തെരുവിലെ ജീവിതങ്ങളെ മറച്ച് ലോകനേതാക്കളെ വരവേല്‍ക്കുന്ന വൈബ്രന്റ് ഗുജറാത്ത്! ‘ഞങ്ങളും ഗുജറാത്തികള്‍’; നിങ്ങള്‍ക്കെന്തിന് നാണക്കേടെന്ന് ചേരിനിവാസികള്‍ 

January 11, 2017, 6:13 pm
തെരുവിലെ ജീവിതങ്ങളെ മറച്ച് ലോകനേതാക്കളെ വരവേല്‍ക്കുന്ന വൈബ്രന്റ് ഗുജറാത്ത്! ‘ഞങ്ങളും ഗുജറാത്തികള്‍’; നിങ്ങള്‍ക്കെന്തിന് നാണക്കേടെന്ന്  ചേരിനിവാസികള്‍ 
National
National
തെരുവിലെ ജീവിതങ്ങളെ മറച്ച് ലോകനേതാക്കളെ വരവേല്‍ക്കുന്ന വൈബ്രന്റ് ഗുജറാത്ത്! ‘ഞങ്ങളും ഗുജറാത്തികള്‍’; നിങ്ങള്‍ക്കെന്തിന് നാണക്കേടെന്ന്  ചേരിനിവാസികള്‍ 

തെരുവിലെ ജീവിതങ്ങളെ മറച്ച് ലോകനേതാക്കളെ വരവേല്‍ക്കുന്ന വൈബ്രന്റ് ഗുജറാത്ത്! ‘ഞങ്ങളും ഗുജറാത്തികള്‍’; നിങ്ങള്‍ക്കെന്തിന് നാണക്കേടെന്ന് ചേരിനിവാസികള്‍ 

ലോകത്തെ ഏറ്റവും ഡിജിറ്റല്‍വത്കൃത സമ്പദ് വ്യവസ്ഥയുടെ വാതില്‍പ്പടിയിലാണ് ഇന്ത്യ. ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥകളില്‍ ഉലച്ചില്‍ത്തട്ടിയപ്പോഴും നമ്മള്‍ ശക്തമായ വളര്‍ച്ച കാണിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് തിളങ്ങുന്ന സ്ഥാനം അലങ്കരിക്കുന്നു. ജനസംഖ്യയിലും ജനാധിപത്യത്തിലുമാണ് ഇന്ത്യയുടെ കരുത്ത്. ചിലര്‍ പറയും ജനാധിപത്യത്തില്‍ കാര്യക്ഷമമായ ഭരണനിര്‍വഹണം നടക്കില്ലെന്ന്. പക്ഷെ, കഴിഞ്ഞ രണ്ടര വര്‍ഷമായി കാര്യങ്ങള്‍ കൃത്യതയോടെ നടക്കുന്നത് നമ്മള്‍ കാണുന്നുണ്ട്.

ഗാന്ധിനഗറില്‍ നടന്ന എട്ടാമത് ഗുജറാത്ത് വൈബ്രന്റ് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങളാണ് മുകളില്‍. വിദേശത്ത് നിന്നുള്ള പ്രതിനിധികളും ആഗോള ഭീമന്‍മാരായ കമ്പനികളുടെ സിഇഒമാരും നൊബേല്‍ സമ്മാന ജേതാക്കളേയും സാക്ഷിയാക്കിയായിരുന്നു മോഡിയുടെ മേല്‍ അവകാശവാദങ്ങള്‍.

നിക്ഷേപ സംഗമത്തില്‍ വരുന്ന നേതാക്കളെ 'ഗുജറാത്ത് മോഡല്‍ വികസനം' കാണിക്കാന്‍ അധികൃതര്‍ ചെയ്ത കാര്യം കണ്ടറിഞ്ഞാല്‍ ഭരണാധികാരികളുടെ വാചക കസര്‍ത്തും യാഥാര്‍ത്ഥ്യവും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ടെന്ന് മനസ്സിലാകും. ഗുജറാത്തിലെ തെരുവുജീവിതങ്ങളെ നിക്ഷേപ സംഗമത്തില്‍ എത്തുന്നവരുടെ കണ്ണില്‍പ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധി അധികാരികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് എയര്‍പോര്‍ട്ടില്‍ നിന്നും വൈബ്രന്റ് ഗുജറാത്ത് സംഗമം നടക്കുന്ന ഗാന്ധിനഗറിലേക്ക് പോകുന്ന വഴിയില്‍ ഇന്ദിരാ ബ്രിഡ്ജിനടത്തുള്ള ചേരി മുഴുവന്‍ ഉയരത്തിലുള്ള പച്ച ഷീറ്റ് കൊണ്ട് നീളെ മറച്ചു.

അധികൃതരുടെ നടപടിയില്‍ രോഷാകുലരാണ് ചേരിനിവാസികള്‍. 'ഞങ്ങളും ഗുജറാത്തികളാണ്, ഞങ്ങളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്കെന്തിന് നാണക്കേട്?'- എന്നാണ് ഗുജറാത്ത് സര്‍ക്കാരിനോടുള്ള ചേരിനിവാസികളുടെ ചോദ്യം.

ഞാനും ഇന്ത്യക്കാരനാണ്. എനിക്കും വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമുണ്ട്. ഞാനൊരു ഗുജറാത്തിയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ദുരിതം ജിവിതം നയിക്കാന്‍ നിര്‍ബന്ധിതനായ ഒരാളാണ് ഞാന്‍. അവര്‍ ഞങ്ങള്‍ താമസിക്കുന്ന ചേരി മറച്ചു. അങ്ങനെ ചെയ്താല്‍ റോഡ് വഴി കടന്നുപോകുന്ന ധനികര്‍ ഞങ്ങളുടെ ദാരിദ്ര്യം കാണില്ലല്ലോ?
ചന്ദാബെന്‍, ചേരിയില്‍ താമസിക്കുന്ന ഒരു സ്ത്രീ.

സര്‍ക്കാര്‍ എന്തിനാണ് തങ്ങളെ അന്യരായി കാണുന്നതെന്ന് ചോദിക്കുന്നു ഹരേഷ് ശരണ്യ എന്ന മറ്റൊരു ചേരിനിവാസി.

ഞങ്ങള്‍ അപമാനിതരായി. ഞങ്ങള്‍ ഗുജറാത്തിന്റെ ഭാഗമല്ലേ? ചേരി ഒരു യാഥാര്‍ത്ഥ്യമാണ്. ഗുജറാത്തിലെ ഓരോ വീടും മോടിയുള്ളതാക്കാന്‍ കഴിയില്ല. എന്തിനാണ് ദരിദ്രരോട് മാത്രം ഈ വിവേചനം? ബിജെപിക്ക് വോട്ട് ചെയ്തയാളാണ് ഞാന്‍. ഗുജറാത്തില്‍ നിന്നുമൊരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിലും ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ വിശിഷ്ട വ്യക്തികളില്‍ നിന്നും ഞങ്ങളെ മറച്ചുപിടിക്കുന്ന സര്‍ക്കാര്‍ നടപടി വേദനയുണ്ടാക്കുന്നു.
ഹരേഷ് ശരണ്യ

ഇന്ദിരാ ബ്രിഡ്ജിനടത്ത് ഒന്നരകിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന ശരണ്യവാസ് ചേരിയിലെ 556 കുടിലുകളിലായി 3,000ത്തോളം പേരാണ് താമസിക്കുന്നത്. ചേരി മറച്ചത് നിക്ഷേപ സംഗമത്തിന് വേണ്ടിയാണെന്ന വിമര്‍ശനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ തള്ളിയെങ്കിലും പച്ചമറ വിദേശികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പറയുന്നതില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരു മടിയുമില്ല. അഹമ്മദാബാദ് മിററിനോടുള്ള ഒരുദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ-

വിശിഷ്ട വ്യക്തികളുടെ കാഴ്ച്ചയില്‍ നിന്നും ചേരി മറയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല.

സര്‍ക്കാര്‍ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ മാനസികാവസ്ഥയാണ് പച്ചമറയിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്‌വാഡിയ പ്രതികരിച്ചു. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തില്‍ ബിജെപി വിശ്വസിക്കുന്നില്ല. ധനികര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.