കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യശാസന; ‘സര്‍ക്കാരിനോട് ചോദിക്കാതെ എന്തിന് കുരിശില്‍ കൈവെച്ചു? ’

April 20, 2017, 6:26 pm
കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യശാസന; ‘സര്‍ക്കാരിനോട് ചോദിക്കാതെ എന്തിന് കുരിശില്‍ കൈവെച്ചു? ’
Kerala
Kerala
കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യശാസന; ‘സര്‍ക്കാരിനോട് ചോദിക്കാതെ എന്തിന് കുരിശില്‍ കൈവെച്ചു? ’

കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പരസ്യശാസന; ‘സര്‍ക്കാരിനോട് ചോദിക്കാതെ എന്തിന് കുരിശില്‍ കൈവെച്ചു? ’

തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചു.

കുരിശെന്നത് ഈ കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ വലിയതോതില്‍ വിശ്വസിക്കുകയും പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു അടയാളമാണ്. അതിന്റെ നേരെ കൈ വെയ്ക്കാന്‍ പോകുമ്പോള്‍ ഈ സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടാകുമ്പോള്‍ ആ സര്‍ക്കാരുമായി ആലോചിക്കാന്‍ തയ്യാറാകേണ്ടേ? ഇന്ന് കാലത്ത് അവിടത്തെ ജില്ലാ ഭരണാധികരിയെ വിളിച്ച് ഞാന്‍ ചോദിച്ച ചോദ്യമാണിത്. നിങ്ങള്‍ ആരോട് ചോദിച്ചിട്ടാണിത് ചെയ്തത്? ഇവിടെയൊരു സര്‍ക്കാരുണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടേ? എന്തുകൊണ്ട് നിങ്ങള്‍ അതിന് തയ്യാറായില്ല. എന്തിനാണ് ഒരു മഹാകയ്യേറ്റം എന്ന മട്ടിലുള്ള ഭീകരമായ ഒഴിപ്പിക്കലിന് തയ്യാറെടുത്തത്. 144 അവിടെ പ്രഖ്യാപിക്കുന്നു. ഇപ്പോ നിങ്ങള്‍ അവിടെ പൊളിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട് കാണുന്നത്. അവരെ പൂര്‍ണമായും തിരിച്ചു വരണം. 144 പിന്‍വലിക്കണം. കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. പക്ഷെ പൊളിച്ചു കഴിഞ്ഞാണ് ഞാന്‍ സംസാരിക്കുന്നതെന്ന് എനിക്കറിവുണ്ടായിരുന്നില്ല. കാരണം അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കാനാണുദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നില്‍? ഇത് വളരെ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.  
പിണറായി വിജയന്‍

മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരായ റവന്യൂ വകുപ്പിന്റെ നടപടി തുടങ്ങിയിരുന്നു. പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചു നീക്കിയത് ചര്‍ച്ചാവിഷയമായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍.

സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം ഇന്നു രാവിലെ മുതല്‍ ഒഴിപ്പിച്ചത്. വഴിയിലുടനീളം ഇവരെ തടയാനായുളള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്.

ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്. പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി. ഇതിനിടെ വഴിയില്‍ തടസവുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തിചോലയിലാണ് കുരിശ് സ്ഥാപിച്ചുളള ഭൂമി കൈയേറ്റം. നേരത്തെ രണ്ടുതവണയും ഇവിടെ ഒഴിപ്പിക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരെ ഗുണ്ടകള്‍ തടഞ്ഞിരുന്നു. ആത്മീയ കച്ചവടത്തിന്‍റെ പേരില്‍ ഇവിടെ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് കൈയേറിയിരുന്നത്. ഇവിടെയുണ്ടായിരുന്ന താത്കാലിക ഷെഡുകള്‍ ഭൂസംരക്ഷണ സേന കത്തിച്ചു കളഞ്ഞു.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. മതചിഹ്നത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ആത്മീയ കച്ചവടത്തിനുളള ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. രണ്ടുതവണ ഇതിനുളള നീക്കം നടത്തിയെങ്കിലും പ്രതിഷേധം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടി.