ദയാവധം വേണം; വധത്തില്‍ ദയയും

October 11, 2017, 1:16 pm


ദയാവധം വേണം; വധത്തില്‍ ദയയും
Legal
Legal


ദയാവധം വേണം; വധത്തില്‍ ദയയും

ദയാവധം വേണം; വധത്തില്‍ ദയയും

ഗോധ്ര കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് 2011ല്‍ പ്രത്യേക കോടതി നല്‍കിയ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം തടവാക്കി. വധശിക്ഷയോട് താത്വികമായി വിയോജിപ്പുള്ളതിനാല്‍ കേസിന്റെ ഗുണദോഷവിചിന്തനം നടത്താതെ ഞാന്‍ വിധിയെ സ്വാഗതം ചെയ്യുന്നു. സബര്‍മതി എക്‌സ്പ്രസിലെ എസ്-6 കോച്ചിന് തീയിട്ട് 59 പേര്‍ മരിക്കാനിടയായ കേസാണിത്. ഈ കേസില്‍ മറ്റ് 20 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിചാരണക്കോടതി നല്‍കിയിട്ടുള്ളതും ഹൈക്കോടതി ശരിവച്ചു.

വധശിക്ഷയും ജീവപര്യന്തം തടവുമാണ് ഇന്ത്യന്‍ ശിക്ഷാനിയമം നിര്‍ദേശിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകള്‍.ജീവപര്യന്തം എന്നാല്‍ എന്ത് എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. അത് 14 വര്‍ഷം തടവാണെന്ന് സാമാന്യധാരണയുണ്ട്. അത് ശരിയല്ലെന്നും ജീവപര്യന്തമെന്നാല്‍ ആജീവനാന്ത തടവാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒമ്പതു പേരുടെ ശിക്ഷ 20വര്‍ഷം കഠിനതടവായി മാറ്റിയ പട്‌ന ഹൈക്കോടതി വാസ്തവത്തില്‍ ശിക്ഷ ചുരുക്കുകയാണ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പതിനാല് വര്‍ഷം കഴിയുമ്പോള്‍ പല തരത്തിലുള്ള ആനുകൂല്യങ്ങളും ഇളവുകളും നല്‍കി ജീവപര്യന്തം തടവുകാരെ വിട്ടയക്കുന്ന രീതി ഉള്ളതിനാലാണ് ജീവപര്യന്തത്തെ സംബന്ധിച്ച തെറ്റായ ധാരണ ഉണ്ടായത്. തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നതിനും ശിക്ഷയില്‍ ഇളവ് പ്രഖ്യാപിക്കുന്നതിനും രാഷ്ട്രപതിക്ക് അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ജീവപര്യന്തം തടവെന്നു മാത്രമാണ് നിയമത്തില്‍ പറയുന്നത്. പത്രങ്ങളാണ് അതിനെ ജീവപര്യന്തം കഠിനതടവാക്കി മാറ്റിയത്. ഈ മാറ്റത്തെ സുപ്രീം കോടതിയും അംഗീകരിക്കുന്നു.

കഴുത്തില്‍ കുടുക്കിട്ട് തൂക്കിക്കൊല്ലുന്ന രീതിയാണ് ഇന്ത്യയിലുള്ളത്. ഇത് സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് വേറെയും മാര്‍ഗങ്ങളുണ്ട്. സോക്രട്ടീസിനെ വധിച്ചത് വിഷം കുടിപ്പിച്ചായിരുന്നു. യേശുവിന്റെ വധശിക്ഷ നടപ്പാക്കിയത് കുരിശിലേറ്റിയായിരുന്നു. വിഷം കുത്തിവച്ച് കൊല്ലുന്ന രീതിയും വെടിവച്ച് കൊല്ലുന്ന രീതിയും ചില രാജ്യങ്ങളില്‍ നിലവിലുണ്ട്. ഇന്ത്യയില്‍ത്തന്നെ ആര്‍മി ആക്ടിലും നേവി ആക്ടിലും എയര്‍ ഫോഴ്‌സ് ആക്ടിലും വധശിക്ഷയ്ക്കു വിധിക്കുന്നവരെ വെടിവച്ചു കൊല്ലാന്‍ വ്യവസ്ഥയുണ്ട്. ചില മുസ്‌ലീം രാജ്യങ്ങളില്‍ ശിരഛേദമുണ്ട്. കല്ലെറിഞ്ഞു കൊല്ലുകയെന്നതായിരുന്നു പഴയ കാലത്ത് ജൂതന്മാരുടെ രീതി. സെബസ്ത്യാനോസിന്റെ മരണം അമ്പേറ്റായിരുന്നു.

വധശിക്ഷ മനുഷ്യത്വരഹിതവും പ്രാകൃതവുമാണ്. എന്നാല്‍ നിയമത്തിന്റെയും സമൂഹത്തിന്റെയും അംഗീകാരം അതിനുണ്ട്. എങ്കില്‍ അത് മനുഷ്യത്വത്തോടെയും വേദനാരഹിതമായും നടപ്പാക്കണം. ഈ വിഷയം ഇപ്പോള്‍ സുപ്രീം കോടതി പരിശോധിക്കാന്‍ തയാറായിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നയാളെ മരിക്കുന്നതുവരെ കഴുത്തില്‍ കയറിട്ട് തൂക്കണമെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 354(5) അനുശാസിക്കുന്നു. ഈ വകുപ്പിന്റെ സാധുതയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വേദന മാത്രമല്ല വ്യക്തിയുടെ അന്തസും പരിഗണിക്കപ്പെടണം. ശിക്ഷയുടെ ഭാഗമാണെങ്കിലും അപമാനിതമാകുന്ന മരണം പാടില്ല. മരണവും സംസ്‌കാരവും അന്തസോടെയായിരിക്കണം.

നന്നായി ജീവിക്കുന്നതിനും നന്നായി മരിക്കുന്നതിനുമുള്ള അവകാശം അനുഛേദം ഇരുപത്തിയൊന്നിലുണ്ട്. എന്നാല്‍ ആത്മഹത്യ അനുവദനീയമല്ല. ജീവിതത്തിലേക്ക് തിരിച്ചുവരവിന് സാധ്യതയില്ലാതെ നിര്‍ജീവാവസ്ഥയിലാകുന്നവരെ യന്ത്രസഹായം പിന്‍വലിച്ച് മരിക്കാന്‍ അനുവദിക്കുന്ന ദയാവധം (പാസീവ് യുത്തനാസിയ) നിയമവിധേയമാണെന്ന് സുപ്രീം കോടതി ആറു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചു. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ ദയാവധത്തിന് തന്നെ വിധേയനാക്കണമെന്ന് ആരോഗ്യമുള്ള അവസ്ഥയില്‍ ഒരാള്‍ക്ക് എഴുതിവയ്ക്കാമോ? സ്വത്തിനെ സംബന്ധിക്കുന്ന വില്‍പത്രംപോലെ സ്വന്തം ജീവനെ സംബന്ധിക്കുന്ന ലിവിങ് വില്ലിന്റെ സാധുതയും സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വന്നിരിക്കുന്നു. ഏതടിസ്ഥാനത്തിലും ജീവന്‍ എടുക്കുകയെന്നത് ക്രൂരവും മനുഷ്യത്വരഹിതവുമാണ്. ക്രൂരതയിലും മനുഷ്യത്വവും ദയയും ഉണ്ടാകണം.