ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെക്കുമെന്ന് മന്ത്രി എകെ ബാലന്‍; ‘കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തില്‍ സമഗ്രവികസനം നടപ്പാക്കും’  

April 20, 2017, 8:48 pm
ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെക്കുമെന്ന് മന്ത്രി എകെ ബാലന്‍; ‘കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തില്‍ സമഗ്രവികസനം നടപ്പാക്കും’   
Kerala
Kerala
ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെക്കുമെന്ന് മന്ത്രി എകെ ബാലന്‍; ‘കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തില്‍ സമഗ്രവികസനം നടപ്പാക്കും’   

ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെക്കുമെന്ന് മന്ത്രി എകെ ബാലന്‍; ‘കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തില്‍ സമഗ്രവികസനം നടപ്പാക്കും’  

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എകെ ബാലന്‍. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി എകെ ബാലന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

സമഗ്രവികസനത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും. ഇടമക്കുടി നിവാസികളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സംവിധാനമൊരുക്കും. സ്ഥലത്തേക്കുള്ള ഗതാഗതസംവിധാനം മെച്ചപ്പെടുത്തുമെന്നും എകെ ബാലന്‍ പറഞ്ഞു.

ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്നും 26 കിലോമീറ്റര്‍ വടക്ക് മാറി കൊടും വനത്തിലാണ് ഇടമക്കുടി സ്ഥിതി ചെയ്യുന്നത്. ജീവിതരീതിയിലും, ആചാരാനുഷ്ഠാനങ്ങളിലും മറ്റ് പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തതകളും, പ്രത്യേകതകളും പുലര്‍ത്തുന്ന് മുതുവാന്‍മാരാണ് ഇവിടെ അധിവസിക്കുന്നത്. 28 കുടികളിലായി 785 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാല്‍ 65 ശതമാനം മാത്രമാണ് ഇടമക്കുടിയിലെ സാക്ഷരത.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെടുക്കും : മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

2010 നവംമ്പര്‍ ഒന്നിന്‌ എല്‍ഡിഎഫ്‌ സര്‍ക്കാരാണ്‌ ഇടമലക്കുടിയെ ആദ്യ ആദിവാസി പഞ്ചായത്തായി പ്രഖ്യാപിച്ചത്‌. കേരളത്തിലെ ഒരേയൊരു ആദിവാസി പഞ്ചായത്തുകൂടിയാണിത്‌. മുതുവാന്‍ വിഭാഗക്കാര്‍ മാത്രമാണ്‌ ഇവിടെ അധിവസിക്കുന്നത്‌. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും 26 കിലോ മീറ്റര്‍ വടക്ക്‌ മാറി കൊടുംവനത്തിലാണ്‌ ഇടമലക്കുടി സ്ഥിതി ചെയ്യുന്നത്‌. ദേവികുളം താലൂക്കില്‍ 28 കുടികള്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്‌. സൊസൈറ്റിക്കുടിയാണ്‌ ആസ്ഥാനം.

ജീവിതരീതിയിലും, ആചാരാനുഷ്‌ഠാനങ്ങളിലും മറ്റ്‌ പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തതകളും, പ്രതേ്യകതകളും പുലര്‍ത്തുന്നവരാണ്‌ മുതുവാന്‍മാര്‍. 28 കുടികളിലായി 785 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. മുതുവാന്മാര്‍ പുനം കൃഷിയില്‍ വൈദഗ്‌ധ്യമുള്ളവരാണ്‌. റാഗി, വാഴ, കപ്പ, മധുരക്കിഴങ്ങ്‌, നെല്ല്‌, ചോളം തുടങ്ങിയ ഭക്ഷ്യവിളകളും, ഏലം, കുരുമുളക്‌, കവുങ്ങ്‌ തുടങ്ങിയ നാണ്യവിളകളും കൃഷി ചെയ്യുന്നുണ്ട്‌. ആവാസകേന്ദ്രങ്ങളുടെ അപ്രാപ്യത കാരണം ഏറെ പിന്നിലാണ്‌ ഇപ്പോഴും ഇടമലക്കുടി. ഈ പഞ്ചായത്തിലെ സാക്ഷരത 65% മാണ്‌.

ഇടമലക്കുടിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ്‌ 2010 ല്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പഞ്ചായത്തായി പ്രഖ്യാപിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. എന്നാല്‍ തുടര്‍ന്നുവന്ന യുഡിഎഫ്‌ സര്‍ക്കാരിന്‌ വികസന പ്രര്‍ത്തനങ്ങള്‍ മുന്നോട്ട്‌കൊണ്ടുപാകാനായില്ല. 2012-13, 2013-14 കാലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഇടമലക്കുടി പാക്കേജ്‌ ലക്ഷ്യംകാണുകയോ, പൂര്‍ത്തീകരിക്കുകയോ ചെയ്‌തിട്ടില്ല. 250 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ആകെ 103 വീട്‌ മാത്രമാണ്‌ പൂര്‍ത്തീകരിക്കാനായത്‌. 14 കി.മീ റോഡ്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല. പാക്കേജിന്റെ ഭാഗമായി 12.5 കോടി വകയിരുത്തിയെങ്കിലും ഏകദേശം നാല്‌ കോടി രൂപ മാത്രമാണ്‌ ചിലവഴിച്ചത്‌.

ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന്‌ ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയും മന്ത്രിസഭാ യോഗത്തില്‍ അംഗീകരിക്കുകയും ചെയ്‌തിരിക്കുകയാണ്‌. ഇടമലക്കുടി വികസനം ലക്ഷ്യമാക്കി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ക്കാണ്‌ 20.04.2017 ലെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്‌.

ആരോഗ്യ മേഖലയില്‍ ഇടമലക്കുടിയില്‍ പി.എച്ച്‌.സി-യുടെ ഒരു സബ്‌സെന്റര്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 28 കുടികളിലേക്കും ടി സബ്‌സെന്റര്‍കൊണ്ട്‌ പ്രയോജനം ലഭിക്കുന്നില്ല. 3 സബ്‌സെന്ററുകള്‍കൂടി തുടങ്ങുകയും നിലവിലുള്ള സബ്‌സെന്ററിനെ മെയിന്‍ സെന്ററാക്കി ഉയര്‍ത്തുകയും ചെയ്യും.

വിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ ഒരു ഗവ:ട്രൈബല്‍ എല്‍.പി.സ്‌കൂളും, 3 ഏകധ്യാപക സ്‌കൂളുകളും, ബിആര്‍സിയുടെ കിഴില്‍ 10 എംജിഎല്‍സി സ്‌കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവയെല്ലാം പ്രൈമറി തലത്തില്‍ അവസാനിക്കുന്നവയാണ്‌. പോസ്റ്റ്‌മെട്രിക്‌ വിദ്യാര്‍ത്ഥികളും, കോളേജില്‍ അഡ്‌മിഷന്‍ ലഭിച്ച കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്തത്‌ ഗൗരവമായ പ്രശ്‌നമാണ്‌. ഇടമലക്കുടിയില്‍ ടി.ടി.സി, 10, +2 ക്ലാസുകള്‍ പാസായ അനേകം പേരുണ്ടെങ്കിലും ഇവരെ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നിലവിലില്ല. ഇടമലക്കുടിയില്‍ നിന്നും 4-ാം ക്ലാസ്‌ പാസായി ഇറങ്ങുന്ന കുട്ടികളില്‍ പലര്‍ക്കും പ്രവേശന പരീക്ഷയുള്ളതിനാല്‍ എം.ആര്‍.എസ്‌കളില്‍ പ്രവേശനം ലഭിക്കുന്നില്ല. ആയതിനാല്‍ ഇവിടുത്തെ കുട്ടികള്‍ക്ക്‌ പ്രതേ്യക പരിഗണന നല്‍കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം നല്‍കേണ്ടതുണ്ട്‌. സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലൂടെ ഇടമലക്കുടിയുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തും.

കൃഷിയും വനവിഭവ ശേഖരണവും പ്രധാന ജീവനോപാധിയായി കൊണ്ടു നടന്നിരുന്ന ഇടമലക്കുടിക്കാര്‍ ഇതില്‍ നിന്നും പിന്‍മാറാനുണ്ടായ പ്രധാനകാരണം ഉല്‍പ്പന്നങ്ങള്‍ക്ക്‌ മതിയായ വിലയും വിപണിയും കിട്ടാത്തതാണ്‌. ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ്‌ വിലയില്‍ സംഭരിക്കുന്നതിനും വിപണനത്തിനും ഒരു സ്ഥിരമായ സംവിധാനം ഉണ്ടാക്കി ഈ മേഖലയിലെ ചൂഷണം സര്‍ക്കാര്‍ അവസാനിപ്പിക്കും. കൂടിവെളളത്തിന്‌ ക്ഷാമമുണ്ടായതിനെ തുടര്‍ന്ന്‌ ഇടമലക്കുടിയെ പ്രതേ്യക പരിഗണനനല്‍കി സമ്പൂര്‍ണ്ണ ജലനിധി പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന്‌ വര്‍ഷം മുന്‍പ്‌ പ്രവര്‍ത്തനം ആരംഭിച്ച ജലനിധി വെറും സര്‍വ്വെ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഇടമലക്കുടിയിലെ പ്രകൃതിദത്ത ജലസ്രോതസ്സ്‌ വൈദ്യുതി ഉപയോഗിച്ച്‌ പമ്പ്‌ ചെയ്യാതെ വീടുകളിലെത്തിക്കുന്നതിനാണ്‌ ജലനിധി വിഭാവനം ചെയ്‌തിരുന്നത്‌. വിദഗ്‌ധരെ ഉപയോഗിച്ച്‌ പദ്ധതി നടപ്പിലാക്കും.

ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ മാത്രമേ ഇടമലക്കുടിയിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയു. കുടികളിലുളളവരുടെ പ്രധാനആവശ്യം കുടികളെ മൂന്നാറുമായി ബന്ധിപ്പിക്കുന്ന റോഡാണ്‌. കല്ലുകള്‍ പാകിയുള്ള റോഡ്‌ നിര്‍മ്മിക്കാനാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്‌.

ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നത്‌.

1. ഇടമലക്കുടി പഞ്ചായത്തില്‍ തന്നെ പഞ്ചായത്ത്‌ ആസ്ഥാനം പണികഴിപ്പിക്കും. പരമ്പരാഗത രീതിയിലായിരിക്കും പഞ്ചായത്ത്‌ സ്ഥാപിക്കുക.

2. സൊസൈറ്റികുടിക്കടുത്ത്‌ പ്രാദേശിക ആരോഗ്യകേന്ദ്രവും ജീവനക്കാര്‍ക്കുള്ള ക്വാട്ടേര്‍സും സ്ഥിരം മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തും.

3. ഭവന നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കും.

4. കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിന്‌ വേണ്ടി വിദ്യാസമ്പന്നരായ തദ്ദേശീയരായ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരെ ടീച്ചര്‍മാരായി നിയമിക്കും.

5. എംആര്‍എസ്‌ മാതൃകയില്‍ റസിഡന്‍ഷ്യല്‍ പഠന സമ്പ്രദായം ആവിഷ്‌കരിക്കും

6. കുടിവെള്ളത്തിന്‌ തദ്ദേശീയമായ ജലസ്‌ത്രോതസ്സ്‌ ഉപയോഗപ്പെടുത്തിയും ചെക്ക്‌ഡാം പണിതും പദ്ധതികള്‍ നടപ്പിലാക്കും.

7. കല്ല്‌ പാകിയുള്ള പാത നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കും

8. പാരമ്പര്യ കൃഷി രീതികള്‍ ചെയ്യുന്നതിന്‌ ആവശ്യമായ പ്രോത്സാഹനം നല്‍കും

9. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇടത്തട്ട്‌ ചൂഷണം അവസാനിപ്പിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും.

10. എല്ലാ കുടികളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും 11. റേഷന്‍ സംവിധാനം മെച്ചപ്പെടുത്തും 12. ദേവികുളം സബ്‌കലക്‌ടറെ ഇടമലക്കുടി പാക്കേജിന്റെ പദ്ധതി നിര്‍വഹണത്തിന്‌ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌, പഞ്ചായത്ത്‌ വകുപ്പ്‌, ആരോഗ്യ വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌, കൃഷി വകുപ്പ്‌, വൈദ്യുതി വകുപ്പ്‌, ഭക്ഷ്യവകുപ്പ്‌, ജലവിഭവ വകുപ്പ്‌ എന്നിവരുടെ സഹകരണത്തോടെ ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.