മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല; മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമെന്ന് റവന്യു മന്ത്രി; ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും 

April 21, 2017, 10:13 am
മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല; മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമെന്ന് റവന്യു മന്ത്രി; ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും 
Kerala
Kerala
മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല; മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമെന്ന് റവന്യു മന്ത്രി; ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും 

മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല; മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമെന്ന് റവന്യു മന്ത്രി; ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും 

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. മുന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടി സ്വാഭാവികമാണെന്നും റവന്യു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല. കയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് ശക്തമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയ്യേറ്റമായിരുന്ന കുരിശു നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നതോടെയാണ് വിശദീകരണവുമായി റവന്യു മന്ത്രി രംഗത്തുവന്നത്. മൂന്നാറില്‍ നടക്കുന്നത് സ്വാഭാവിക നടപടിയാണ്, അതുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രി പറഞ്ഞതിന് താന്‍ മറുപടി പറയുന്നില്ല, മറുപടി പറയുന്നത് ശരിയുമല്ലെന്നും റവന്യു മന്ത്രി പറഞ്ഞു.

കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഇടുക്കി കളക്ടറേയും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനേയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയിലെ പട്ടയ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലക്ഷ്മി മേഖലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നീക്കം.

സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം ഇന്നലെ രാവിലെ മുതല്‍ ഒഴിപ്പിച്ചത്. വഴിയിലുടനീളം ഉദ്യോഗസ്ഥരെ തടയാനായുളള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്.

വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്. പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി. ഇതിനിടെ വഴിയില്‍ തടസവുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തിചോലയിലാണ് കുരിശ് സ്ഥാപിച്ചുളള ഭൂമി കൈയേറ്റം. നേരത്തെ രണ്ടുതവണയും ഇവിടെ ഒഴിപ്പിക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരെ ഗുണ്ടകള്‍ തടഞ്ഞിരുന്നു. ആത്മീയ കച്ചവടത്തിന്‍റെ പേരില്‍ ഇവിടെ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് കൈയേറിയിരുന്നത്. ഇവിടെയുണ്ടായിരുന്ന താത്കാലിക ഷെഡുകള്‍ ഭൂസംരക്ഷണ സേന കത്തിച്ചു കളഞ്ഞു.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. മതചിഹ്നത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ആത്മീയ കച്ചവടത്തിനുളള ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. രണ്ടുതവണ ഇതിനുളള നീക്കം നടത്തിയെങ്കിലും പ്രതിഷേധം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടി.