തള്ളുന്നതും കൊള്ളുന്നതും കാര്യകാരണസഹിതം 

October 10, 2017, 2:52 pm
തള്ളുന്നതും കൊള്ളുന്നതും കാര്യകാരണസഹിതം 
Legal
Legal
തള്ളുന്നതും കൊള്ളുന്നതും കാര്യകാരണസഹിതം 

തള്ളുന്നതും കൊള്ളുന്നതും കാര്യകാരണസഹിതം 

സുതാര്യതയുടെ അഭാവമാണ് കൊളീജിയത്തെ അസ്വീകാര്യമാക്കിയത്. സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരായി നിയമിക്കുന്നതിന് നല്‍കുന്ന പേരുകളും തള്ളിക്കളയുന്ന പേരുകളും കാരണസഹിതം പരസ്യപ്പെടുത്താന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ ഈ ന്യൂനതയ്ക്ക് പരിഹാരമായി. പരിഹാരത്തില്‍ പോരായ്മകള്‍ എപ്പോഴും ബാക്കിയുണ്ടാകും. പോരായ്മകള്‍ ബാക്കിനിര്‍ത്തിക്കൊണ്ടാണ് ജനാധിപത്യഭാരതം പൂര്‍ണത പ്രാപിക്കാന്‍ പരിശ്രമിക്കുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹൈക്കോടതികളിലേക്കായി 13 പേരുകള്‍ പരിഗണിച്ചതില്‍ തമിഴ്‌നാട്ടിലെ മൂന്നു പേരെ നിരാകരിക്കുകയും ഒരാളുടെ കാര്യം മാറ്റിവയ്ക്കുകയും ചെയ്തു. എടുത്തതിന്റെയും എടുക്കാതിരുന്നതിന്റെയും കാരണങ്ങള്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ വായിക്കാം. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള പാര്‍ലമെന്റിന്റെ ശ്രമത്തെ കോടതി പരാജയപ്പെടുത്തിയതിനുശേഷം കേള്‍ക്കുന്ന നല്ല വാര്‍ത്തയാണിത്.

സ്വയം നവീകരിക്കുന്നതിനുള്ള പ്രാപ്തി കൊളീജിയം തെളിയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ചീഫ് ജസ്റ്റീസുമാരായി ഇരുന്നിട്ടുള്ളവരാണ് ഇപ്പോഴത്തെ കൊളീജിയത്തിലുള്ളത്. മദ്രാസ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസായിരുന്ന കെ ജി ബാലകൃഷ്ണനാണ് അവിടെനിന്ന് കര്‍ണനെ കണ്ടെത്തിയത്. ഇപ്പോഴത്തെ കൊളീജിയത്തിന് ആ വീഴ്ച സംഭവിച്ചില്ല. ബെഞ്ചില്‍നിന്ന് ഉയര്‍ത്തപ്പെട്ടവരുടെ വിധിന്യായങ്ങള്‍ പരിശോധനയ്ക്ക് വിധേയമായി. ഇത് നേരത്തെ ചെയ്തിരുന്നുവെങ്കില്‍ പലരും സുപ്രീം കോടതിയില്‍ എത്തില്ലായിരുന്നു. കൂടാതെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പരിശോധിക്കപ്പെട്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍ മൂന്നു പേരുകള്‍ നിരാകരിക്കപ്പെട്ടത്.

സുതാര്യതയ്‌ക്കൊപ്പം സ്വകാര്യതയും സംരക്ഷിക്കപ്പെടണം. ബെഞ്ചില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍ കാരണം അറിയണം. എ പി ഷാ നിരാകരിക്കപ്പെട്ടതിന്റെയും കെ എം ജോസഫ് നിരാകരിക്കപ്പെടുന്നതിന്റെയും കാരണം പരസ്യമാക്കിയിട്ടില്ല. ഇരുവരും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെന്ന നിലയില്‍ സുപ്രീം കോടതിക്ക് അനഭിമതരായി എന്നതാണ് പറയപ്പെടാത്ത കാരണം. അഭിഭാഷകരെ പരിഗണിച്ച് തള്ളുമ്പോള്‍ കാരണം വ്യക്തമാക്കിയാല്‍ അവര്‍ക്കത് അപകീര്‍ത്തികരമാകും. അവര്‍ അപേക്ഷ നല്‍കി നിയമനം കാംക്ഷിച്ചവരല്ല. വെറുതെ ഇരിക്കുന്നവരെ വിളിച്ചു വരുത്തി കളിയാക്കി വിടരുത്. കിട്ടേണ്ടത് നിഷേധിക്കപ്പെട്ടപ്പോഴാണ് കര്‍ണാടയിലെ ജസ്റ്റീസ് ജയന്ത് പട്ടേല്‍ രാജിവച്ചത്. അര്‍ഹമായത് നല്‍കിയില്ലെന്നു മാത്രമല്ല റിട്ടയര്‍മെന്റിനു മാസങ്ങള്‍ മാത്രം അവശേഷിക്കേ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. കാരണങ്ങള്‍ അറിയുകയും അറിയാതിരിക്കുകയും വേണം. അറിയേണ്ടത് സുതാര്യതയ്ക്കും അറിയാതിരിക്കേണ്ടത് സ്വകാര്യതയ്ക്കും ആവശ്യമാണ്. സുപ്രീം കോടതിയിലേക്ക് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് കേന്ദ്രം ഒഴിവാക്കിയപ്പോള്‍ പുറത്തു വന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് അത്ര ഭൂഷണമായിരുന്നില്ല.

സുപ്രീം കോടതിയില്‍ത്തന്നെ എതിര്‍പ്പുണ്ടായിരുന്നിട്ടും തീരുമാനം നടപ്പാക്കുന്നതില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സ്വീകരിച്ച ഉറച്ച നിലപാട് പ്രശംസനീയമാണ്. കൊളീജിയത്തിന്റെ വിമര്‍ശകനായ ചെലമേശ്വറും തീരുമാനത്തിന്റെ ഭാഗമായി. കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബാധകമായ മെമോറാണ്ടം ഓഫ് പ്രൊസീജിയര്‍ ഇനിയും അന്തിമമായിട്ടില്ല. അല്‍പം വിട്ടുവീഴ്ച ആകാമെങ്കില്‍ അതൊന്നും അധികം സമയമെടുക്കേണ്ട കാര്യങ്ങളല്ല. പല ഹൈക്കോടതികളിലായി ജഡ്ജിമാരുടെ 387 ഒഴിവുകള്‍ നികത്തപ്പെടാന്‍ ഉണ്ടായിരിക്കേ എല്ലാറ്റിനും അല്‍പംകൂടി വേഗതയുണ്ടാകണം.