സബ് കളക്ടര്‍ ശ്രീരാം പട്ടയം റദ്ദാക്കി; സര്‍ക്കാര്‍ ഹോട്ടല്‍ ഏറ്റെടുത്തേക്കും 

April 19, 2017, 11:34 pm
സബ് കളക്ടര്‍ ശ്രീരാം പട്ടയം റദ്ദാക്കി; സര്‍ക്കാര്‍ ഹോട്ടല്‍ ഏറ്റെടുത്തേക്കും 
Kerala
Kerala
സബ് കളക്ടര്‍ ശ്രീരാം പട്ടയം റദ്ദാക്കി; സര്‍ക്കാര്‍ ഹോട്ടല്‍ ഏറ്റെടുത്തേക്കും 

സബ് കളക്ടര്‍ ശ്രീരാം പട്ടയം റദ്ദാക്കി; സര്‍ക്കാര്‍ ഹോട്ടല്‍ ഏറ്റെടുത്തേക്കും 

മൂന്നാര്‍: ദേവികുളം സബ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ പട്ടയം റദ്ദാക്കിയ ഹോട്ടല്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. പൂപ്പാറയിലെ മൂന്നാര്‍ ഗേറ്റ് ഹോട്ടലിന്റെ പട്ടയമാണ് റദ്ദ് ചെയ്തത്. സിഎച്ചആര്‍ ഭൂമിയില്‍ ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചതിനാണ് നടപടി. മൂന്നാര്‍ ഗേറ്റിന്റെ പട്ടയം റദ്ദാക്കിയത് ചോദ്യം ചെയ്ത് ഉടമ കളക്ടര്‍ക്ക് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി കളക്ടര്‍ തള്ളുകയായിരുന്നു.

ദേവികുളത്തും മൂന്നാറിലുമായി നടക്കുന്ന കയ്യേറ്റങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഭീഷണി നേരിടുന്ന ദേവികുളം സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം ഉണ്ടായിരുന്നു. ഡിജിപിയാണ് ശ്രീറാം വെങ്കിട്ടരാമന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്.

സിഐയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സംരക്ഷണമൊരുക്കുക. കയ്യേറ്റം ഒഴിപ്പിക്കല്‍ നടക്കുന്ന സ്ഥലങ്ങളില്‍ കേരള ആംഡ് പൊലീസിന്റെ സംഘത്തെ നിയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് സബ്ബ് കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെ ബന്ധപ്പെട്ടാണ് സബ്കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.