‘വിജിലന്‍സിനോട് അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല’; പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി പിന്തുണച്ചിട്ടേയുളളൂവെന്ന് ജേക്കബ് തോമസ്

May 20, 2017, 7:38 am
‘വിജിലന്‍സിനോട് അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല’; പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി പിന്തുണച്ചിട്ടേയുളളൂവെന്ന് ജേക്കബ് തോമസ്
Kerala

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറുന്നത് വരെ ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. തന്റെ സര്‍വീസ് സ്‌റ്റോറിയുടെ വിശദാംശങ്ങള്‍ അടങ്ങിയ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിശദാംശങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നതിനപ്പുറം അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉണ്ടായിട്ടില്ല.

പകരം ഒട്ടുമിക്ക പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ചിട്ടേയുളളൂ. ഐഎഎസ് അസോസിയേഷനിലെ ചില സീനിയര്‍ അംഗങ്ങള്‍ തനിക്കെതിരെ ഉറഞ്ഞുതുളളിയപ്പോള്‍ കുറച്ചുപേര്‍ ബഹളം വെയ്ക്കുന്നുണ്ടല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു, നേരെയാകുമെന്നായിരുന്നു തന്റെ മറുപടിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കെ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടായ അനുഭവങ്ങളും പുസ്തകത്തില്‍ ജേക്കബ് തോമസ് വിവരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് വിജിലന്‍സില്‍ എഡിജിപി ആയിരിക്കെ പാറ്റൂര്‍ കേസ്, ടിഒ സൂരജ് കേസ്, ബാര്‍ കേസ് തുടങ്ങിയവയുടെ അന്വേഷണത്തില്‍ താന്‍ നേരിട്ടും അല്ലാതെയും പങ്കാളിയായിരുന്നു. അതുകൊണ്ടു തന്നെ താന്‍ വിജിലന്‍സില്‍ തുടരുന്നത് നല്ലതല്ലെന്ന് ഭരണതലത്തില്‍ വിധിയെഴുത്തുണ്ടായി.

ബാര്‍ കേസ് അന്വേഷണത്തിന് വ്യക്തമായ ആക്ഷന്‍ പ്ലാന്‍ താന്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 164ാം വകുപ്പ് പ്രകാരം ബിജു രമേശ് നല്‍കിയ മൊഴിയില്‍ നാലഞ്ചുപേജ് മന്ത്രി കെ.ബാബുവിനെക്കുറിച്ചായിരുന്നു. ഈ മൊഴിയുടെ തുടര്‍നടപടിയായാണ് എറണാകുളം യൂണിറ്റില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ താന്‍ തീരുമാനിച്ച രീതിയില്‍ അന്വേഷണം പുരോഗമിക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായി. ബാബുവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുളളവരാണ് തീരുമാനമെടുത്തത്. അന്വേഷണം തന്റെ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഭ്യന്തരമന്ത്രിക്ക് വിയോജിപ്പില്ലായിരുന്നു.

കെ.ബാബു, കെഎം മാണി എന്നിവരുടെ കേസിന്റെ വിഷയങ്ങളിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നും ഇടപെടലൊന്നുമുണ്ടായില്ല. ഇടപെടലുകള്‍ നടത്തിയവരാണെങ്കില്‍ വളരെ സൂക്ഷിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. സ്വന്തം ഫോണില്‍ നിന്ന് വിളിക്കുക പോലുമില്ലായിരുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. കറന്റ്ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഈ മാസം 22ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.