‘പേനയ്ക്ക് പകരം പഴ്‌സിന് പ്രാധാന്യം’; മാധ്യമങ്ങളെ ‘കൊട്ടി’യും ഉപദേശിച്ചും മന്ത്രി സുധാകരനും സ്പീക്കറും

February 19, 2017, 9:53 am
‘പേനയ്ക്ക് പകരം പഴ്‌സിന് പ്രാധാന്യം’; മാധ്യമങ്ങളെ ‘കൊട്ടി’യും ഉപദേശിച്ചും മന്ത്രി സുധാകരനും സ്പീക്കറും
Kerala
Kerala
‘പേനയ്ക്ക് പകരം പഴ്‌സിന് പ്രാധാന്യം’; മാധ്യമങ്ങളെ ‘കൊട്ടി’യും ഉപദേശിച്ചും മന്ത്രി സുധാകരനും സ്പീക്കറും

‘പേനയ്ക്ക് പകരം പഴ്‌സിന് പ്രാധാന്യം’; മാധ്യമങ്ങളെ ‘കൊട്ടി’യും ഉപദേശിച്ചും മന്ത്രി സുധാകരനും സ്പീക്കറും

മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ചും ഉപദേശിച്ചും മന്ത്രി ജി സുധാകരനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും. ശനിയാഴ്ച്ച രണ്ട് വ്യത്യസ്ത പരിപാടികള്‍ക്കിടയിലായിരുന്നു ഇരുവരും മാധ്യമങ്ങളെ ഗുണദോഷിച്ചത്.

വര്‍ത്തമാനകാല രാഷ്ട്രീയം വഷളായിട്ടുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള അതേ പങ്ക് മാധ്യമങ്ങള്‍ക്കുമുണ്ടെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ പ്രസ്താവന. കേരള മീഡിയ അക്കാദമിയില്‍ മത്തായി മാഞ്ഞൂരാന്‍ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കേരള വികസനവും മാധ്യമ സമീപനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.

മാധ്യമ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പേനയ്ക്ക് പകരം പഴ്‌സിനാണ് പ്രാധാന്യം നല്‍കുന്നത്. കൂടുതല്‍ സുഖം തേടുമ്പോള്‍ പേനയെ മറക്കുന്നു. പൊതുസമൂഹം എന്ത് കൊണ്ട് എഡിറ്റോറിയല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നില്ല എന്ന് മാധ്യമങ്ങള്‍ ആലോചിക്കണം. അടിസ്ഥാന മൂല്യങ്ങള്‍ മറക്കരുത്. മൂല്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലൂടെയാണ് സമൂഹം മുന്നോട്ട് പോകുന്നതും ചരിത്രം നിര്‍മിക്കപ്പെടുന്നതും. അതിനെതിരെയുള്ളത് കരിപുരണ്ടതായിരിക്കും. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിപാടികളെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. എല്ലാവര്‍ക്കും കക്കൂസ് എന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഇനി മാര്‍ച്ചില്‍ എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കും. കുടുംബങ്ങളെ ലഹരിയില്‍ നിന്നും മോചിപ്പിക്കാനുള്ള തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുനവനന്തപുരം വരെ 1200 കിലോമീറ്റര്‍ മലയോര പാതയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു. ദേശീയ പാത നാലുവരിയാക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
ജി സുധാകരന്‍, മന്ത്രി

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ കാണാതെ പോകുന്നെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനമെങ്കില്‍ മാധ്യമങ്ങള്‍ നെഗറ്റീവായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നെന്നായിരുന്നു സ്പീക്കറുടെ പരാതി. എറണാകുളം പ്രസ് ക്ലബ്ബും പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച പി ആര്‍ ആന്റ് മീഡിയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുല്ലപെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് ജനങ്ങളുടെ ഉറക്കം കെടുത്തിയ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അണക്കെട്ടിന് ഒന്നും സംഭവിച്ചില്ല. അന്നന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് വേണ്ടി ബ്രേക്കിങ് ന്യൂസുകള്‍ അന്വേഷിച്ച് നടക്കുകയാണ് മാധ്യമങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ രാഷ്ടീയമുണ്ടാകാം.എന്നാല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടിലേക്ക് മറ്റുള്ളവരെ എത്തിക്കാന്‍ വാര്‍ത്ത് അവതാരകര്‍ ശ്രമിക്കുന്നത് സംവാദമല്ല. ജനങ്ങള്‍ക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്താനും കേരളത്തിന്റെ നഷ്ടങ്ങള്‍ നികത്താനും മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ വേണം. ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതിനോട് അസിഹിഷ്ണുത കാണിക്കുന്നത് യുക്തിരഹിതമാണ്. ജനാധിപത്യത്തിന്റെ വികസന സാധ്യതകള്‍ എവിടെയെന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്.
പി ശ്രീരാമകൃഷ്ണന്‍, സ്പീക്കര്‍

സര്‍ക്കാര്‍ ഫയലുകളില്‍ സംവാദമാണ് നടക്കേണ്ടത്, എന്നാല്‍ ഒപ്പുകള്‍ കൊണ്ടുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു