ടിപി കേസ് പ്രതികളുടെ ഫോണ്‍ ഉപയോഗം രണ്ട് നേതാക്കള്‍ ഉള്‍പ്പെടെ 18 പ്രതികള്‍ടിപി കേസ് പ്രതികളുടെ ഫോണ്‍ ഉപയോഗം രണ്ട് നേതാക്കള്‍ ഉള്‍പ്പെടെ 18 പ്രതികള്‍


ടിപി കേസ് പ്രതികളുടെ ഫോണ്‍ ഉപയോഗം രണ്ട് നേതാക്കള്‍ ഉള്‍പ്പെടെ 18 പ്രതികള്‍

ടിപി കേസ് പ്രതികളുടെ ഫോണ്‍ ഉപയോഗം രണ്ട് നേതാക്കള്‍ ഉള്‍പ്പെടെ 18 പ്രതികള്‍

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ നാലുവര്‍ഷത്തിനുശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം. നേതാക്കളായ പി.കെ. കുഞ്ഞനന്തനും കെ.സി. രാമചന്ദ്രനും ഏഴ് കൊലയാളിസംഘാംഗങ്ങളും ഉള്‍പ്പെടെ പതിനെട്ടുപേരെ പ്രതിചേര്‍ത്തതാണ് കുറ്റപത്രമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല. ടി.പി. വധക്കേസിലെ കൊലയാളിസംഘാംഗങ്ങളായ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, കൊടി സുനി, കിര്‍മാണി മനോജ്, കെ. ഷനോജ്, എം.സി. അനൂപ്, അണ്ണന്‍ സിജിത്ത് എന്നിവരാണ് ഈ കേസില്‍ ആദ്യ ഏഴുപ്രതികള്‍.സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.സി. രാമചന്ദ്രന്‍ ഒമ്പതാം പ്രതിയും സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍ പത്താം പ്രതിയുമാണ്.

ജയിലുള്ള പ്രതികള്‍ക്ക് സിംകാര്‍ഡ് കോടതി വരാന്തയിലും മറ്റ് പലയിടങ്ങളിലും എത്തിച്ചുകൊടുത്ത രാഹുല്‍, രമിത്ത്, പി.എ. രാഹുല്‍, പി.വി. ഫൈസല്‍, വിജിത്ത് കുമാര്‍, പ്രത്യുഷ്, അജേഷ് കുമാര്‍, അക്ഷയ്, രജിത്ത് എന്നിവരാണ് മറ്റ് ഒമ്പത് പ്രതികള്‍. പതിനെട്ട് പ്രതികളും ജയില്‍ ചട്ടലംഘനത്തിനുള്ള മൂന്ന് വകുപ്പുകള്‍പ്രകാരം (കെ.പി.സി.എസ്.86(1),(2),(3)വകുപ്പുകള്‍) കുറ്റക്കാരാണെന്നാണ് കുറ്റപത്രം.

2013 സെപ്റ്റംബര്‍മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചു, മറ്റ് ഫോണുകളിലേക്ക് വിളിച്ചു, ഫെയ്സ്ബുക്ക് ഉപയോഗിച്ചു തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേയുള്ള കുറ്റം. തടവറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതികള്‍ സ്വന്തം ചിത്രങ്ങള്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജയിലിലെ കക്കൂസിന്റെ പൈപ്പില്‍നിന്നും സെപ്റ്റിക് ടാങ്കില്‍നിന്നും നിരവധി മൊബൈല്‍ഫോണുകളും ഫോണ്‍ ബാറ്ററികളും സിം കാര്‍ഡുകളും മെമ്മറികാര്‍ഡുകളും കണ്ടെടുത്തു.

സെല്ലിന്റെ കക്കൂസ് പൈപ്പില്‍നിന്ന് ലഭിച്ച ഫോണുകളുപയോഗിച്ച് പ്രതികള്‍ വീട്ടിലേക്കും കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ ബന്ധപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍, ജയിലിനുള്ളില്‍നിന്ന് ലഭിച്ച ഫോണ്‍ ഉപയോഗിച്ചാണ് ഫെയ്സ്ബുക്ക് ഉപയോഗിച്ചതെന്ന് തെളിയിക്കാനായിട്ടില്ല.

ഇതിനുവേണ്ടി ഫെയ്സ്ബുക്കിന് കോഴിക്കോട് കോടതി തന്നെ ‘ലെറ്റര്‍ ഓഫ് റൊഗേറ്ററി’ (ഒരു ഇന്ത്യന്‍ കോടതി ഒരു വിദേശ കോടതിക്ക് അയക്കുന്ന സഹായാഭ്യര്‍ഥനക്കത്ത്) അയച്ചെങ്കിലും ഫലമുണ്ടായില്ല. കേസിലെ പ്രതികളായ സി.പി.എം. നേതാക്കളും ടി.പി. കൊലയാളി സംഘാംഗങ്ങളും ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിക്കുകയാണ്.2013 ഡിസംബര്‍ രണ്ടിന് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കസബ സി.ഐ.മാരായ ബാബു പെരിങ്ങത്ത്, എന്‍. ബിശ്വാസ് എന്നിവര്‍ അന്വേഷിച്ച കേസില്‍ സി.ഐ. പി. പ്രമോദാണ് കുറ്റപത്രം സമര്‍പ്പിച്ചത്.