കടകംപളളിയെ തള്ളി കെടി ജലീല്‍; ‘ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ സ്‌നേഹത്തോടെ കഴിയുന്ന ജില്ലയാണ് മലപ്പുറം’  

April 19, 2017, 5:56 pm
കടകംപളളിയെ തള്ളി കെടി ജലീല്‍; ‘ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ സ്‌നേഹത്തോടെ കഴിയുന്ന ജില്ലയാണ് മലപ്പുറം’  
Kerala

തിരുവനന്തപുരം: മലപ്പുറത്തെ വോട്ടര്‍മാര്‍ക്കെതിരെ പരാമര്‍ശം നടത്തിയ കടകംപള്ളി സുരേന്ദ്രനെ തള്ളി മന്ത്രി കെടി ജലീല്‍. മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് കെടി ജലീല്‍ പറഞ്ഞു. ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ സ്‌നേഹത്തോടെ കഴിയുന്ന പ്രദേശമാണത്. കടകം പള്ളി സുരേന്ദ്രന്‍ അങ്ങനെ പറയുമെന്ന് കരുതില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മലപ്പുറത്തെക്കുറിച്ചുളള മന്ത്രി കടകംപളളി സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു. മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണമാണ് നടന്നതെന്ന പ്രചാരണം ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്റെ അത്തരം വാദം ശരിയല്ലെന്നും മലപ്പുറത്ത് നടന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്നും ഇ. അഹമ്മദിനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചുമന്നാണ് പ്രചാരണ വേദികളില്‍ കൊണ്ടുവന്നിരുന്നതെന്നുമായിരുന്നു മന്ത്രി കടകംപളളിയുടെ പ്രസ്താവന. ഇത് വിവാദമായതിനെ തുടര്‍ന്ന് മന്ത്രി വിശദീകരണവും നല്‍കിയിരുന്നു.

മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വിശദമാക്കി. മുസ്‌ളീം ലീഗ് അവിടെ ന്യൂനപക്ഷ വര്‍ഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ലീഗിന്റെ തട്ടകം കൂടിയാണത്. ആ അര്‍ത്ഥത്തില്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ച് കുപ്രചരണം നടത്തുകയാണ് ഒരു മത സംഘടനയുടെ ചാനലും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമെന്നും മന്ത്രി വിശദമാക്കിയിരുന്നു