വിഎസ് കഥാപാത്രമായ നോവല്‍ ഗ്രീഷ്മമാപിനി പി സുരേന്ദ്രന്‍ പിന്‍വലിച്ചു; സര്‍ഗജീവിതത്തിലെ പിഴച്ചുപോയ വാക്ക് എന്ന് നോവലിസ്റ്റ്    

November 6, 2016, 4:09 pm
വിഎസ് കഥാപാത്രമായ നോവല്‍ ഗ്രീഷ്മമാപിനി പി സുരേന്ദ്രന്‍ പിന്‍വലിച്ചു; സര്‍ഗജീവിതത്തിലെ പിഴച്ചുപോയ വാക്ക് എന്ന് നോവലിസ്റ്റ്     
Kerala
Kerala
വിഎസ് കഥാപാത്രമായ നോവല്‍ ഗ്രീഷ്മമാപിനി പി സുരേന്ദ്രന്‍ പിന്‍വലിച്ചു; സര്‍ഗജീവിതത്തിലെ പിഴച്ചുപോയ വാക്ക് എന്ന് നോവലിസ്റ്റ്     

വിഎസ് കഥാപാത്രമായ നോവല്‍ ഗ്രീഷ്മമാപിനി പി സുരേന്ദ്രന്‍ പിന്‍വലിച്ചു; സര്‍ഗജീവിതത്തിലെ പിഴച്ചുപോയ വാക്ക് എന്ന് നോവലിസ്റ്റ്    

വിഎസ് അച്യുതാനന്ദന്‍ മുഖ്യകഥാപാത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ നോവല്‍ ഗ്രീഷ്മമാപിനി എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പിന്‍വലിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു നോവലിസ്റ്റ് സ്വന്തം കൃതി പിന്‍വലിക്കുന്നത്. പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ് മൂന്ന് പതിപ്പുകള്‍ പുറത്തിറക്കിയതാണ് ഗ്രീഷ്മമാപിനി. നോവല്‍ അതിന്റെ രചനാപരമായ സവിശേഷതയോടെ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഒരു നോവല്‍ എന്ന് മാത്രമായി പരിമിതപ്പെട്ടുപോയതുകൊണ്ടുമാണ് പിന്‍വലിക്കുന്നതെന്നും പി സുരേന്ദ്രന്‍ 'സൗത്ത്‌ലൈവി'നോട് പറഞ്ഞു. സര്‍ഗജീവീതത്തിലെ പിഴച്ചുപോയ വാക്കുകളാണ് അത്. ആ അബദ്ധം തിരിച്ചറിഞ്ഞ് തിരുത്തുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ സികെ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചു എന്നതായിരുന്നു ഗ്രീഷ്മമാപിനിയുടെ വിശേഷണം. നോവലിന്റെ പുറംചട്ടയില്‍തന്നെ പ്രസാധകര്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. വിഎസിനെ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നില്ല നോവലെങ്കിലും വിഎസിന്റെ ജീവിതവും പ്രവര്‍ത്തനവും അതില്‍ പ്രതിഫലിച്ചിരുന്നുവെന്ന് പി സുരേന്ദ്രന്‍ പറഞ്ഞു. വിഎസിനെ കുറിച്ച് അന്നുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ കുറഞ്ഞതും പുസ്തകം പിന്‍വലിക്കുന്നതിനുള്ള കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു നോവല്‍ എന്ന നിലയില്‍ രചനാപരമായി ഗ്രീഷ്മമാപിനി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. പ്രമേയപരമായി മാത്രമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മലയാളത്തില്‍ ഇതുവരെ സ്വീകരിക്കാത്ത ആഖ്യാന വൈവിധ്യം നോവലിനുണ്ടായിരുന്നു. സംഭാഷണങ്ങളും ഫോണ്‍കോളുകളും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു രചനാ രീതി. അതൊന്നും ചര്‍ച്ച ചെയ്യാതെ വിഎസ് അച്യുതാനന്ദനും സിപിഐഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയവും എന്ന നിലയില്‍ മാത്രം പരിമിതപ്പെട്ടുപോയി ചര്‍ച്ചകള്‍. ഇഎംഎസിന്റെയും കുഞ്ഞാലിയുടെയുമെല്ലാം ജീവിതത്തില്‍നിന്നുള്ള ഭാഗങ്ങള്‍ സികെ എന്ന കഥാപാത്രത്തിനുണ്ട്. വിഎസിന്റെ ജീവിതവും സമരങ്ങളുമായി ബന്ധപ്പെട്ടതും ഉള്‍പ്പെട്ടിരുന്നു. വിഎസിനെ കുറിച്ച് എനിക്ക് പഴയ മതിപ്പ് ഇല്ലാതായി. അധികാരത്തിന്റെ കൊതി മാറാതെ കടിച്ചുതൂങ്ങി നില്‍ക്കുന്ന ഒരു നേതാവായി മാറിയിരിക്കുയാണ് വിഎസ് ഇപ്പോള്‍. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പാടില്ലായിരുന്നു. ഇപ്പോള്‍ സ്ഥാനത്തിനും ഓഫീസിനും വേണ്ടി ശരണാര്‍ത്ഥിയെ പോലെ അലയുകയാണ്. ഇത്രയും അപമാനിതനായി മാറിയ വിഎസ് എംഎല്‍എ സ്ഥാനം രാജിവെക്കണമായിരുന്നു. അദ്ദേഹത്തെ പോലുള്ള ഒരാള്‍ കേവലം എംഎല്‍എയായി മാത്രം തുടരേണ്ടതല്ല. രാജ്യമില്ലാത്ത ഒരു രാജാവ് ചെങ്കോലും കിരീടവുമായി നടക്കുന്ന മിമിക്രി കഥാപാത്രത്തെ പോലെയാണ് വിഎസ് ഇപ്പോള്‍. എന്റെ സര്‍ഗ്ഗ ജീവിതത്തിലെ പിഴച്ചുപോയ വാക്കാണ് ആ നോവല്‍. മനുഷ്യന് തെറ്റുപറ്റുക സ്വാഭാവികമാണ്. അത് തിരിച്ചറിഞ്ഞ് തിരുത്തുകയാണ് ഇപ്പോള്‍. ആ നോവലുമായി ബന്ധപ്പെട്ട് ഒരു അവകാശവാദവും ഇനി ഞാന്‍ ഉന്നയിക്കില്ല. എന്റെ സര്‍ഗജീവിതത്തിന്റെ ഭാഗമായി ആ നോവലിനെ ഇനി കണക്കാക്കേണ്ടതില്ല.
പി സുരേന്ദ്രന്‍, നോവലിസ്റ്റ്

മുപ്പതിലധികം കൃതികള്‍ എഴുതിയ പി സുരേന്ദ്രന്റെ 'ചൈനീസ് മാര്‍ക്കറ്റ്' എന്ന കൃതിക്ക് ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെയും കേരള ലളിതകലാ അക്കാദമിയുടെയും വിവിധ സംഘടനകളുടെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് പതിപ്പുകള്‍ ഇറങ്ങിയ ഗ്രീഷ്ണമാപിനിയുടെ പുതിയ പതിപ്പ് ഇറക്കേണ്ടതില്ലെന്ന് പ്രസാധകരായ ഡിസി ബുക്‌സിനെ പി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

പ്രമേയപരമായി മാത്രം കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയാണ് മലയാളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആഖ്യാന വൈവിധ്യത്തെ ഒരുതലത്തിലും പരിഗണിക്കുന്നില്ല. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി കഥപോലും അതിന്റെ ആഖ്യാന സവിശേഷത ചര്‍ച്ചചെയ്യാതെ പ്രമേയത്തെ മാത്രം ഉള്ളടക്കമാക്കിയുള്ള ചര്‍ച്ചകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.