കേരള ഹൗസില്‍ 204, ആലുവ പാലസില്‍ 107; വിഎസിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഇഷ്ടമുറികള്‍ ഇങ്ങനെ നീളുന്നു



കേരള ഹൗസില്‍ 204, ആലുവ പാലസില്‍ 107; വിഎസിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഇഷ്ടമുറികള്‍ ഇങ്ങനെ നീളുന്നു


കേരള ഹൗസില്‍ 204, ആലുവ പാലസില്‍ 107; വിഎസിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഇഷ്ടമുറികള്‍ ഇങ്ങനെ നീളുന്നു

കേരള ഹൗസില്‍ 204, ആലുവ പാലസില്‍ 107; വിഎസിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഇഷ്ടമുറികള്‍ ഇങ്ങനെ നീളുന്നു

ഗസ്റ്റ് ഹൗസുകളില്‍ ഇഷ്ടപ്പെട്ട മുറികള്‍ തന്നെ വേണമെന്ന മോഹവുമായി നേതാക്കള്‍. ഇഷ്ടമുറികള്‍ ഒരുക്കുന്നതിനിടയില്‍ ആരുടെയും ഇഷ്ടക്കേടുകള്‍ക്കിരയാകരുതേ എന്നതു വെറും വ്യാമോഹമെന്ന് അനുഭവത്തിലൂടെ തിരിച്ചറിയുന്ന ഉദ്യോഗസ്ഥര്‍. ഇഷ്ടമുറികളോടുള്ള നേതാക്കളുടെ കമ്പം പലപ്പോഴും വിവാദങ്ങള്‍ക്കുമിടയാക്കുന്നുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തിയ ഉടന്‍ ഇഷ്ടമുറി നല്‍കാന്‍ കഴിയാത്തതിനു കേരള ഹൗസ് അധികൃതര്‍ക്കു മാപ്പു പറയേണ്ടിവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. നാലു വര്‍ഷം മുന്‍പ് ഇതുപോലൊരു മുറി പ്രശ്‌നം കേരള ഹൗസില്‍ ഉണ്ടായെങ്കിലും അന്നത്തെ മുഖ്യമന്ത്രി മൗനം പാലിച്ചതിനാല്‍ വിവാദമായില്ല.

വിഎസിനു കേരള ഹൗസില്‍ 204 നമ്പര്‍ ആണ് ഇഷ്ടമുറി. കഴിഞ്ഞ ദിവസം അദ്ദേഹം ഇവിടെ എത്തിയപ്പോള്‍ ഈ മുറിയില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. മറ്റൊരു വിഐപി മുറിയായ 104 നല്‍കിയെങ്കിലും വിഎസിനു തൃപ്തിയായില്ല. ഇതിനിടയില്‍ മന്ത്രി മുറിയൊഴിഞ്ഞു. വിഎസിന് ഇഷ്ടമുറി തന്നെ നല്‍കി ഉദ്യോഗസ്ഥര്‍ മാപ്പു ചോദിക്കുകയും ചെയ്തു. ഡല്‍ഹിയിലെ കേരള ഹൗസില്‍ മന്ത്രിമാര്‍ക്കും മറ്റും താമസിക്കാനായി മൂന്നു വിഐപി മുറികളാണുള്ളത് 104, 204, 304. ഇതില്‍ 104 താഴത്തെ നിലയിലും 204 ഒന്നാം നിലയിലും 304 രണ്ടാം നിലയിലുമാണ്. മൂന്നു മുറികളും ഒരുപോലെയാണ്‌വലുപ്പത്തിലും സൗകര്യങ്ങളിലും.

നാലു വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കേരള ഹൗസിലെ 204ാം നമ്പര്‍ മുറി മുഖ്യമന്ത്രിക്കും 304 ഗവര്‍ണര്‍ക്കും നീക്കിവച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഒരേ ദിവസം ഡല്‍ഹിയിലെത്തി. ആദ്യമെത്തിയ വിഎസ് 204ാം നമ്പര്‍ മുറിയിലേക്കു പോയി. ഇതിനിടെ ഉമ്മന്‍ ചാണ്ടി കേരള ഹൗസിലെത്തി. മുഖ്യമന്ത്രിക്കായി മുറി ഒഴിയാന്‍ വിഎസ് തയാറായില്ല. ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ പിടിവാശി കാട്ടിയില്ല. 104ാം നമ്പര്‍ മുറിയിലേക്കു മാറി.

ഡല്‍ഹിയില്‍ മുറികളുടെ കാര്യത്തില്‍ പൊതുവേ തര്‍ക്കമുണ്ടാകാറില്ല. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത് 104 ലാണ്. എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രി ഉള്ളപ്പോള്‍ത്തന്നെ കേരളത്തില്‍ നിന്നു ഗവര്‍ണറും എത്താറുണ്ട്. അങ്ങനെ വരുമ്പോള്‍ കരുണാകരന്‍ 204 ലേക്കു മാറാന്‍ മടി കാണിച്ചിരുന്നില്ല. അതേ സമയം, തൃശൂര്‍ രാമനിലയത്തില്‍ പഴയ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള നാലാം നമ്പര്‍ മുറി കെ.കരുണാകരന്റെ ഇഷ്ടമുറിയായിരുന്നു. അദ്ദേഹം ഇല്ലാത്തപ്പോള്‍ പോലും ഈ മുറി മറ്റാര്‍ക്കും നല്‍കിയിരുന്നില്ല. ആലുവ പാലസിന്റെ താഴത്തെ നിലയിലെ 107ാം നമ്പറും പാലക്കാട് നഗരത്തില്‍ ചെമ്പൈ സംഗീത കോളജിനു സമീപം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ എഒന്നുമൊക്കെ വിഎസിന്റെ ഇഷ്ടമുറികളാണ്.

ആലുവ പാലസിലെ 107ാം നമ്പര്‍ മുറി മുഖ്യമന്ത്രിമാര്‍ക്കാണു സാധാരണ നല്‍കാറുള്ളത്. എങ്കിലും മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും വിഎസ് ഈ ഇഷ്ടമുറിയില്‍ താമസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി ആലുവ പാലസിലെത്തി 107ാം മുറിയിലേക്കു നീങ്ങി. പക്ഷേ വിഎസ് ഉള്ളിലുണ്ടെന്നു മനസ്സിലായതോടെ ഉമ്മന്‍ ചാണ്ടി മുകളിലെ മുറികളിലൊന്നിലേക്കു പോയി. ‘അദ്ദേഹം അവിടെ താമസിച്ചോട്ടെ’ എന്നു ജീവനക്കാരോടു പറയുകയും ചെയ്തു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോഴെല്ലാം വിഎസ് ആലുവ പാലസിലെ 107ാം നമ്പര്‍ മുറിയിലേക്ക് എത്തുമായിരുന്നു.

മൂന്നാര്‍ ഒഴിപ്പിക്കലിന്റെ തയാറെടുപ്പുകളും ആലോചനകളും നടത്തിയതും ഇതേ മുറിയിലാണ്. കോട്ടയത്ത് നാട്ടകം ഗെസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പര്‍ മുറി മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ വേണ്ടി മാറ്റിവയ്ക്കുന്നതാണ്. ആ മുറിയുടെ വാതില്‍ മറ്റൊരാള്‍ക്കു കൂടി വേണ്ടി മാത്രമേ തുറക്കാറുള്ളൂ കെ.എം.മാണിക്ക്. മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിക്കു മുറി നിഷേധിച്ച ചരിത്രമുള്ളതാണു പാലക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്.

എന്നാല്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട്ടെത്തിയാല്‍ കെഎസ്ഇബി ഐബിയാണു താമസിക്കാന്‍ തിരഞ്ഞെടുക്കാറ്. അടുത്തയിടെ സംസ്ഥാനത്തെ നേതാക്കളുടെയെല്ലാം ഇഷ്ടമുറിയായിരിക്കുകയാണു കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഒന്നാം നമ്പര്‍ മുറി. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനു പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചത് ഈ മുറിയിലായിരുന്നു. പ്രധാനമന്ത്രി വരുന്നതു പ്രമാണിച്ചു ലക്ഷങ്ങള്‍ മുടക്കി മുറി നവീകരിച്ചു. ഇതിനു ശേഷമാണ് ഈ മുറിക്കു പിടിവലി തുടങ്ങിയത്.