ദുഃഖങ്ങളുടെ കൂട്ടില്‍ ചിറകറ്റ് ഒരുമ്മദുഃഖങ്ങളുടെ കൂട്ടില്‍ ചിറകറ്റ് ഒരുമ്മ


ദുഃഖങ്ങളുടെ കൂട്ടില്‍ ചിറകറ്റ് ഒരുമ്മ

ദുഃഖങ്ങളുടെ കൂട്ടില്‍ ചിറകറ്റ് ഒരുമ്മ

മക്കളുടെ ചിറകിന് കരുത്താകും മുമ്പ് ഭര്‍ത്താവിന്റെ വേര്‍പാട്, എട്ടു വര്‍ഷമായി തുടരുന്ന ഇളയ മകെന്റ ജയില്‍ വാസം, ഇപ്പോള്‍ മക്കളില്‍ ഒരാളുടെ മരണം. പരപ്പനങ്ങാടി വാണിയം പറമ്പത്ത് കോണിയത്ത് വീട്ടില്‍ ബീയുമ്മയുടെ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. എത്ര നാള്‍ നീളുമെന്ന് നിശ്ചയമില്ലാത്ത പരീക്ഷണം. 31 വയസ്സുള്ള മകന്‍ മുഹമ്മദ് ശരീഫിന്റെ നിശ്ചലമായ ശരീരം കാണേണ്ടിവന്നത് ഈ മാതാവിന് ഇപ്പോഴും അംഗീകരിക്കാനാകുന്നില്ല. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സകരിയ്യയുടെ മാതാവ് ബീയൂമ്മയെ കുറിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീയുമ്മയെ കേരളം അറിയും. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് എട്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സകരിയ്യയുടെ മാതാവ്. സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും നിയമ പോരാട്ടത്തിന്റെയും എട്ടു വര്‍ഷം ബീയുമ്മക്കൊപ്പം ആശ്വാസമായി നിന്ന പ്രിയ മകനാണ് പൊടുന്നനെ വിട്ടു പിരിഞ്ഞത്. പത്തു മാസം മുമ്പാണ് മകെന്റ വിവാഹം കഴിഞ്ഞത്. ആറു മാസം മുമ്പ് ഗള്‍ഫിലേക്ക് തിരിച്ച മകന്‍ തിരിച്ചെത്തിയത് അനക്കമില്ലാതെയാണ്. മുഹമ്മദ് ശരീഫിനെ അവസാനമായി കാണാന്‍ ജയിലില്‍ നിന്ന് സകരിയ്യ എത്തിയെങ്കിലും രണ്ടാമത്തെ മകെന്റ വിയോഗത്തില്‍ തകര്‍ന്നുപോയ ആ ഉമ്മക്ക് ഇളയ മകനെ മുഖമുയര്‍ത്തി നോക്കാന്‍ പോലുമായില്ല. മൃതദേഹത്തിനരികിലും അകമുറിയിലുമായി ബീയുമ്മ വിതുമ്പി, വിറകൊണ്ടു നിന്നു. സഹോദരെന്റ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി ആഹ്ലാദത്തോടെ ജയിലിലേക്ക് മടങ്ങിയ സകരിയ്യക്കും വ്യാഴാഴ്ച ദുഃഖദിനമായി. തടവറയില്‍ എട്ടാണ്ട് കഴിച്ചുകൂട്ടിയതിനേക്കാള്‍, ഈ ഒരു ദിനം കടുത്തതാക്കി.പരപ്പനങ്ങാടി ബീച്ച് റോഡിലെ ‘മുബാറക്ക് മന്‍സിലി’ലേക്കാണ് 10.30ഓടെ മുഹമ്മദ് ശരീഫിന്റെ മൃതദേഹം എത്തിച്ചത്അതിനും കുറച്ച് മിനിറ്റുകള്‍ക്ക് മുമ്പ് കര്‍ണാടക പൊലീസിന്റെ അകമ്പടിയോടെ സകരിയ്യ എത്തി. 2009 ഫെബ്രുവരിയില്‍ സകരിയ്യയുടെ അറസ്റ്റിന് പിറകെ ബീയുമ്മയും മക്കളും അവരുടെ സഹോദരെന്റ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സകരിയ്യയെ പറ്റി കള്ളക്കഥകള്‍ പ്രചരിച്ച നാള്‍, ഉറ്റവര്‍പോലും സംശയിച്ച നാള്‍, തീവ്രവാദിയുടെ ഉമ്മയെന്ന് പൊലീസും മാധ്യമങ്ങളും മുദ്രകുത്തിയ നാള്‍... ഈ വീടിന്റെ തണലിലാണിവര്‍ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ചത്.

സകരിയ്യ കേസ് പുറം ലോകത്തെത്തുകയും ജനങ്ങള്‍ക്ക് നിരപരാധിത്വം ബോധ്യപ്പെടുകയും ചെയ്തതിന്റെ ആശ്വാസത്തിലായിരുന്നു ബീയുമ്മ. പ്രയാസങ്ങള്‍ക്കിടയിലും മുഹമ്മദ് ശരീഫിന്റെ വിവാഹം കഴിഞ്ഞതോടെ എല്ലാം സാധാരണ രീതിയിലേക്ക് മടങ്ങി വരികയായിരുന്നു. കേസ് ഉടന്‍ തീരുമെന്നും സകരിയ്യ മോചിതനാകും എന്ന വാര്‍ത്തകളും ആശ്വാസമായി. അതെല്ലാം ബുധനാഴ്ച രാത്രി ഒരു മരണവാര്‍ത്ത എത്തിയതോടെ തകിടം മറിഞ്ഞു. ജയിലിലാണെങ്കിലും എന്നെങ്കിലും മടങ്ങി വരുമെന്ന പ്രതീക്ഷ സകരിയ്യയെകുറിച്ചു ബാക്കിയുണ്ട്. എന്നാല്‍, മുഹമ്മദ് ശരീഫിനെ കുറിച്ച് ഇനി അതില്ലല്ലോ.