ജീവിതം കടക്കെണിയില്‍; തട്ടുകടയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടി കവിതാലക്ഷ്മിജീവിതം കടക്കെണിയില്‍; തട്ടുകടയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടി കവിതാലക്ഷ്മി


ജീവിതം കടക്കെണിയില്‍; തട്ടുകടയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടി കവിതാലക്ഷ്മി

ജീവിതം കടക്കെണിയില്‍; തട്ടുകടയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടി കവിതാലക്ഷ്മി

നെയ്യാറ്റിന്‍കര: ടിവി സീരിയലുകളിലൂടെ മലയാളി മനസ്സില്‍ ഇടംപിടിച്ച സംസ്ഥാന പുരസ്‌കാര ജേതാവായ നടി ഇപ്പോള്‍ തട്ടുകടയുടെ തണലില്‍. സ്ത്രീധനം പരമ്പരയില്‍ ചാള മേരിയുടെ മരുമകളുടെ വേഷം ഉള്‍പ്പെടെ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച കവിതാലക്ഷ്മിയാണു കടക്കെണിയില്‍നിന്നു കരകയറാന്‍ മൂന്നുകല്ലിന്‍മൂട് റോളന്‍സ് ആശുപത്രിക്കു മുന്നില്‍ തട്ടുകട തുടങ്ങിയത്. 1996ല്‍ മികച്ച പ്രഫഷനല്‍ നാടക നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ എറണാകുളം മുളന്തുരുത്തി സ്വദേശി കവിത പത്തുവര്‍ഷം മുന്‍പാണ് നെയ്യാറ്റിന്‍കരയില്‍ താമസമായത്.

നാടകത്തില്‍നിന്നു സീരിയലിലേക്കു മാറി. ഇടയ്ക്കു സിനിമയിലും അഭിനയിച്ചു. മകന്‍ ആകാശ് കൃഷ്ണയ്ക്കു മികച്ച പഠനം നല്‍കാന്‍ നടത്തിയ ശ്രമമാണു കടക്കെണിയിലാക്കിയത്. സുഹൃത്തിന്റെ മകള്‍ക്കു ലണ്ടനില്‍ മെഡിസിന്‍ എംഡിക്കു പഠിക്കാന്‍ വിവരങ്ങള്‍ ചോദിച്ച് ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയതാണു കവിതയുടെ ജീവിതം മാറ്റിമറിച്ചത്. സംസാരത്തിനിടെ, മകന്‍ ആകാശിനെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിപ്പിക്കാന്‍ തയാറാണോയെന്ന് അവര്‍ ചോദിച്ചു.

ഏജന്‍സി ഉടമയ്ക്കു ലണ്ടനില്‍ മൂന്നു ഹോട്ടലുകള്‍ ഉണ്ട്. പഠനത്തിനൊപ്പം അവിടെ ജോലി ചെയ്യാം. നാലുവര്‍ഷ കോഴ്‌സിന് 50 ലക്ഷം രൂപയാണു ഫീസ് എ?ങ്കിലും വര്‍ഷം 12 ലക്ഷം രൂപ വച്ചു 36 ലക്ഷം തന്നാല്‍ മതിയെന്ന വാഗ്ദാനവും ലഭിച്ചു. സീരിയലില്‍ തിരക്കുള്ളതിനാല്‍ ഇതത്ര പ്രയാസകരമല്ലെന്നു കവിത വിചാരിച്ചു.

മകനൊരു ഭാവിയുണ്ടാകുമല്ലോ. എന്നാല്‍, ആകാശിനു ഹോട്ടല്‍ ജോലിക്കു നിസാരശമ്പളമാണു കിട്ടിയത്. മഞ്ഞുകാലം ഒഴിവാക്കി അവിടെ ആറുമാസമേ ക്ലാസ് ഉള്ളൂ. ആറുമാസം കൊണ്ടു 12 ലക്ഷം രൂപ നല്‍കണം. ഇതൊന്നും ട്രാവല്‍ ഏജന്‍സി പറഞ്ഞിരുന്നില്ല. ആദ്യവര്‍ഷത്തെ ഫീസ് അടച്ചു. ആകാശ് മികച്ച മാര്‍ക്കും നേടി.

ഈ വര്‍ഷം ഫീസ് അടയ്ക്കാനുള്ള കാലാവധി കഴിഞ്ഞു. മകന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി ഓടിനടന്നതിനാല്‍ സീരിയലില്‍ അവസരം കുറഞ്ഞു. തട്ടുകട കൊണ്ടു മകന്റെ പഠനത്തിനുള്ളതു കിട്ടില്ലെന്നു കവിതയ്ക്കറിയാം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തട്ടുകട ജീവിതം എത്രനാളേക്കെന്നും ഉറപ്പില്ല. ആകാശിനെ ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്തിരുന്നെങ്കിലെന്ന് ആശിക്കുകയാണ് അവര്‍. മകള്‍ ഉമാപാര്‍വതി നെയ്യാറ്റിന്‍കര ഗവ. സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.