ഏഴിമല നാവിക അക്കാഡമിയിലെ കക്കൂസ് മാലിന്യം ഒലിച്ചിറങ്ങുന്നത് കിണറുകളിലേക്ക്; സമരം ചെയ്ത നാട്ടുകാരെ അറസ്റ്റുചെയ്ത് പൊലീസ്; കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍  

April 20, 2017, 5:56 pm
ഏഴിമല നാവിക അക്കാഡമിയിലെ കക്കൂസ് മാലിന്യം ഒലിച്ചിറങ്ങുന്നത് കിണറുകളിലേക്ക്;  സമരം ചെയ്ത നാട്ടുകാരെ അറസ്റ്റുചെയ്ത് പൊലീസ്; കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍   
Kerala
Kerala
ഏഴിമല നാവിക അക്കാഡമിയിലെ കക്കൂസ് മാലിന്യം ഒലിച്ചിറങ്ങുന്നത് കിണറുകളിലേക്ക്;  സമരം ചെയ്ത നാട്ടുകാരെ അറസ്റ്റുചെയ്ത് പൊലീസ്; കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍   

ഏഴിമല നാവിക അക്കാഡമിയിലെ കക്കൂസ് മാലിന്യം ഒലിച്ചിറങ്ങുന്നത് കിണറുകളിലേക്ക്; സമരം ചെയ്ത നാട്ടുകാരെ അറസ്റ്റുചെയ്ത് പൊലീസ്; കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍  

കഴിഞ്ഞ 54 ദിവസമായി കണ്ണൂര്‍ ജില്ലയിലെ രാമന്തളിക്കാര്‍ സമരമുഖത്താണ്. തങ്ങളുടെ കിണറുകളിലെ വെള്ളം മലിനമാക്കി കുടിവെള്ളം മുട്ടിച്ച ഏഴിമല നാവിക അക്കാഡമിക്കെതിരെയാണ് സമരം. നാവിക അക്കാഡമി ജനവാസ പ്രദേശത്തിനടുത്ത് നിര്‍മ്മിച്ച മാലിന്യ പ്ലാന്‍റില്‍ നിന്ന് കക്കൂസ് മാലിന്യം ഉള്‍പ്പെടെ അരിച്ചിറങ്ങുന്നത് പരിസര പ്രദേശത്തെ കിണറുകളിലേക്കാണ്. ഇതിനെതിരെയാണ് ജനകീയ ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം 54 ദിവസം പിന്നിടുമ്പോള്‍ ലഭിച്ചത് നീതിയല്ല പ്രഹരമാണ്. സമരത്തിനു നേതൃത്വം നല്‍കിയവരുടെ ആവശ്യം പരിഗണിക്കാതെ പൊലീസ് സമരക്കാരെ അറസ്ററ് ചെയ്തു നീക്കുകയായിരുന്നു.

മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യവുമായി അധികൃതരുടെ വാതിലുകള്‍ക്ക് മുന്നില്‍ പലതവണ മുട്ടിയെങ്കിലും പരിഹാരമുണ്ടായില്ല ഈ അവഗണനക്കെതിരെയാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. ഇതിനകം പ്രശ്നത്തിന്‍റെ ഗൗരവം മലിനീകരണ നിയന്ത്രണ ബോര്‍ഡും സിഡബ്ല്യൂആര്‍ഡിയും അന്വേഷിച്ചതാണ്. എന്നിട്ടും നടപടി സ്വീകരിക്കുന്നതിനു പകരം വീണ്ടും അന്വേഷണം നീട്ടികൊണ്ടുപോകുന്നത് ജനങ്ങളെ രോക്ഷത്തിലാക്കിയിട്ടുണ്ട്. ഉടന്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കാകും മാലിന്യ പ്ലാന്‍റ് വഴിവെക്കുക.

മാലിന്യമില്ലാത്ത കുടിവെള്ളം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി സമരം നടത്തുന്ന നാട്ടുകാര്‍ക്ക് കടുത്ത അവഹേളനമാണ് അധികൃതരില്‍ നിന്ന് നേരിടേണ്ടി വരുന്നത്. ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രദേശം സന്ദര്‍ശിച്ചെങ്കിലും പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. മാലിന്യ പ്രശ്നത്തില്‍ ഒരു വിട്ടുവീഴ്ച്ചയും സ്വീകരിക്കാത്ത നിലപാടാണ് ഏഴിമല നാവിക അക്കാഡമി സ്വീകരിക്കുന്നത്. ജനകീയ സമരത്തെ കണ്ടില്ലെന്നു നടിച്ച് പ്രശ്നത്തിനുത്തരവാദി തങ്ങളല്ല എന്ന സമീപനത്തിലൂടെ തടിയൂരാനാണ് കേന്ദ്ര സേന ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് സമരസമിതി നേതാക്കളെ ഒഴിവാക്കുന്നതിലും സമരക്കാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

നാവിക അക്കാഡമിയിലെ ശുചിമുറിയിലെ മാലിന്യം തങ്ങളുടെ വീട്ടിലെ കിണറ്റിലല്ല തള്ളേണ്ടത്. മാലിന്യം സംസ്‌കരിക്കാന്‍ പ്രത്യകം പ്ലാന്റ് നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് ഏപ്രില്‍ 18നു രാമന്തളിയില്‍ റോഡ് ഉപരോധം നടത്തിയവരില്‍ 54 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 5 പേരെ റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ളവരെ വിട്ടയച്ചെങ്കിലും സമരം അവസാനിച്ചിട്ടില്ല.

മലീനീകരണ നിയന്ത്രണ ബോര്‍ഡ് ജനകീയ ആരോഗ്യ സമിതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ 1974ല്‍ മലീനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ട്‌വച്ച നിബന്ധനകള്‍ പാലിക്കാതെയാണ് മാലിന്യ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ടെന്ന് സമരസമിതി നേതാവ് വിനോദ്കുമാര്‍ രാമന്‍തളി സൗത്ത് ലെെവിനോട് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി 35 ദിവസമായി നടത്തുന്ന നിരാഹാര സമരത്തിനു നേരെയും അധികൃതര്‍ കണ്ണടയ്ക്കുകയാണ്.

30 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തന്നെ സര്‍ക്കാരിനു വിഷയത്തില്‍ നടപടി സ്വീകരിക്കാവുന്നതാണ്. ഇതൊഴിവാക്കി വീണ്ടും സമിതിതല അന്വേഷണത്തിനുത്തരവിട്ട് നടപടി വെെകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
വിനോദ് കുമാര്‍ രാമന്‍തളി, സമരസമിതി നേതാവ്

2500 ഏക്കറോളം സ്ഥലത്താണ് കണ്ണൂര്‍ ജില്ലയില്‍ ഏഴിമല നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത് ഇതില്‍ 2000 ഏക്കറോളം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെയൊന്നും മലിനീകരണ പ്ലാന്റ് സ്ഥാപിക്കാതെ ജനവാസ പ്രദേശത്തോട് ചേര്‍ന്ന് പ്ലാന്റ് നിര്‍മ്മിച്ചതാണ് രാമന്തളിക്കാരെ ദുരിതത്തിലാക്കിയത്.

ജനവാസ പ്രദേശത്തെ മാലിന്യ പ്ലാന്റ് നാവിക അക്കാഡമിയിലെ കക്കൂസ് മാലിന്യം പ്രദേശത്തെ കിണറുകളിലേക്ക് അരിച്ചിറങ്ങാന്‍ കാരണമായി. ആദ്യമൊന്നും പ്രശ്‌നം നാട്ടുകാര്‍ക്ക് മനസിലായില്ലായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലാണ് കിണറ്റിലെ വെള്ളത്തില്‍ നിറ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം വേനല്‍ക്കാലത്ത് വെള്ളം കലങ്ങുന്നത് സ്വാഭാവികം എന്ന് കരുതി തള്ളികളഞ്ഞെങ്കിലും ദിവസം കടന്നപ്പോഴേക്കും കിണറിലെ വെള്ളത്തിന്റെ നിറം കടുക്കാനും കറുത്ത നിറമാകാനും തുടങ്ങി.

ഇത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. നാട്ടുകാരുടെ പരാതിയില്‍ ജലവിഭവ അതേറിറ്റി വെളളം പരിശോധിച്ചപ്പോള്‍ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 1100 +cfu ആണെന്ന് കണ്ടെത്തിയിരുന്നു. കുടിവെള്ളത്തില്‍ ഇ കൊളെെ ബാക്ടീരിയയുടെ ഉണ്ടാകുന്നത് അത്യന്തം അപകടകരമാണെന്നിരിക്കെയാണ് രാമന്തളിയില്‍ അധികാരികളുടെയും നാടിന്‍റെ സുരക്ഷ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരുടെയും മൂക്കിന്‍ തുമ്പത്ത് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.

നാവിക അക്കാഡമിയുടെ മലിനീകരണപ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശവുമായി കേവലം 12 മീറ്റര്‍ അകലത്താണ് പ്രദേശത്തെ ഏറ്റവും അടുത്ത കിണര്‍. രണ്ടായിരത്തിലധികം ഏക്കര്‍ സ്ഥലം വെറുതെ കിടുക്കുമ്പോള്‍ എന്തിനാണ് ജനവാസ കേന്ദ്രത്തിനടുത്ത് തന്നെ മാലിന്യപ്ലാന്റ് നിലനിര്‍ത്തണമെന്ന വാശി നാവിക അക്കാഡമി കൈക്കൊള്ളുന്നത് എന്ന് സമരത്തിനിറങ്ങിയ നാട്ടുകാര്‍ ചോദിക്കുന്നു . മാലിന്യ പ്രശ്‌നം ഉയര്‍ന്നു വന്നതില്‍ പിന്നെ ജില്ലാകളക്ടറുടെയടക്കം നേതൃത്വത്തില്‍ വിവിധ ബോര്‍ഡുകള്‍ ഇവിടെ എത്തി പരിശോധന നടത്തിയതാണ്. എല്ലാ പരിശോധനയിലും കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാമീപ്യം ഉണ്ടെന്നത് കണ്ടെത്തിയതുമാണ്. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും വിദഗ്ധ സമിതിയെ നിയോഗിച്ച് കാര്യങ്ങള്‍ പഠിക്കുമെന്നാണ് വാഗ്ദാനം നല്‍കിയത്.

ഒരേ കാര്യം തന്നെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ എന്തിനാണ് ഇത്രയധികം വിദഗ്ധ സമിതിയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. വേനല്‍ക്കാലത്ത് തന്നെ മലിനീകരണ പ്ലാന്റ് ഇത്രയധികം പ്രശ്‌നം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ മഴക്കാലത്ത് ഗുരുതരമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. മാറി മാറി വരുന്ന സമിതികള്‍ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനു പകരം മലിനീകരണ പ്ലാന്റ് ഉടന്‍ തന്നെ മാറ്റിസ്ഥാപിച്ച് പ്രശ്‌നത്തിനു ശാശ്വത പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.