‘ആരും അപ്പച്ചന്റെ ശബ്ദം കേട്ടില്ല, അതാണ് ഞാന്‍ പെട്ടെന്ന് പറഞ്ഞത്’; പൊലീസ് ‘അങ്കിളിനെ’ വിറപ്പിച്ച അലന്‍ പറയുന്നു

August 11, 2017, 10:08 am
‘ആരും  അപ്പച്ചന്റെ ശബ്ദം കേട്ടില്ല, അതാണ് ഞാന്‍ പെട്ടെന്ന് പറഞ്ഞത്’; പൊലീസ് ‘അങ്കിളിനെ’ വിറപ്പിച്ച അലന്‍ പറയുന്നു
Kerala
Kerala
‘ആരും  അപ്പച്ചന്റെ ശബ്ദം കേട്ടില്ല, അതാണ് ഞാന്‍ പെട്ടെന്ന് പറഞ്ഞത്’; പൊലീസ് ‘അങ്കിളിനെ’ വിറപ്പിച്ച അലന്‍ പറയുന്നു

‘ആരും അപ്പച്ചന്റെ ശബ്ദം കേട്ടില്ല, അതാണ് ഞാന്‍ പെട്ടെന്ന് പറഞ്ഞത്’; പൊലീസ് ‘അങ്കിളിനെ’ വിറപ്പിച്ച അലന്‍ പറയുന്നു

'യതീഷ് ചന്ദ്ര സാര്‍ ജഡ്ജിയോട് സംസാരിക്കുന്നതിനിടയില്‍ സാര്‍ സാര്‍ എന്ന് വിളിച്ച് എന്റെ അപ്പന്‍ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആരും പക്ഷെ അപ്പച്ചന്റെ ശബ്ദം കേട്ടില്ല, അതാണ് ഞാന്‍ പെട്ടെന്ന് കയറിപ്പറഞ്ഞത്'. ഒരൊറ്റ സിറ്റിങിലൂടെ കേരളത്തിന് മുമ്പില്‍ പുതുവൈപ്പുകാരുടെ സമരവീര്യത്തിന്റെ മുഖമായി മാറിയ ഏഴ് വയസുകാരന്‍ അലന്‍ നിഷ്കളങ്കമായി പറഞ്ഞു.

ഒരു ദിവസം കൊണ്ട് താന്‍ സ്റ്റാറായി തീര്‍ന്നത് ഒന്നും അലന്‍ അറിഞ്ഞിട്ടില്ല. മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങിനിടെ യതീഷ് ചന്ദ്രയെ ചൂണ്ടി മൊഴി കൊടുത്ത സാഹചര്യം വിശദീകരിച്ച് മാധ്യമം ദിനപ്പത്രത്തോട് സംസാരിക്കുകയായിരുന്നു അലന്‍. ബുധനാഴ്ച്ച നടന്ന സിറ്റിങിലാണ് അലന്‍ പൊലീസ് അങ്കിളിനെ വിറപ്പിച്ചത്. അച്ഛനെയും സഹോദരങ്ങളെയും കൂട്ടുകാരെയും പൊലീസ് മര്‍ദിച്ചത് കണ്ടാണ് അലന്‍ ആവേശത്തോടെ സിറ്റിങില്‍ സംസാരിച്ചത്.

പിറ്റേദിവസം സ്കൂളിലെ ടീച്ചര്‍മാരെല്ലാം അലനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് വിശേഷം ഒക്കെ ചോദിച്ചറിഞ്ഞു. കൂട്ടുകാരും ആവേശത്തിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതി ജംങ്ഷനില്‍ രണ്ട് മക്കളെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് പൊലീസിനെ തടുക്കുന്ന നെല്‍സണിന്റെ ചിത്രം വലിയ ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചത്. മാസങ്ങളായി മക്കള്‍ സമരപ്പന്തലിലായിരുന്നു എന്ന് നെല്‍സണ്‍ പറയുന്നു. സ്കൂള്‍ അവധി ദിവസങ്ങളില്‍ ഇവിടെയുള്ള ഒരു കുട്ടിയപം കളിക്കാന്‍ പോലും പോയിട്ടില്ല. ആ ഊര്‍ജമായിരിക്കാം മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ നിര്‍ഭയം സംസാരിക്കാന്‍ അലനെ പ്രചോദിപ്പിച്ചതെന്നും നെല്‍സണ്‍ പറയുന്നു. കുഞ്ഞ് അലന്‍ ‘അങ്കിളിനെ’ വിറപ്പിച്ച സംഭവം ഹിറ്റായതോടെ, അഭിനന്ദനപ്രവാഹമാണ് ഈ വീട്ടിലേക്ക്.

സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിച്ചിട്ടില്ലെന്നും ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്തവരെ നീക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. സമരക്കാരെ പോലീസ് മര്‍ദ്ദിക്കുന്നത് നേരില്‍കണ്ടുവെന്ന് അലന്‍ ഭയമില്ലാതെ, തെളിച്ച് മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കുകയായിരുന്നു.

വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്

നേരത്തെ വിശദീകരണം പത്രികയായി സമര്‍പ്പിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടതോടെയാണ് ഡിസിപി കമ്മീഷന് മുമ്പാകെ ഹാജരായത്. ഗതാഗതം തടസപ്പെടുത്തിയപ്പോള്‍ പുരുഷന്മാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമെ ചെയ്തിട്ടുളളുവെന്നാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. പൊലീസ് വാഹനത്തിന് തടസം നിന്ന് പ്രതിഷേധിച്ച പുരുഷന്മാരായ സമരക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് അവരെ നീക്കം ചെയ്തത്. ഇവര്‍ ഇവിടെ നിന്നും മാറാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റേണ്ടി വന്നത്. ഹൈക്കോടതിയില്‍ അടക്കം കയറി പ്രതിഷേധിക്കാനുളള സാഹചര്യവും ഉണ്ടായിരുന്നു. പ്രധാനമന്ത്രി വരുന്നതിന് തലേദിവസമായതിനാല്‍ ആ പരിപാടിയും പ്രതിഷേധക്കാര്‍ അലങ്കോലപ്പെടുത്താനുളള നീക്കമുണ്ടായിരുന്നതായും വിശദീകരണത്തില്‍ ഡിസിപി വ്യക്തമാക്കുന്നു.