മുഖ്യമന്ത്രിയെ തള്ളി സിപിഐ; ‘കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ല, കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുത്’  

April 20, 2017, 9:48 pm
മുഖ്യമന്ത്രിയെ തള്ളി സിപിഐ; ‘കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ല, കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുത്’  
Kerala
Kerala
മുഖ്യമന്ത്രിയെ തള്ളി സിപിഐ; ‘കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ല, കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുത്’  

മുഖ്യമന്ത്രിയെ തള്ളി സിപിഐ; ‘കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ല, കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുത്’  

ഇടുക്കി: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ അനുകൂലിച്ച് സിപിഐ. നടപടിയെടുത്തതില്‍ ജില്ലാഭരണകൂടത്തെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിലാണ് പിന്തുണയുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത്.

കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു. പാപ്പാത്തിച്ചോലയില്‍ ഭീമാകാരമായ കുരിശ് സ്ഥാപിച്ചത് ദുരുദ്ദേശപരമാണ്. കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുതെന്നും ശിവരാമന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചക്കിടെയായിരുന്നു കെകെ ശിവരാമന്റെ പ്രതികരണം.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ പരസ്യമായി ശാസിച്ചിരുന്നു. സര്‍ക്കാരിനോട് ചോദിക്കാതെ എന്തിനാണ് കുരിശില്‍ കൈവെച്ചത് എന്ന് പിണറായി ചോദിച്ചു. നടപടി കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയുണ്ടാക്കി. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം ഇന്നു രാവിലെ മുതല്‍ ഒഴിപ്പിച്ചത്. വഴിയിലുടനീളം ഇവരെ തടയാനായുളള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്.

ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്. പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി. ഇതിനിടെ വഴിയില്‍ തടസവുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തിചോലയിലാണ് കുരിശ് സ്ഥാപിച്ചുളള ഭൂമി കൈയേറ്റം. നേരത്തെ രണ്ടുതവണയും ഇവിടെ ഒഴിപ്പിക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരെ ഗുണ്ടകള്‍ തടഞ്ഞിരുന്നു. ആത്മീയ കച്ചവടത്തിന്‍റെ പേരില്‍ ഇവിടെ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് കൈയേറിയിരുന്നത്. ഇവിടെയുണ്ടായിരുന്ന താത്കാലിക ഷെഡുകള്‍ ഭൂസംരക്ഷണ സേന കത്തിച്ചു കളഞ്ഞു.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. മതചിഹ്നത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ആത്മീയ കച്ചവടത്തിനുളള ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. രണ്ടുതവണ ഇതിനുളള നീക്കം നടത്തിയെങ്കിലും പ്രതിഷേധം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടി.