പെഹ്‌ലു ഖാന്റെ കൊലപാതകം: ഗോ രക്ഷാസേനക്കാര്‍ക്ക് ക്ലീന്‍ചിറ്റ്; മരണമൊഴി പോലും പരിഗണിക്കാതെ രാജസ്ഥാന്‍ പൊലീസിന്റെ സംഘപരിവാര്‍ ദാസ്യം

September 14, 2017, 10:55 am
പെഹ്‌ലു ഖാന്റെ കൊലപാതകം: ഗോ രക്ഷാസേനക്കാര്‍ക്ക് ക്ലീന്‍ചിറ്റ്; മരണമൊഴി പോലും പരിഗണിക്കാതെ രാജസ്ഥാന്‍ പൊലീസിന്റെ സംഘപരിവാര്‍ ദാസ്യം
National
National
പെഹ്‌ലു ഖാന്റെ കൊലപാതകം: ഗോ രക്ഷാസേനക്കാര്‍ക്ക് ക്ലീന്‍ചിറ്റ്; മരണമൊഴി പോലും പരിഗണിക്കാതെ രാജസ്ഥാന്‍ പൊലീസിന്റെ സംഘപരിവാര്‍ ദാസ്യം

പെഹ്‌ലു ഖാന്റെ കൊലപാതകം: ഗോ രക്ഷാസേനക്കാര്‍ക്ക് ക്ലീന്‍ചിറ്റ്; മരണമൊഴി പോലും പരിഗണിക്കാതെ രാജസ്ഥാന്‍ പൊലീസിന്റെ സംഘപരിവാര്‍ ദാസ്യം

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ഗോരക്ഷാസേന നടുറോഡിലിട്ട് തല്ലിക്കൊന്ന ഹരിയാന സ്വദേശി പെഹ്‌ലു ഖാന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്ന് പൊലീസ് തീരുമാനം. പൊലീസ് അറസ്റ്റ് ചെയ്ത ആറ് പേര്‍ കുറ്റക്കാരല്ല എന്നാണ് പുതിയ ഭാഷ്യം. ഇവരില്‍ മൂന്ന് പേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരാണ്. പെഹ്‌ലു ഖാന്റെ ഡയറി ഫാമിലെ തൊഴിലാളിയുടെ മൊഴി, മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് പിടികൂടിയവരെ കുറ്റവിമുക്തരാക്കാനുള്ള പൊലീസ് തീരുമാനം.

പെഹ്‌ലു ഖാനെ ആക്രമിച്ച ദിവസം ഓം യാദവ് (45), ഹുക്കും ചന്ദ് യാദവ് (44). സുധീര്‍ യാദവ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സെയിനി (24) എന്നിവര്‍ സംഭവം നടന്ന ദിനം പെഹ്‌ലു ഖാന്റെ ഡയറി ഫാം രത് ഗോശാലയുടെ നാല് കിലോമീറ്റര്‍ പരിസരത്തുണ്ടായിരുന്നതായി ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. അക്രമസമയത്തെ ഇവരുടെ മൊബൈല്‍ ടവര്‍ ലോക്കേന്‍ പരിശോധിച്ച ശേഷവുമാണ് അക്രമികള്‍ക്ക് പൊലീസ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതായും അതിനാല്‍ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെന്നും ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ജെയ്പൂരിലെ മാര്‍ക്കറ്റില്‍ നിന്നും ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടുവരുന്നതിനിടെ ഏപ്രില്‍ 11ന് അല്‍വാരിന് അടുത്ത് വെച്ചാണ് പെഹ്‌ലു ഖാന്‍ ആക്രമിക്കപ്പെട്ടത്. പശുക്കളെ കടത്തുന്നതിന് ആവശ്യമായ രേഖകള്‍ പെഹ്‌ലു ഖാന്റെ കൈവശമുണ്ടായിരുന്നു. അക്രമികള്‍ പരസ്പരം പേര് വിളിച്ച് പറഞ്ഞതായി പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇര്‍ഷാദിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സമര്‍ദം കൊണ്ടാണ് പൊലീസ് ഈ നിലപാട് സ്വീകരിക്കുന്നത് എന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

മരണത്തിന് മുമ്പ് പെഹ്‌ലു ഖാന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് മജിസ്ട്രേറ്റിന് മുമ്പില്‍ അല്ലെങ്കിലും മരണമൊഴിയായി രേഖപ്പടുത്താമെന്ന് അഭിഭാകരും അറിയിച്ചിരുന്നു. പെഹ്‌ലു ഖാന്റെ മരണമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെആറ് പേര്‍ക്കെതിരെയും തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഐസിയുവില്‍ രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് പെഹ്‌ലു ഖാന്‍ മരണമടഞ്ഞത്.

ആക്രമങ്ങളുടെ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ ഒന്‍പത് പേര്‍ക്കെതിരെയുള്ള കേസ് തുടരുകയാണ്. ഇവരില്‍ രണ്ട് പേരെ ഇനിയും പിടിക്കൂടിയിട്ടില്ല.

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് അല്‍വാര്‍ പൊലീസിന് അയച്ചിരുന്നു. ഇതിന് പിന്നാലെ അക്രമികളെ കുറിച്ച് വിരം നല്‍കുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന 50,000 രൂപ പാരിതോഷികം പൊലീസ് പിന്‍വലിച്ചു. പ്രതിച്ചേര്‍ക്കപ്പെട്ടവര്‍ക്ക് എതിരെ തെളിവ് ഇല്ലെന്ന് കണ്ടെത്തിയത് കൊണ്ടാണ് ഇതെന്ന് അല്‍വാര്‍ സൂപ്രഡിനന്റ് രാഹുല്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.