ചിരിയോടെ, കുശലം പറഞ്ഞ് സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ പിണറായിക്കാരനായി മുഖ്യമന്ത്രി 

ചിരിയോടെ, കുശലം പറഞ്ഞ് സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ പിണറായിക്കാരനായി മുഖ്യമന്ത്രി 
ചിരിയോടെ, കുശലം പറഞ്ഞ് സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ പിണറായിക്കാരനായി മുഖ്യമന്ത്രി 

ചിരിയോടെ, കുശലം പറഞ്ഞ് സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ പിണറായിക്കാരനായി മുഖ്യമന്ത്രി 

തലശ്ശേരി: സര്‍ക്കാര്‍ തീരുമാനം തെറ്റിക്കാതെ പിണറായി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഗ്രാമസഭയില്‍ വ്യാഴാഴ്ച നാട്ടുകാരനായ മുഖ്യമന്ത്രിയും പങ്കെടുത്തു. എടക്കടവ് കെട്ട്താങ്ങിക്ക് സമീപത്തെ വയലില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഒന്നാം നമ്പര്‍ ബൂത്തിലെ 121ാം നമ്പര്‍ വോട്ടറാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമസഭയില്‍ സംബന്ധിച്ച അദ്ദേഹം അതിന്റെ ഉദ്ഘാടകനുമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഗ്രാമസഭയില്‍ പങ്കെടുത്തതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ 10നാണ് ഗ്രാമസഭ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചടങ്ങുകള്‍ 9.30ഓടെ തന്നെ തുടങ്ങി. 10.10ഓടെ ആദ്യം എത്തിയത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയായിരുന്നു. അവര്‍ സദസ്സിന്റെ മുന്‍നിരയില്‍ സ്ത്രീകള്‍ക്കൊപ്പം ഇരുന്നു. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം വാര്‍ഡുകളിലെ ഗ്രാമസഭയില്‍ പെങ്കടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഗ്രാമസഭയില്‍ പെങ്കടുത്തത്. ഗ്രാമസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം രജിസ്റ്ററില്‍ 180ാമത്തെ ആളായി ഒപ്പുവെച്ചു. സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ പെങ്കടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനുള്ളതാണ് ഗ്രാമസഭ. അതിനാല്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാവണം. ഗ്രൂപ് ചര്‍ച്ചയില്‍ പെങ്കടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇനിയും ഒേട്ടറെ പരിപാടികളുള്ളതിനാല്‍ കുറെ സമയം ഇവിടെ ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഗ്രാമസഭയില്‍ 106 വയസ്സുള്ള നാരായണിയമ്മ എത്തിയത് ആവേശം പകര്‍ന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് ഒരുസംഘം ചെറുപ്പക്കാര്‍ വണ്ണത്താന്‍ കുനിയില്‍ ഹൗസില്‍ അണിയേരി നാരായണിയമ്മയെ ഗ്രാമസഭയില്‍ പെങ്കടുക്കുന്നതിനായി കസേരയില്‍ ഇരുത്തി കൊണ്ടുവന്നത്. നാരായണിയമ്മയെ കണ്ടതോടെ 100 വയസ്സ് കഴിഞ്ഞവരും ഗ്രാമസഭയില്‍ എത്തിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്.

ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചശേഷം അടുത്ത പരിപാടിക്ക് പോകാനായി വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രി നാരായണിയമ്മയുടെ അടുത്തേക്കാണ് നേരെ പോയത്. മുഖ്യമന്ത്രി കൈപിടിച്ച് കുശലം പറഞ്ഞതോടെ, നാരായണിയമ്മയുടെ പ്രായാധിക്യം ചുളിവു വീഴ്ത്തിയ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. അവശതക്കിടയിലും അവര്‍ മുഖ്യമന്ത്രിയോടും സൗഹൃദം പങ്കിട്ടു. ഇവര്‍ക്ക് സമീപത്തായി ഇരുന്ന പ്രായമുള്ള മറ്റു സ്ത്രീകളോടും കുശലം പറഞ്ഞാണ് മുഖ്യമന്ത്രി യാത്രയായത്.പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗീതമ്മ അധ്യക്ഷത വഹിച്ചു.