മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംനയുടെ മരണം: ‘ഡോക്ടര്‍മാര്‍ അടക്കം 15 പേര്‍ കുറ്റക്കാര്‍’; മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ക്രൈംബ്രാഞ്ചും അപ്പെക്‌സ് ബോര്‍ഡും

July 17, 2017, 1:17 pm


മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംനയുടെ മരണം: ‘ഡോക്ടര്‍മാര്‍ അടക്കം 15 പേര്‍ കുറ്റക്കാര്‍’; മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ക്രൈംബ്രാഞ്ചും അപ്പെക്‌സ് ബോര്‍ഡും
Kerala
Kerala


മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംനയുടെ മരണം: ‘ഡോക്ടര്‍മാര്‍ അടക്കം 15 പേര്‍ കുറ്റക്കാര്‍’; മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ക്രൈംബ്രാഞ്ചും അപ്പെക്‌സ് ബോര്‍ഡും

മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷംനയുടെ മരണം: ‘ഡോക്ടര്‍മാര്‍ അടക്കം 15 പേര്‍ കുറ്റക്കാര്‍’; മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ക്രൈംബ്രാഞ്ചും അപ്പെക്‌സ് ബോര്‍ഡും

കളമശേരി മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനി ആയിരുന്ന ഷംന തസ്‌നീം കുത്തിവെയ്പ്പിനെ തുടര്‍ന്ന് മരിക്കാന്‍ കാരണം ചികിത്സാപ്പിഴവ് തന്നെയാണെന്ന് ക്രൈംബ്രാഞ്ചിന്റെയും മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പെക്‌സ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ട്. ഡോ. ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍, നഴ്‌സിങ് സൂപ്രണ്ട് എന്നിവരുള്‍പ്പെടെ 15 പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നും ഗുരുതരമായ ചികിത്സാപിഴവാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. ഗുരുതരാവസ്ഥയിലായ രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇന്‍ജക്ഷന്‍ മൂലമുണ്ടായ അലര്‍ജിയാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഷംന തസ്‌നീമിനെ ചികിത്സിച്ചിരുന്ന ഡോക്ടറായ ജില്‍സ് ജോര്‍ജിനെയും കൃഷ്ണ മോഹനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2016 ജൂലായ് 18നു രണ്ട് ദിവസമായി പടരുന്ന പനിക്ക് ചികിത്സ തേടിയാണ് ഷംന പഠിക്കുന്ന കോളേജായ കളമശേരിയിലേക്ക് തന്നെ ചികിത്സയ്ക്കെത്തിയത്. ഷംനയെ പരിശോധിച്ച ഡോക്ടര്‍ ജില്‍സ് ജോര്‍ജ്ജ് അലര്‍ജി സാധ്യത കൂടുതലുള്ള സെഫ്ട്രിയാക്സോണ്‍ എന്ന ആന്റി ബയോട്ടിക്ക് കുറിച്ചു നല്‍കിയതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സാധാരണ പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഷംന കുത്തിവെപ്പിനു ശേഷം കടുത്ത അസ്വസ്ഥത അനുഭവിച്ചിരുന്നു. അഡ്മിറ്റ് ചെയ്ത വാര്‍ഡില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും ചികിത്സ വൈകാന്‍ കാരണമായി. 20മിനിറ്റ് വൈകിയാണ് ഷംനയെ ഐസിയുവിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.

ചികിത്സാ പിഴവുമൂലമാണ് ഷംന മരിച്ചതെന്ന് ആരോപണം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷംനയുടെ പിതാവ് ആദ്യം സമീപിച്ചത് കളമശേരി പൊലീസ് സ്റ്റേഷനിലാണ്. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണറാണ് കേസ് ഏര്‌റെടുത്തത്. തുടര്‍ന്ന് പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കല്‍ ബോര്‍ഡ് വിളിച്ചുചേര്‍ത്തു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കുട്ടപ്പന്റെ നേതൃത്വത്തിലുളള ബോര്‍ഡിന്റെ തീരുമാനപ്രകാരം കേസ് അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പൊലീസ് ഷംനയുടെ പിതാവിനെ അറിയിക്കുകയും ചെയ്തു. ചികിത്സാപ്പിഴവ് ഇല്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.

എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിലെ അംഗവും ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിദഗ്ധയുമായ ലിസ ജോണ്‍ മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലിനോട് വിയോജനക്കുറിപ്പ് എഴുതിവെച്ചു. ഇത് കേസില്‍ ഏറെ നിര്‍ണായകവുമായി. ഡിജിപിയെ ചെന്നുകണ്ട ഷംനയുടെ പിതാവിന്റെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ചിരുന്നു. അന്വഷണ റിപ്പോര്‍ട്ട് അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനു കൈമാറിയിരുന്നു. ചികിത്സാപിഴവ് ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.