‘പൊലീസ് നരനായാട്ട് നടത്തുമ്പോള്‍ എങ്ങനെ നാട്ടില്‍ പോകും?’; ജാമ്യം വേണ്ടെന്ന് പുതുവൈപ്പുകാര്‍; പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി

June 19, 2017, 4:24 pm
‘പൊലീസ് നരനായാട്ട് നടത്തുമ്പോള്‍ എങ്ങനെ നാട്ടില്‍ പോകും?’; ജാമ്യം വേണ്ടെന്ന് പുതുവൈപ്പുകാര്‍; പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി
Kerala
Kerala
‘പൊലീസ് നരനായാട്ട് നടത്തുമ്പോള്‍ എങ്ങനെ നാട്ടില്‍ പോകും?’; ജാമ്യം വേണ്ടെന്ന് പുതുവൈപ്പുകാര്‍; പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി

‘പൊലീസ് നരനായാട്ട് നടത്തുമ്പോള്‍ എങ്ങനെ നാട്ടില്‍ പോകും?’; ജാമ്യം വേണ്ടെന്ന് പുതുവൈപ്പുകാര്‍; പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി

പുതുവൈപ്പ് പ്രക്ഷോഭത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത 80പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമരക്കാര്‍ ആരും തന്നെ തന്നെ ജാമ്യം എടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സമരക്കാരെ റിമാന്‍ഡ് ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. പത്ത് മിനിറ്റിനുള്ളില്‍ കോടതി പരിസരം വിട്ട് പോകണമെന്നും കോടതി നിര്‍ദേശം നല്‍കി.

പൊലീസ് നടത്തിയ ക്രൂര മര്‍ദനമടക്കമുള്ള കാര്യങ്ങള്‍ സമരക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ജാമ്യം വേണ്ടെന്നും തങ്ങളെ റിമാന്‍ഡില്‍ വിടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് നരനായാട്ട് നടക്കുമ്പോള്‍ നാട്ടിലേക്ക് പോകേണ്ട എന്ന് സമരക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഫൈന്‍ അടച്ച് ഒഴിവാക്കേണ്ട നിസാര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. സമരക്കാര്‍ പിരിഞ്ഞ് പോയെന്ന് ഉറപ്പ് വരുത്തി കോടതി പൂട്ടണമെന്നും കോടതി ആവശ്യപ്പെട്ടു.

തങ്ങള്‍ക്കായി വാദിക്കുന്നതിന് അഭിഭാഷകനെ സമരക്കാര്‍ ചുമതലപ്പെടുത്തിയിരുന്നില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടി അഭിഭാഷകനെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സമരക്കാര്‍ തന്നെ നേരിട്ട് കോടതിയില്‍ വാദിക്കുകയായിരുന്നു. സമരക്കാരുടെ ഭാഗം കേട്ട കോടതി പൊലീസിനോട് ലാത്തി ചാര്‍ജ് അടക്കമുള്ള അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കോടതി വിട്ടയച്ച സമരക്കാര്‍ പുതുവൈപ്പിലെ സമരവേദിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

ഇന്നലെ സമരത്തിനിടെ 122 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 87പേര്‍ സ്ത്രീകളാണ്. അറസ്റ്റിലായ 74 പേരെ കളമശേരി എആര്‍ ക്യാംപിലേക്കും 48 പേരെ മുനമ്പം പൊലീസ് സ്റ്റേഷനിലുമാണ് എത്തിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുകേസുകള്‍ ഇവര്‍ക്കെതിരെ ഞാറക്കല്‍ പൊലീസ് ചാര്‍ജ് ചെയ്തിരുന്നു.

ഐഒസി പദ്ധതി കവാടത്തിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. ആദ്യത്തെ കേസില്‍ സമരസമിതി നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 300 പേരും രണ്ടാമത്തെ കേസില്‍ 70 പേരുമാണ് പ്രതിസ്ഥാനത്തുളളത്. ജാമ്യം വേണ്ടെന്ന നിലപാടാണ് അറസ്റ്റിലായ വൃദ്ധരും സ്ത്രീകളും അടക്കമുളളവര്‍ കൈക്കൊണ്ടത്. വെളളിയാഴ്ച നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ രേഖാമൂലമായ ഉറപ്പ് ലഭിച്ചശേഷമെ ജാമ്യം എടുക്കുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നു.

സമരം ചെയ്തവർക്ക് നേരെയുണ്ടായ പൊലീസ് തേർവാഴ്ചയിൽ ഡിജിപി ഇടപെടൽ പൊലീസ് നടപടിയിൽ ഡിജിപി ടി പി സെൻകുമാറും റിപ്പോർട്ട് തേടിയിട്ടുണ്ട്.

പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതപ്ലാന്റിനെതിരെ പ്രദേശനിവാസികള്‍ നടത്തുന്ന സമരം 125-ാം ദിവസമായി തുടരുകയായിരുന്നു. ജീവന് ഭീഷണിയായ പദ്ധതി ഉപേക്ഷിക്കണമെന്നാണ് പുതുവൈപ്പ് നിവാസികളുടെ ആവശ്യം. 15,450 ടണ്‍ എല്‍പിജിയാണ് ദിവസേന ടെര്‍മിനലില്‍ സംഭരിക്കപ്പെടുക.