെ പിന്നാലെ കാറില്‍ വച്ചുപിടിച്ച എംപിമാരായ കൊടിക്കുന്നില്‍ സുരേഷും എന്‍.കെ.പ്രേമചന്ദ്രനും തൊട്ടടുത്ത സ്റ്റേഷനില്‍ വന്നു ട്രെയിനില്‍ കയറി യാത്ര ചെയ്‌തെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂഡല്‍ഹിയില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു ട്രെയിന്‍ ഫ്‌ലാഗ് ചെയ്യുന്ന അതേ സമയം പുനലൂര്‍ സ്റ്റേഷനില്‍ മന്ത്രി കെ.രാജുവും എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സോമപ്രസാദ്, സുരേഷ് ഗോപി എന്നിവരും പച്ചക്കൊടി വീശണമെന്നായിരുന്നു തീരുമാനം. സോമപ്രസാദും സുരേഷ് ഗോപിയും ചടങ്ങിനെത്തിയില്ല.

കേന്ദ്രമന്ത്രിക്കു മൂന്നോ നാലോ ഉദ്ഘാടനങ്ങളാണ് നടത്തേണ്ടിയിരുന്നത്. മറ്റേതോ ട്രെയിനിനു കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പച്ചക്കൊടി വീശിയപ്പോള്‍ ഇവിടെ ട്രെയിന്‍ മുന്നോട്ടെടുത്തു. വേദിയിലുണ്ടായിരുന്ന മന്ത്രിയും എംപിമാരും പച്ചക്കൊടി കാട്ടിയില്ലെങ്കിലും ട്രെയിന്‍ നൂറു മീറ്ററിലേറെ മുന്നോട്ടു നീങ്ങി. അബദ്ധം മനസ്സിലാക്കിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ നിര്‍ത്തിച്ചു.പത്തുമിനിറ്റിനകം പാലരുവിക്കു വേണ്ടി കേന്ദ്രമന്ത്രി ഡല്‍ഹിയിലും മന്ത്രി കെ.രാജുവും എംപിമാരും പുനലൂരിലും പച്ചക്കൊടി വീശി. ഇതോടെ ട്രെയിന്‍ പുറപ്പെട്ടു.

ചടങ്ങിനു സമാപനം കുറിച്ചു ദേശീയഗാനം ഉയര്‍ന്നപ്പോള്‍ അതു തീരാതെ എംപിമാര്‍ക്കു വേദി വിട്ടിറങ്ങാന്‍ കഴിഞ്ഞില്ല. ട്രെയിന്‍ വിട്ടുപോയതോടെ എംപിമാര്‍ ഡിആര്‍എം: നീനു ഇട്ടിയേരയെ പ്രതിഷേധം അറിയിച്ചു.തൊട്ടടുത്ത സ്റ്റേഷനായ ആവണീശ്വരത്തു ട്രെയിന്‍ പിടിച്ചിടാനും അവിടെ നിന്നു കയറാന്‍ സൗകര്യമൊരുക്കാമെന്നും ഡിആര്‍എം ഉറപ്പു നല്‍കിയതോടെ എംപിമാര്‍ രണ്ടു കാറുകളിലായി ആവണീശ്വരത്തേക്കു കുതിച്ചു. പത്തു കിലോമീറ്ററോളം ദൂരെ ആവണീശ്വരത്തു ട്രെയിന്‍ എത്തിയപ്പോഴേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.

പതിനഞ്ചു മിനിറ്റിനുള്ളില്‍ എംപിമാര്‍ വന്നു ട്രെയിനില്‍ കയറിയതോടെ പിരിമുറുക്കം അയഞ്ഞു. കേന്ദ്രമന്ത്രി പച്ചക്കൊടി വീശുമ്പോള്‍ ഇവിടെ മന്ത്രിയും എംപിമാരും പച്ചക്കൊടി വീശുമെന്നും തുടര്‍ന്നു എംപിമാരെയും കയറ്റി വേണം യാത്ര തുടങ്ങാനെന്നുമുള്ള നിര്‍ദേശം ലോക്കോ പൈലറ്റിനു കിട്ടാതിരുന്നതാണ് ആശയക്കുഴപ്പത്തിനു കാരണം. ട്രെയിന്‍ യാത്രയ്ക്കില്ലെന്നു മന്ത്രി രാജു നേരത്തെ അറിയിച്ചിരുന്നു. പ്രേമചന്ദ്രന്‍ മണ്ഡലാതിര്‍ത്തിയായ പെരിനാട് വരെയും കൊടിക്കുന്നില്‍ ചങ്ങനാശേരി വരെയും യാത്ര െചയ്തു. കരുനാഗപ്പള്ളിയില്‍ നിന്നു കയറിയ കെ.സി.വേണുഗോപാല്‍ എംപി ഓച്ചിറയില്‍ ഇറങ്ങി. ഇന്നലെ എറണാകുളത്തു കന്നിയാത്ര അവസാനിപ്പിച്ച പാലരുവി ഇന്നു മുതല്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും.