മുത്തലാഖില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി; ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് പിന്നീട് 

May 18, 2017, 5:54 pm
മുത്തലാഖില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി; ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് പിന്നീട് 
National
National
മുത്തലാഖില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി; ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് പിന്നീട് 

മുത്തലാഖില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി; ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് പിന്നീട് 

ന്യൂ ഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള വാദം പൂര്‍ത്തിയായി. കേസില്‍ വിധിപറയുന്നത് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മാറ്റിവെച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹര്‍ജിക്കാരും കേന്ദ്രസര്‍ക്കാരും മുസ്ലീം വ്യക്തി നിയമ ബോര്‍ഡും നിലപാട് വ്യക്തമാക്കി. വാദത്തിനിടയില്‍ കോടതി പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പറയുകയും ചെയ്തു.

15 വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തപ്പെട്ട സൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴി ചെല്ലിയ ഇഷ്‌റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണു മുത്തലാഖും ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ മുത്തലാഖ് വിഷയത്തിലാണ് കോടതി കേസ് പരിഗണിക്കുന്നതെന്നും ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും പരിഗണനയില്‍ ഇല്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കിക്കൂടേയെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു. വിവാഹകരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും വാദത്തിനിടയില്‍ സുപ്രീം കോടതി മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനോട് നിര്‍ദേശിച്ചു.

ഒറ്റയടിക്കുള്ള മുത്തലാഖിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കണം. താഴെ തട്ടിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. മുത്തലാഖ് പാപമാണെന്ന് പ്രമേയം ഇറക്കിയിട്ടുണ്ടെന്നാണ് ഇതിന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് മറുപടി നല്‍കിയത്. പ്രമേയത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മുത്തലാഖ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നടപടിയെടുക്കാമെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയോ നീതിയോ പരിശോധിക്കേണ്ടതില്ലെന്നാണ് മുസ്ലീം വ്യക്തി നിയമബോര്‍ഡ് കോടതിയെ ബോധിപ്പിച്ചത്. മുത്തലാഖ് 1400 വര്‍ഷമായി ആചരിക്കുന്ന സമ്പ്രദായമാണെന്നും ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമാണിതെന്നും സുപ്രീം കോടതിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വാദിച്ചു.

637 മുതല്‍ മുത്തലാഖ് നിലവിലുണ്ട്, മുസ്ലീം വിഭാഗം ഇത് അനുവര്‍ത്തിച്ച് പോരുന്നു. അതിനാല്‍ അത് അനിസ്ലാമികമാണെന്ന് പറയാന്‍ നമ്മളാരാണെന്നും കപില്‍ സിബല്‍ ചോദിച്ചു. ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഭരണഘടനാപരമായ ധാര്‍മ്മികതയും നീതിയും സംബന്ധിച്ച് യാതൊരു വിധ ചോദ്യങ്ങളും ഉയരുന്നില്ലെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. മറ്റ് മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്ലീം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുത്തലാഖും ചോദ്യം ചെയ്യരുതെന്നാണ് കപില്‍ സിബലിന്റെ വാദം.

മുസ്ലീം മതപണ്ഡിതന്‍മാരും ഖലീഫമാരും ചേര്‍ന്നാണ് വ്യക്തിനിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. രാമന്റെ ജന്മസ്ഥമാണ് അയോധ്യയെന്ന ഹിന്ദുക്കളുടെ വിശ്വാസം ചോദ്യം ചെയ്യാത്തിടത്തോളം മുത്തലാഖിലുള്ള മുസ്ലീങ്ങളുടെ വിശ്വാസവും ചോദ്യം ചെയ്തുകൂടെന്നും കപില്‍ സിബല്‍ പറഞ്ഞു.

മുത്തലാഖ് അത്യന്തം നീചമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ നിയമവിധേയമാകുമെന്നും സുപ്രീം കോടതി ചോദിച്ചു. മറ്റു രാജ്യങ്ങള്‍ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയില്‍ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചിരുന്നു. മുസ്‌ലിം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ് ലിം സമുദായത്തില്‍ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ ഉണ്ടായപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചതെന്നും സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചിരുന്നു.

പാപം ഒരിക്കലും മൗലികമായ അവകാശമല്ല. അനിഷ്ടമായി കാണുന്ന പ്രവൃത്തിക്ക് എങ്ങനെയാണ് നിയമസാധുത നല്‍കാന്‍ കഴിയുക? മതാചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന പവിത്രമായ ഉടമ്പടിയാണ് വിവാഹം. അതിനു രണ്ടു പേരുടെയും സമ്മതം വേണം. വിവാഹ ബന്ധം വേര്‍പെടുത്താനും അതു വേണ്ടേയെന്ന് കോടതി ചോദിച്ചു. മുത്തലാഖ് ഉഭയസമ്മത പ്രകാരമല്ലെന്നും കോടതി ചൂണ്ടികാണിച്ചു.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ സീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. മുത്തലാഖ് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്.