എല്‍ഡിഎഫിനെ ജയിപ്പിച്ച 'എല്ലാം ശരിയാവും' മുദ്രാവാക്യം ആരുടേത്? മുന്നണികളുടെ ക്യാമ്പെയ്ന്‍ മാനേജര്‍മാരിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍

May 19, 2016, 11:42 am
എല്‍ഡിഎഫിനെ ജയിപ്പിച്ച 'എല്ലാം ശരിയാവും' മുദ്രാവാക്യം ആരുടേത്? മുന്നണികളുടെ ക്യാമ്പെയ്ന്‍ മാനേജര്‍മാരിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍
NEWS
NEWS
എല്‍ഡിഎഫിനെ ജയിപ്പിച്ച 'എല്ലാം ശരിയാവും' മുദ്രാവാക്യം ആരുടേത്? മുന്നണികളുടെ ക്യാമ്പെയ്ന്‍ മാനേജര്‍മാരിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍

എല്‍ഡിഎഫിനെ ജയിപ്പിച്ച 'എല്ലാം ശരിയാവും' മുദ്രാവാക്യം ആരുടേത്? മുന്നണികളുടെ ക്യാമ്പെയ്ന്‍ മാനേജര്‍മാരിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍

ഞങ്ങള്‍ വന്നാല്‍ 'എല്ലാം ശരിയാവു'മെന്ന വാഗ്ദാനം, അതല്ല നാട് വളരണമെങ്കില്‍ ഞങ്ങളാണ് തുടരേണ്ടതെന്ന തിരുത്ത്, ഇത് രണ്ടുമല്ല കേരളം വഴിമുട്ടിയിരിക്കുകയാണെന്നും വഴി കാട്ടണമെങ്കില്‍ ഞങ്ങള്‍ വരേണ്ടിവരുമെന്നുമുള്ള വിദൂരശബ്ദം. പതിനാലാം കേരള നിയമസഭയില്‍ എല്‍ഡിഎഫ് മതി എന്ന് മലയാളികള്‍ തീരുമാനിച്ചതിന് പിന്നില്‍ അവരുടെ പ്രചരണ മുദ്രാവാക്യത്തിനും ഒരു പങ്കുണ്ട്. വെള്ളയടിച്ച ചുവരുകളില്‍ നീലയും ചുവപ്പും അക്ഷരങ്ങളില്‍ 'തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍'ആഹ്വാനമെഴുതിയ കാലത്തുനിന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണരംഗം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുന്‍നിര പരസ്യകമ്പനികളായിരുന്നു ഇത്തവണ മൂന്ന് മുന്നണികളുടെയും പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. എല്‍ഡിഎഫിന് വേണ്ടി മൈത്രി അഡ്വര്‍ടൈസിംഗ്, യുഡിഎഫിന് വേണ്ടി പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍, എന്‍ഡിഎയ്ക്ക് വേണ്ടി ഗ്രാഫിന്‍ കമ്യൂണിക്കേഷന്‍ എന്നീ സ്ഥാപനങ്ങളാണ് പരസ്യപ്രചരണം നടത്തിയത്. മുന്നണികളുടെ ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നു? അവ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?  കണ്ണുടക്കിയ പരസ്യങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ സംസാരിക്കുന്നു..

മുദ്രാവാക്യം വേണ്ടെന്ന് തീരുമാനിച്ചിരുന്നു; 'ട്രോളുകള്‍' മുന്‍കൂട്ടി കണ്ടിരുന്നു

(ആര്‍.വേണുഗോപാല്‍, ക്രിയേറ്റീവ് ഡയറക്ടര്‍, മൈത്രി അഡ്വര്‍ടൈസിങ്)

ഇടത് മുന്നണിക്ക് ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കണമെന്നായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ പ്രാഥമിക നിര്‍ദേശം. പ്രധാന വാചകത്തിന് ഒരു മുദ്രാവാക്യസ്വഭാവം ഉണ്ടാവരുതെന്നും പറഞ്ഞിരുന്നു. മുദ്രാവാക്യങ്ങള്‍ എഴുതാന്‍ നമ്മളേക്കാള്‍ കഴിവുള്ള എത്രയോപേര്‍ പാര്‍ട്ടിയിലുണ്ട്. അപ്പോള്‍ അതുവേണ്ട ഒരു ക്യാച്ച്‌ലൈനാണ് ആവശ്യപ്പെട്ടത്. പല ഓപ്ഷന്‍സും കൊടുത്തിരുന്നു. അതില്‍നിന്നാണ് 'എല്‍ഡിഎഫ് വരും എല്ലാം ശരിയാവും' എന്ന 'വാഗ്ദാന'ത്തിലേക്ക് എത്തുന്നത്. ഭരണത്തിലിരിക്കുന്നവരേക്കാള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കാവും ഒരു വാഗ്ദാനം നല്‍കാനാവുക, അതാവും ജനം കൂടുതല്‍ വിശ്വസിക്കുക.

നിലവില്‍ എന്തോ കുഴപ്പമുണ്ടെന്ന് ആ വാക്യത്തിലൂടെ മനസിലാക്കാന്‍ പറ്റും, എന്നാല്‍ അത് ശരിയാക്കാന്‍ പറ്റുന്നതാണെന്നും. ആ വലിയൊരു പ്രോമിസില്‍ ചവുട്ടിനിന്നുകൊണ്ട് ക്യാംപെയ്‌നിലൂടെ അതിനെ സാധൂകരിച്ച്, എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് വിശദീകരിച്ചുള്ള ഒരു പ്രചരണമായിരുന്നു ലക്ഷ്യമാക്കിയത്. ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഒരു ക്യാംപെയ്ന്‍. ഞങ്ങള്‍ക്ക് വര്‍ക് ചെയ്യാനായും ഒന്നര-രണ്ട് മാസം ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയ ഇത്ര സജീവമായ ഒരു കാലത്ത് നമ്മള്‍ എന്തുതരം കമ്യൂണിക്കേഷന്‍ നടത്തിയാലും അതിനുമേല്‍ ട്രോളിംഗ് ഉണ്ടാവുമെന്നും അറിയാമായിരുന്നു. ചര്‍ച്ചകളുടെ സമയത്ത്തന്നെ നേതാക്കളുമായും ഇക്കാര്യം സംസാരിക്കുകയും അവര്‍ക്കത് ബോധ്യമാവുകയും ചെയ്തിരുന്നു. 'എല്‍ഡിഎഫ് വരും എല്ലാം ശരിയാവും' എന്ന് നമ്മള്‍ പറയുമ്പോള്‍ 'ഇപ്പൊ ശരിയാക്കിത്തരാം' എന്ന ഒരു ട്രോളാണ് ആദ്യം വരികയെന്നതും അറിയാമായിരുന്നു. ഒരുപക്ഷേ ആ പരസ്യവാചകത്തിന്റെ പ്രചാരം വര്‍ധിപ്പിച്ചതില്‍ സോഷ്യല്‍ മീഡിയയ്ക്ക് പങ്കുണ്ട്, ട്രോളുകള്‍ക്കും. പിന്നെ ഞങ്ങളുടെ ഇടയിലുള്ള ഒരു പറച്ചിലുണ്ട്. ഏത് തരം പബ്ലിസിറ്റിയും നല്ല പബ്ലിസിറ്റിയാണെന്ന്. നെഗറ്റീവ് പബ്ലിസിറ്റി എന്ന ഒരു സാധനമേ ഇല്ലെന്ന്.

നാല് വാചകങ്ങളാണ് അന്തിമമായി ഞങ്ങള്‍ കൊടുത്തത്. അതില്‍ നിന്നാണ് ഒന്ന് തെരഞ്ഞെടുത്തത്. നാലെണ്ണത്തില്‍ ഓരോന്നിനും വരാനിടയുള്ള ട്രോളുകള്‍ സഹിതമാണ് സമര്‍പ്പിച്ചതെന്നാണ് രസകരമായ വസ്തുത. മറ്റ് ബ്രാന്റുകളുടെ പരസ്യം ചെയ്യുമ്പോഴുള്ള പ്രൊഫഷണലിസം തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഉണ്ടായിരുന്നത്. പാര്‍ട്ടിയുടെ സമീപനവും വളരെ കൃത്യതയുള്ളതായിരുന്നു. ആകെയുള്ള വ്യത്യാസം ഏത് മണിക്കൂറില്‍ വിളിച്ചാലും ഞങ്ങളുടെ സേവനം ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് പറഞ്ഞിരുന്നു. കാരണം രാഷ്ട്രീയം എന്നത് വളരെ ചലനാത്മകമായ ഒന്നാണ്. നാളെ സംഭവിക്കുന്നത് എന്താണെന്ന് പറയാനാവില്ല. അതിനാല്‍ ഏത് നിമിഷവും പ്രവര്‍ത്തനസജ്ജരാവേണ്ടി വന്നേക്കാം എന്ന് പറഞ്ഞിരുന്നു.

വളരെ വ്യക്തതയുള്ള ഒരു കാര്യമാണ് നമുക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നത്. അത് തീര്‍ച്ഛയായും അഴിമതിയെക്കുറിച്ചായിരുന്നു. പിന്നെയൊന്ന് 'നിരുത്തരവാദപരമായ വികസന'മായിരുന്നു. കൃത്യമായ ഒരു പുനരധിവാസമോ ഒന്നും നടത്താതെയുള്ള വികസനം. രോഗം പെട്ടെന്ന് ശമിക്കാനായി അപകടകരമായ അനന്തരഫലങ്ങള്‍ ഉള്ള ഒരു മരുന്ന് കൊടുക്കുന്നത് പോലെ. മനുഷ്യത്വമില്ലാത്ത ഒരു വികസന കാഴ്ചപ്പാടായാണ് നമ്മള്‍ അതിനെ കണ്ടത്.

മൂന്ന് ഘട്ടങ്ങളായി ആയിരുന്നു ക്യാംപെയ്ന്‍. ആദ്യഘട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വാചകം അവതരിപ്പിക്കുക എന്നതായിരുന്നില്ല ലക്ഷ്യം. വാചകം അതിന്റെ പഞ്ച് കൊണ്ട് കേറിപ്പോയതാണ്. വികസനത്തെക്കുറിച്ചൊക്കെയുള്ള ഇടതിന്റെ കാഴ്ചപ്പാടാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. വികസനം എന്നത് പരിസ്ഥിതിയെ മറന്നുകൊണ്ടാവരുത്, ഏറ്റവും താഴേത്തട്ടില്‍വരെ അതെത്തണം, കാര്‍ഷിക മേഖലയിലേക്കും എത്തണം എന്നൊക്കെ. പിന്നീട് അഴിമതിയ്ക്കും വര്‍ഗീയതയ്ക്കുമെതിരേയുള്ള നിലപാടും. രണ്ട് തവണയൊക്കെ കണ്ടാല്‍മാത്രം മനസിലാവുന്ന പരസ്യബോര്‍ഡുകളായിരുന്നു ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. പിന്നീട് മാത്രമാണ് നേതാക്കളെ അതിലേക്ക് കൊണ്ടുവന്നത്.

ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ക്യാംപെയ്‌നില്‍ വലിയ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ല. വര്‍ഗീയത, മതേതരത്വം എന്നീ കാര്യങ്ങള്‍ പക്ഷേ നമ്മള്‍ കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. മതത്തിനെതിരല്ല, പക്ഷേ മതവും രാഷ്ട്രീയവും ഒന്നിക്കുന്നതിനെ എതിര്‍ക്കുന്നു എന്നതാണ് പറയാനുണ്ടായിരുന്നത്. ഒരു 75 ശതമാനവും യുഡിഎഫ് സര്‍ക്കാരിനെത്തന്നെയാണ് ലക്ഷ്യം വച്ചിരുന്നത്.

പിന്നെ ക്യാംപെയ്‌നുകളിലൂടെ മാത്രമല്ല ഒരു തെരഞ്ഞെടുപ്പും വിജയിക്കുന്നത്. അത് വിഷയങ്ങളിലൂടെയാണ്. ആ വിഷയങ്ങളെ എത്രത്തോളം ജനങ്ങളിലെത്തിക്കാം എന്നതിലാണ് ഞങ്ങളുടെ വിജയം.

പറയാനുണ്ടായിരുന്നത് യുഡിഎഫിലെ ഐക്യവും വികസനവും, ആരോപണങ്ങള്‍ക്ക് മറുപടി വേണ്ടെന്ന് തീരുമാനിച്ചിരുന്നു

(വി.എ.ശ്രീകുമാര്‍, ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍)

ക്യാംപെയ്ന്‍ മാര്‍ച്ച് മധ്യത്തോടെതന്നെ തുടങ്ങിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ തയ്യാറെടുപ്പുള്ള സംഘമായിരുന്നു ഇത്തവണ യുഡിഎഫ്. രണ്ട് കാര്യങ്ങളാണ് പ്രാഥമികമായി ഞങ്ങള്‍ക്ക് ജനങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യാനുണ്ടായിരുന്നത്. ഒന്നാമതായി യുഡിഎഫ് ഒറ്റക്കെട്ടാണ് എന്നത്. എല്‍ഡിഎഫ് വിജയം നേടിയ പലകാലത്തും യുഡിഎഫില്‍ അനൈക്യമുണ്ടായിരുന്നു. കോണ്‍ഗ്രസിലും പലപ്പോഴും അങ്ങനെ ആയിരുന്നു. 'എ'യും 'ഐ'യും ഒക്കെത്തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നില്ല എന്നത് പറയേണ്ടിയിരുന്നു. ഒരു വിഷ്വല്‍ വഴിയാണ് ആളുകളിലേക്ക് അതെത്തിച്ചത്. യുഡിഎഫിലുള്ള എല്ലാ പാര്‍ട്ടികളുടെയും കൊടികള്‍ ഒരു കൈക്കുള്ളില്‍ ചേര്‍ത്തുപിടിച്ച ഒരു ചിത്രമാണ് ഈ ആശയം പറയാനായി ഉപയോഗിച്ചത്.

പിന്നീട് നമുക്ക് പറയാനുണ്ടായിരുന്നത് ഭരണത്തുടര്‍ച്ചയെക്കുറിച്ചാണ്. എന്തുകൊണ്ട് ഭരണത്തുടര്‍ച്ച ഉണ്ടാവണം? അതിന് കാരണമായി ചൂണ്ടിക്കാട്ടേണ്ടിയിരുന്നത് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ്. അവയെക്കുറിച്ചുള്ള കാര്യങ്ങള്‍ താഴേത്തട്ടിലുള്ള ആളുകളില്‍ വരെ എത്തിക്കേണ്ടിയിരുന്നു. മുന്‍പത്തെ സര്‍ക്കാരുകള്‍ക്ക് അത് യുഡിഎഫ് ആണെങ്കിലും എല്‍ഡിഎഫ് ആണെങ്കിലും തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. അതൊരു യാഥാര്‍ഥ്യമാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലൂടെ മാത്രമാണ് അത്തരം കാര്യങ്ങള്‍ ജനങ്ങളിലെത്തിയിരുന്നത്. യുഡിഎഫിലെ ഐക്യവും ഭരണത്തുടര്‍ച്ചയും, ഈ രണ്ട് ബ്രീഫുകളാണ് പ്രധാനമായും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്.

നമ്മുടെ നാടിന് വളര്‍ച്ചയില്ലെന്നുള്ളത് കാലാകാലങ്ങളായുള്ള പൊതുഅഭിപ്രായമാണ്. വികസനം കേരളത്തിലും ഉണ്ടാവണമെന്നുള്ളത് എപ്പോഴുമുള്ള ആഗ്രഹവുമാണ്. അപ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട്‌പോയാലാണ് കാര്യങ്ങള്‍ മാറുക. അതിനായി ഇപ്പോഴത്തെ സര്‍ക്കാര്‍ തുടരണം. അക്കാര്യം 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്ന ലളിതവാചകത്തിലൂടെ അങ്ങ് പറഞ്ഞു. അതിന് തുടര്‍ച്ചയായി 'ഒരുവട്ടം കൂടി യുഡിഎഫ് സര്‍ക്കാര്‍' എന്ന ആഹ്വാനവും. ഭരണത്തുടര്‍ച്ച എന്തുകൊണ്ട് വേണമെന്നുള്ളതിന്റെ കാരണങ്ങള്‍ ക്യാംപെയ്ന്‍ മുന്നോട്ടുപോകുന്നതനുസരിച്ച് വിശദീകരിക്കേണ്ടിയിരുന്നു. ഇതായിരുന്നു ഒരു ടോട്ടല്‍ പ്ലാന്‍. ആഴത്തിലുള്ള ഒരു റിസര്‍ച്ചിന് ശേഷമാണ് പരസ്യവാചകം തയ്യാറാക്കിയത്. ആകെ ഒരു ഒറ്റ വാചകം മാത്രമേ തയ്യാറാക്കിയിരുന്നുള്ളൂ. അത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പരസ്യങ്ങളില്‍ ശ്രമിച്ചതേയില്ല. കാരണം ഭൂരിഭാഗം ആരോപണങ്ങളും ആരോപണങ്ങളായിത്തന്നെ നില്‍ക്കുകയാണ്. ഞങ്ങള്‍ നടത്തിയ ഒരു റിസര്‍ച്ചില്‍ നിന്ന് ബോധ്യമായത് തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ക്ക് ജനം വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ലെന്നാണ്.

2006ല്‍ ആണല്ലോ കേരളത്തില്‍ ഒരു ഇടത് തരംഗമുണ്ടായത്? പ്രതിപക്ഷനേതാവായിരുന്ന വിഎസില്‍ അന്ന് കേരളത്തിലെ ബഹുഭൂരിപക്ഷവും വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. ആ പ്രതീക്ഷയാണ് അന്ന് ഒരു വലിയ തരംഗമായി മാറിയത്. പക്ഷേ ഇന്ന് സര്‍ക്കാരിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളുടെ ആഴത്തിലേക്ക് പോയി വലിയ വിഷയമാക്കി മാറ്റാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫിനെ ഭയപ്പെടുത്തുന്ന തലത്തിലേക്ക് അഴിമതി ആരോപണങ്ങള്‍ എത്തിയിട്ടില്ല എന്നതിനാല്‍ അത്തരം കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.

എക്‌സിറ്റ് പോളുകളെ വിശ്വസിക്കാനായിരുന്നില്ല. ഞാന്‍ യുഡിഎഫ് പ്രചരണത്തിന്റെ ഒരു ക്രിയേറ്റീവ് പാര്‍ട്‌നര്‍ മാത്രമായിരുന്നില്ല, ഒരു സ്ട്രാറ്റജിക് പാര്‍ട്‌നര്‍ കൂടിയായിരുന്നു. 135 ഓളം മണ്ഡലങ്ങളില്‍ രണ്ട് പ്രാവശ്യം നേരിട്ട് പോയിരുന്നു. ഭരണവിരുദ്ധ തരംഗമോ ഇടത് തരംഗമോ ഒന്നും എവിടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

പിന്നെ ഒരു പ്രധാന വിഷയം യുഡിഎഫിന്റെ മദ്യനയമായിരുന്നു. സ്ത്രീകള്‍ക്കിടയില്‍ നടത്തിയ റിസര്‍ച്ച് പ്രകാരം 45 ശതമാനത്തിലേറെപ്പേര്‍ അംഗീകരിച്ച മദ്യനയമാണിത്. പിന്നെ ഇതേക്കുറിച്ചുള്ള എല്‍ഡിഎഫിന്റെ അഭിപ്രായത്തില്‍ അവ്യക്തതയുണ്ട്. അത് സ്ത്രീകളില്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു ഭയമുണ്ട്. ആ ഭയത്തെ ഞങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു 25 ശതമാനത്തിന് ഇപ്പോഴത്തെ നയത്തോട് എതിര്‍പ്പില്ല. ഏകദേശം 70ശതമാനം സ്ത്രീകള്‍ക്കും താല്‍പര്യമുള്ള മദ്യനയമാണ് ഇപ്പോഴത്തേത്. അതെന്തായാലും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പ്രചരണത്തില്‍ 'കാവി' കുറച്ചു

(ജോയ്‌സ്.സി.ജോസ്, ഗ്രാഫിന്‍ കമ്യൂണിക്കേഷന്‍)

ബിജെപിയുടെ പ്രധാന നേതാക്കളുമായി പല തവണ നടത്തിയ ചര്‍ച്ചകളിലൂടെയാണ് 'വഴിമുട്ടിയ കേരളം വഴി കാട്ടാന്‍ ബിജെപി' എന്ന വാചകം ഉറപ്പിച്ചത്. പ്രചരണത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും മറ്റൊരു വാചകവും ഉപയോഗിച്ചിരുന്നു. 'പുതിയ തീരുമാനം, പുതിയ കേരളം' എന്നതായിരുന്നു അത്. വോട്ടെടുപ്പിന് തൊട്ട്മുന്‍പ് 15, 16 തീയ്യതികളിലാണ് രണ്ടാമത്തെ വാചകം ഉപയോഗിച്ച് തുടങ്ങിയത്. മാര്‍ച്ച് 17നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.

ആദ്യം സമര്‍പ്പിച്ച വാചകങ്ങളില്‍ 'വഴി മുട്ടിയ കേരള'ത്തിലൊഴികെ 'ബിജെപി' ഉപയോഗിച്ചിരുന്നില്ല. ഈ വാചകം പരസ്യങ്ങളിലുപയോഗിക്കുമ്പോള്‍ ബേസ് ലൈനിനോട് ചേര്‍ന്ന് ബിജെപി എന്ന പേര് വരുന്നുണ്ട്. ആ വാചകം തെരഞ്ഞെടുക്കാന്‍ അതും ഒരു കാരണമാണെന്ന് തോന്നുന്നു.

ബിജെപിയില്‍ നിന്ന് ഒരു വലിയ ബ്രീഫിംഗ് ലഭിച്ചതിന് ശേഷമല്ല ഞങ്ങളുടെ ക്രിയേറ്റീവ് സൈഡ് ജോലി ആരംഭിച്ചത്. മറിച്ച് എന്താണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യത, എങ്ങനെ ആളുകളെ അതിലേക്ക് എത്തിക്കാം എന്നൊക്കെയുള്ള കാര്യങ്ങള്‍ ആലോചിച്ച് വര്‍ക് ആരംഭിക്കുകയായിരുന്നു. ക്യാംപെയ്ന്‍ ശ്രദ്ധിച്ചാലറിയാം ബിജെപിയുടെ പ്രാഥമികമായ വര്‍ണങ്ങള്‍ പരസ്യത്തില്‍ മാറ്റിയിരുന്നു. കാവി നിറം കുറവാണ് ഉപയോഗിച്ചത്. 'മത പരിവേഷം' മാറ്റിനിര്‍ത്തി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ത്തന്നെ പ്രസന്റ് ചെയ്യാനാണ് ശ്രമിച്ചത്. നമ്മുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പാര്‍ട്ടി നേതൃത്വം അംഗീകരിക്കുകയും സഹകരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഉള്‍പ്പെടെയുള്ള ലോഗോ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യ ശ്രമം. അതിനായി ആശ്രയിച്ചത് ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളാണ്. തിരുവനന്തപുരത്തായിരുന്നു ലോഗോ ലോഞ്ചിംഗ്. അന്നുതന്നെ കേരളത്തിലെമ്പാടും ഹോര്‍ഡിംഗുകള്‍ വച്ചു. ലോഗോ ജനങ്ങളുടെ മനസില്‍ എത്തിയെന്ന് തോന്നിയതിനുശേഷമാണ് പ്രചരണത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചത്. ആദ്യം ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള 'നെഗറ്റീവ്' ഹോര്‍ഡിംഗ്‌സാണ് സ്ഥാപിച്ചത്, ചോദ്യരൂപത്തില്‍. പിന്നീടാണ് പോസിറ്റീവ് ഹോര്‍ഡിംഗുകള്‍ ചെയ്തത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒരു പ്രത്യേകത ആവശ്യത്തിന് സമയം ഉണ്ടായിരുന്നു എന്നതാണ്. പ്രചരണത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരുന്നു. അതില്‍ രണ്ടും മൂന്നും ഏകദേശം ഒരുമിച്ചാണ് നടത്തിയത്.