ഹിജാമ റിപ്പോര്‍ട്ടിങിനെ ഭയക്കാതെ ഇന്‍ഫോ ക്ലിനിക്ക്, അശാസ്ത്രീയക്കെതിരെ പ്രചാരണം തുടരുമെന്ന് ഡോക്ടര്‍മാര്‍  

June 7, 2017, 5:10 pm
ഹിജാമ റിപ്പോര്‍ട്ടിങിനെ ഭയക്കാതെ ഇന്‍ഫോ ക്ലിനിക്ക്, അശാസ്ത്രീയക്കെതിരെ പ്രചാരണം തുടരുമെന്ന് ഡോക്ടര്‍മാര്‍  
Kerala
Kerala
ഹിജാമ റിപ്പോര്‍ട്ടിങിനെ ഭയക്കാതെ ഇന്‍ഫോ ക്ലിനിക്ക്, അശാസ്ത്രീയക്കെതിരെ പ്രചാരണം തുടരുമെന്ന് ഡോക്ടര്‍മാര്‍  

ഹിജാമ റിപ്പോര്‍ട്ടിങിനെ ഭയക്കാതെ ഇന്‍ഫോ ക്ലിനിക്ക്, അശാസ്ത്രീയക്കെതിരെ പ്രചാരണം തുടരുമെന്ന് ഡോക്ടര്‍മാര്‍  

അജ്ഞതയേയും അര്‍ദ്ധജ്ഞാനത്തെയും നേരിട്ട് ലോകത്തിന് തന്നെ ചൂണ്ടികാണിക്കാന്‍ കേരളത്തിലൊരു ആരോഗ്യ മാതൃകയുണ്ടായതിന് പിന്നില്‍ ഈ നാട് കടന്നുവന്ന രാഷ്ട്രീയ അനുഭവങ്ങള്‍ക്കും സാമൂഹ്യ നവോല്‍ത്ഥാനത്തിനും പങ്കുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ആരോഗ്യ രംഗത്തെ നേട്ടങ്ങളില്‍ ഇടിവുണ്ടായി. പുതിയ രോഗങ്ങള്‍ മലയാളിയെ തേടിയെത്തി. പൊതു ആരോഗ്യ സംവിധാനങ്ങളില്‍ കുറവുണ്ടായി. അതിനെ നേരിടാന്‍ കേരളം പുതിയ വഴികള്‍ അന്വേഷിക്കുമ്പോഴാണ് മറ്റ് ചില വെല്ലുവിളികള്‍ കേരളീയ സമൂഹത്തിന് നേരെ ഉയരുന്നത്. ഇതിലൊന്നാണ് മത വേഷമിട്ടുള്ള ചികില്‍സ പദ്ധതികള്‍. അശാസ്ത്രീയതെയെ മത വിശ്വസത്തില്‍ പൊതിഞ്ഞ് വിശ്വാസികളെ കബളിപ്പിക്കുന്ന സംഘം വ്യാപകമായത് ഈ സമീപകാലത്താണ്. മതവുമായി തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളെ ബന്ധപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരം ഗൂഡപരിപാടിക്കെതിരായ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇടപെടലിനായിരുന്നു ചില ഡോക്ടര്‍മാര്‍ കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ചത്. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിക്കുമ്പോള്‍ അതിനെക്കുറിച്ച് ശാസ്ത്രീയ അറിവുനല്‍കാനാണ് ഈ ഡേക്ടര്‍മാര്‍ ഇന്‍ഫോ ക്ലീനിക്ക് എന്ന പേജ് തുടങ്ങിയത്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഹിജാമയെന്ന ചികില്‍സ രീതിയെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനമാണ് ഇപ്പോള്‍ ഈ പേജിനെ കൂടുതല്‍ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. മതവിരുദ്ധമെന്ന് പറഞ്ഞ് ചിലര്‍ മാസ് റിപ്പോര്‍ട്ടിംങിലൂടെ ഫെയ്‌സ്ബുക്കില്‍ നിന്ന് ഈ ലേഖനം ചിലര്‍ പിന്‍വലിപ്പിക്കുകയായിരുന്നു.

പക്ഷെ ഇത്തരം വെല്ലുവിളികളെ നേരിട്ടുകൊണ്ട് ശാസ്ത്രീയ അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറച്ച നിലപാടിലാണ് ഈ പേജിന് പിന്നിലുള്ള ഡോക്ടര്‍മാര്‍

വാക്സിനേഷന്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ട സമയത്താണ് കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള 26 അലോപ്പതി ഡോക്ടര്‍മാര്‍ ഒരു ഫെയ്‌സ്ബുക്ക്‌ പേജിനെ പറ്റി ആലോചിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ അസംബന്ധം എന്ന് തോന്നുമെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പടരുന്ന വ്യാജ ചികിത്സാ രീതികളെക്കുറിച്ച് ജനങ്ങളോട് പറയണമെന്ന ആഗ്രഹത്തില്‍ നിന്നുമാണ് ‘ഇന്‍ഫോ ക്ലിനിക്’ എന്ന മെഡിക്കല്‍ ഫെയ്‌സ്ബുക്ക്‌ പേജ് രൂപം കൊണ്ടതെന്ന് ഈ ഉദ്യമത്തിന് പിന്നലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള വിഷയങ്ങളെ പറ്റി വിവിധ ഡോക്ടര്‍മാര്‍ എഴുതി ചര്‍ച്ച ചെയ്ത് തയാറാക്കുന്ന നിരവധി കുറിപ്പുകളാണ് ഈ പേജില്‍ പ്രസിദ്ധീകരിക്കാറുള്ളത്.

ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. കിരണന്‍ നാരായണന്‍, ഡോ. ജമാല്‍, ഡോ. ജിനേഷ് പിഎസ് എന്നിവര്‍ ചേര്‍ന്നെഴുതി പ്രസിദ്ധീകരിച്ച ലേഖനം സംഘടിത റിപ്പോര്‍ട്ടിങിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക്‌ നീക്കം ചെയ്തിരുന്നു. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്ന നിരവധി കമന്റുകള്‍ കുറിപ്പിന് ലഭിച്ചതിന് പിന്നാലെയാണ് പോസ്റ്റ് നീക്കം ചെയ്തത്.

ഏതെങ്കിലും മതവിഭാഗത്തെ വിഷമിപ്പിക്കാനുള്ള ഉദ്ദേശത്തോടെയല്ല കുറിപ്പ് പ്രസിദ്ധീകരിച്ചതെന്ന് ഫെയ്‌സ്ബുക്ക്‌ പേജ് അഡ്മിന്‍ ഡോ.ജിനേഷ് പി എസ് സൗത്ത്ലൈവിനോട് പറഞ്ഞു.

26 ഡോക്ടമാരാണ് ഇന്‍ഫോ ക്ലിനിക്കിന് പിന്നില്‍. മെഡിക്കല്‍ പ്രാക്ടീസിങ് ആരംഭിച്ചവര്‍ മുതല്‍ പ്രൊഫസര്‍മാര്‍ വരെ സംഘത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം വാക്സിനേഷനെതിരായ തികച്ചും അശാസ്ത്രീയമായ വാട്സ്ആപ്പ് സന്ദേശങ്ങളും ഫെയ്‌സ്ബുക്ക്‌ പോസ്റ്റുകളും പ്രചരിക്കുന്നത് കണ്ടതോടെയാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തികച്ചും അസംബന്ധമായ കാര്യങ്ങളും ഇങ്ങനെ പ്രചരിക്കുന്നു എന്ന് മനസിലാക്കി. അവയദാനത്തെ കുറിച്ച് ശക്തമായ നിയമം നിലവിലുള്ള കേരളത്തില്‍ പോലും അതിനെ കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

ചെറിയ തോതില്‍ ഇത്തരം കാര്യങ്ങളെ കുറിച്ചെല്ലാം ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നവരാണ് ഞങ്ങളെല്ലാം. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് എഴുതാനും പേജ് തുടങ്ങാനും തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ സയന്‍സില്‍ ഒരുപാട് ന്യൂനതകളുണ്ട്. പക്ഷേ അശാസ്ത്രീയതയ്ക്കെതിരെ മാത്രമാണ് കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുമ്പും പല പോസ്റ്റുകള്‍ക്കും ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു . വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചും ചര്‍ച്ച ചെയ്തുമാണ് ഇന്‍ഫോ ക്ലിനിക്കില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചികിത്സാ രീതികള്‍ ശാസ്ത്രീയമായിരിക്കണം എന്ന് മാത്രമേ ഇന്‍ഫോ ക്ലിനിക്കിന് അഭിപ്രായമുള്ളൂ. ഇത് പോലെ ഒരു അനുഭവം ആദ്യമായാണ്. മതവുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് പല കമന്റുകളും. പിന്നീട് ഇന്ന് രാവിലെയാണ് പോസ്റ്റ് നീക്കം ചെയ്തത്. ഒരുപാട് പേര്‍ അനുകൂലമായി മെസേജുകള്‍ അയക്കുന്നുണ്ട്. എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയരുതെന്നുമുള്ള മെസേജുകളും ലേഖനം എഴുതിയവര്‍ക്ക് ലഭിക്കുന്നുണ്ട്. ഭീഷണിയായി ഇത് തോന്നുന്നില്ല. ഇപ്പോള്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഈ ചികിത്സാ രീതി നടത്തുന്നവരും എതിര്‍പ്പുമായി വന്നിട്ടുണ്ട്. രക്ഷിക്കാനാവുന്ന ഒരുപാട് ജീവനുകള്‍ അശാസ്ത്രീയവും അന്ധവിശ്വാസവും കാരണം നഷ്ടപ്പെടുന്നുണ്ട്. അശാസ്ത്രീയത കൊണ്ട് ഒറ്റ ജീവനും നഷ്ടപ്പെടരുത് എന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളൂ.
ദിനേഷ് പിഎസ്, ലക്ചറര്‍, ഫോറന്‍സിക് മെഡിസന്‍, കോട്ടയം മെഡിക്കല്‍ കോളജ്

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്‍ഫോക്ലിനിക്കിന്റെ ഫെയ്‌സ്ബുക്ക്‌ പേജ് ആരംഭിക്കുന്നത്. 94 ലേഖനങ്ങളാണ് ഇൻഫോ ക്ലിനിക് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തെ സമര്‍ത്ഥരായ കുട്ടികള്‍ക്കായുള്ള ആര്‍എസ്എസിന്റെ 'ഗര്‍ഭ സന്‍സ്‌കാര്‍' പദ്ധതിയെ കുറിച്ചെഴുതിയ ലേഖനത്തിനെതിരെയും വിമര്‍ശമുയര്‍ന്നിരുന്നു. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്നായിരുന്നു അന്നും കമന്റുകള്‍ നിറഞ്ഞതെന്ന് ഇന്‍ഫോക്ലിനിക്കിലെ അംഗവും എഡിറ്ററുമായ ഡോ.ജിമ്മി മാത്യു സൗത്ത്ലൈവിനോട് പറഞ്ഞു

വാക്സിന്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ധാരാളം രോഗങ്ങള്‍ കേരളത്തില്‍ തിരിച്ച് വരുന്നത് കണ്ടപ്പോഴാണ് വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധിക്കുന്നത്. സ്വതന്ത്രമായി എഴുതാറുണ്ടായിരുന്ന കുറച്ച് ഡോക്ടര്‍മാര്‍ മീറ്റിങ് നടത്തി ഇന്‍ഫോ ക്ലിനിക്ക് എന്ന പേജ് തുടങ്ങുകയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ നല്ല രീതിയില്‍ ചര്‍ച്ച ചെയ്താണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.മതപരമായ യാതൊരു താത്പര്യങ്ങളൊന്നും ഇല്ല. ശാസ്ത്രീയ വശങ്ങള്‍ എഴുതാന്‍ മാത്രമേ താത്പര്യമുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയില്‍ ഈ ചികിത്സാ രീതി ശ്രദ്ധ നേടുന്നതായി കണ്ടിരുന്നു. ഇതിനെ പറ്റിയുള്ള പരസ്യങ്ങള്‍ കണ്ടിരുന്നു. വടക്കന്‍ കേരളത്തിലാണ് ഇത് കൂടുതലായും നടക്കുന്നതെന്നാണ് അറിയുന്നത്. ഒട്ടെറേ സാധാരണക്കാര്‍ ഇതില്‍ പെട്ട് പോകുന്നുണ്ട്. പത്ത് കൊല്ലത്തില്‍ അധികമായി ഈ ചികിത്സാരീതി കേരളത്തിലുണ്ട് ഗള്‍ഫ് നാടുകളില്‍ ഇതിന് കൂടുതല്‍ സ്വീകാര്യതയുണ്ട്. ആധുനിക ചികിത്സാരീതികളുടെ സാമ്പത്തിക ചെലവ് താങ്ങാനാവത്തതും മതപരമായ താത്പര്യങ്ങളുമൊക്കെ ഇതിന് പിന്നിലുണ്ടാവാം. ഇതിനെ കുറിച്ച് കൂടുതല്‍ എഴുതാന്‍ ശ്രമിക്കും. ആളുകള്‍ ഇത് അറിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഡോ.ജിമ്മി മാത്യു, ഫ്രൊഫസര്‍, അമൃത മെഡിക്കല്‍ കോളജ്

‘ഹിജാമയെ കുറിച്ചുള്ള പോസ്റ്റ് നീക്കം ചെയതതില്‍ ഫെയ്സ്ബുക്കിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരണവും ഇവര്‍ നല്‍കിയിട്ടുണ്ട്.