‘നെഹ്‌റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്’; മൊബൈല്‍ ഫ്‌ളാഷ് വീശിയുളള പ്രതിഷേധം ഇഷ്ടപ്പെട്ടെന്ന് മന്ത്രി തോമസ് ഐസക്ക്

August 13, 2017, 10:50 am


‘നെഹ്‌റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്’; മൊബൈല്‍ ഫ്‌ളാഷ് വീശിയുളള പ്രതിഷേധം ഇഷ്ടപ്പെട്ടെന്ന് മന്ത്രി തോമസ് ഐസക്ക്
Kerala
Kerala


‘നെഹ്‌റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്’; മൊബൈല്‍ ഫ്‌ളാഷ് വീശിയുളള പ്രതിഷേധം ഇഷ്ടപ്പെട്ടെന്ന് മന്ത്രി തോമസ് ഐസക്ക്

‘നെഹ്‌റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്’; മൊബൈല്‍ ഫ്‌ളാഷ് വീശിയുളള പ്രതിഷേധം ഇഷ്ടപ്പെട്ടെന്ന് മന്ത്രി തോമസ് ഐസക്ക്

ഇന്നലെ നടന്ന നെഹ്‌റു ട്രോഫി വളളം കളി നിരാശയാണ് സമ്മാനിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതേസമയം കരയിലെ ഗ്യാലറികളില്‍ നിന്നും മൊബൈല്‍ ഫ്‌ളാഷുകള്‍ വീശിയുളള പ്രതിഷേധം തനിക്കിഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നടന്ന വളളം കളിയില്‍ അച്ചടക്ക രാഹിത്യമുളള പ്രവൃത്തികള്‍ നടന്നതായി മന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നു. ചുണ്ടന്‍ വളളങ്ങളുടെ മത്സരത്തിലെ ഹീറ്റ്‌സിലെ ടൈമിങ് ശരിയല്ല എന്നുപറഞ്ഞ് ഒരു വളളക്കാര്‍ വഴിമുടക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ പരാതികള്‍ പരിശോധിക്കുമെന്നും കര്‍ക്കശ നടപടിയെടുക്കുമെന്നും ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

ഐസക്കിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ്

നെഹ്റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത് . പക്ഷെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു. ഫൈനല്‍ അനിശ്ചിതമായി അങ്ങിനെ നീണ്ടു പോകുകയാണ്.നേരവും ഇരുട്ടി. പെട്ടെന്ന് കരയിലെ ഗാലറിയില്‍ ഒരു മിന്നാമിന്നി വെളിച്ചം. ആരോ കരയില്‍ മൊബൈലിലെ ഫ്‌ളാഷ് ഓണ്‍ ചെയ്തതാണ്. ചുറ്റുപാട് നിന്നും കുനു കുനെ മോബൈലുകള്‍ മിന്നിത്തുടങ്ങി. ഒരു മെക്‌സിക്കന്‍ വേവ് പോലെ ഇരു കരകളിലും തെക്ക് നിന്ന് വടക്കോട്ട് മൊബൈല്‍ ഫ്‌ളാഷുകള്‍ തെളിയാന്‍ തുടങ്ങി. ഇത്തിരി വെട്ടം ഉദ്ദേശിച്ചാവാം തെളിച്ചതെങ്കിലും വള്ളംകളിയുടെ ശോഭ കെടുത്തിയവര്‍ക്ക് എതിരെയുള്ള നല്ലൊരു പ്രതിഷേധം ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാനും എന്റെ മൊബൈല്‍ വീശി. കാണികള്‍ ആകെ ഒരു ബഹളത്തിനും മുതിരാതെ കൃത്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ചു, സാധാരണ ഗതിയില്‍ കസേര ഒക്കെ തല്ലി പൊളിച്ചു പോകേണ്ടതാണ്. ഈ നിശബ്ദ പ്രതിഷേധം അവസാനിച്ചത് ഫൈനല്‍ തുടങ്ങിയപ്പോള്‍ ആണ്.

ഐസക്ക് വളളംകളി ദിവസമിട്ട ഫെയ്സ്ബുക്ക് സ്റ്റാറ്റസ്

നെഹ്റു ട്രോഫി വള്ളംകളി തുടക്കം ഗംഭീരം ആയിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനം, പ്രൌഡ ഗംഭീരമായ ചടങ്ങ് . നല്ല കാലാവസ്ഥ . ചെറു വള്ളങ്ങളുടെഎല്ലാം ഹീറ്റ്‌സ് കാലത്തെ തന്നെ നടന്നു . മൂന്നു മണി മുതല്‍ ഇവയുടെ ഫൈനലും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ് സും ആണ് നടക്കേണ്ടത് . കാര്യങ്ങള്‍ എല്ലാം ഭംഗിയായി നീങ്ങി . അഞ്ചരയ്ക്ക് അവസാനിപ്പിക്കാന്‍ കഴിയും എന്നാണ് കരുതിയത് . നാലുമണി ആയപ്പോള്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ കല്ല് കടി . തങ്ങളുടെ ഹീറ്റ്‌സിലെ ടൈമിംഗ് ശരിയല്ല എന്ന് പറഞ്ഞു ഒരു വള്ളക്കാര്‍ വഴി മുടക്കി . അരമണിക്കൂറിലേറെ സ്തംഭനം , വെള്ളത്തില്‍ പോലീസിനെ ഒന്നും ഉപയോഗിക്കേണ്ട എന്ന് ഞാന്‍ പറഞ്ഞു . ഒരു സ്പീഡ് ബോട്ടില്‍ നേരെ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി . അവിടെ വളരെ സംഘര്‍ഷ ഭരിതമായ സാഹചര്യം . ചിരിച്ചു കൊണ്ട് ഞാന്‍ വര്‍ത്തമാനം ആരംഭിച്ചു . ഏതായാലും ആരും എന്നോട് കയര്‍ത്തില്ല . വള്ളം കളി നിര്‍ത്തി വയ്ക്കണമെങ്കില്‍ അങ്ങിനെ ആവാം. അല്ലെങ്കില്‍ വള്ളം കളി നടക്കട്ടെ പരാതി ഞാന്‍ തന്നെ പരിശോധിക്കാം . ഏതായാലും കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ ഒരുത്തന്‍ ഇടയില്‍ നിന്ന് സിന്ദാബാദ് വിളിക്കുന്നുണ്ടായിരുന്നു , അപ്പോഴേക്കും വഴിമുടക്കിയ വള്ളം മാറി . സെക്കണ്ട് ലൂസേഴ്‌സ് മത്സരം നടന്നു. മണി അഞ്ചെമുക്കാല്‍ . ഇനി ഫൈനല്‍ മല്‍സരം . അരമണിക്കൂര്‍ പിഴച്ച സ്റ്റാര്‍ട്ടിങ്ങുകള്‍ . ഇതിനു വേണ്ടി യന്ത്ര സംവിധാനം ഉണ്ടാക്കിയതാണ് . പോള കയറി അതിനു കേടു പറ്റി . ഒരു വള്ളം മനപൂര്‍വം പ്രശനം ഉണ്ടാക്കുകയാണെന്ന് വ്യക്തമായി . അവരുടെ പരാതി മറ്റൊരു മത്സര വള്ളത്തില്‍ ഇരുപത്തിയഞ്ച് ശതമാനത്തിലേറെ അന്യസംസ്ഥാനക്കാര്‍ തുഴയാന്‍ കയറി എന്നുള്ളതാണ് . നേരം ഇരുണ്ടു മത്സരം ഉപേക്ഷിച്ച മട്ടായി . പക്ഷെ എന്തോ പൂര്‍ണ്ണമായി ഇരുട്ടാവുന്നതിനു മുന്‍പ് മത്സരംതുടങ്ങി . പരാതി ക്കാരുടെ വള്ളം രണ്ടാമതായി പോയി. സമ്മാനം കൊടുക്കാന്‍ പാടില്ലെന്നവര്‍ . ട്രോഫി മാത്രം കൊടുത്ത് എല്ലാവരും പിരിഞ്ഞു . ഞാന്‍ കണ്ട പല ടൂറിസ്റ്റുകളും എന്നോട് പറഞ്ഞത് . ഞങ്ങള്‍ കളി കാണാന്‍ വന്നിട്ടുണ്ട് എന്നെങ്കിലും ഇവര്‍ വിചാരിക്കേണ്ടതായിരുന്നു എന്നാണ് . അതാണ് വാസ്തവം . അതുകൊണ്ട് സര്‍ക്കാര്‍ ചില കര്‍ക്കശ നടപടികളിലേക്ക് നീങ്ങും . ഉണ്ടായിരിക്കുന്ന പരാതികള്‍ പരിശോധിക്കും . അവ അടിസ്ഥാന രഹിതമെങ്കില്‍ അച്ചടക്ക രാഹിത്യം കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും . ഏതായാലും അടുത്ത വര്‍ഷം ലീഗ് ഫോര്‍മാറ്റിലേക്ക് പോകുമ്പോള്‍ സമൂലമായ പൊളിച്ചെഴുത്ത് തന്നെ വേണ്ടി വരും .