ചന്ദ്രശേഖര്‍ ആസാദ്: ഭീം ആര്‍മിയെന്ന ദളിത് മുന്നേറ്റത്തിന്റെ പുതിയ മുഖം 

May 21, 2017, 8:38 pm
ചന്ദ്രശേഖര്‍ ആസാദ്: ഭീം ആര്‍മിയെന്ന ദളിത് മുന്നേറ്റത്തിന്റെ പുതിയ മുഖം 
Newsmaker
Newsmaker
ചന്ദ്രശേഖര്‍ ആസാദ്: ഭീം ആര്‍മിയെന്ന ദളിത് മുന്നേറ്റത്തിന്റെ പുതിയ മുഖം 

ചന്ദ്രശേഖര്‍ ആസാദ്: ഭീം ആര്‍മിയെന്ന ദളിത് മുന്നേറ്റത്തിന്റെ പുതിയ മുഖം 

സഹാരന്‍പൂര്‍ ജാതി സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെതിരെ ദളിത് വിഭാഗക്കാരുടെ കൂറ്റന്‍ പ്രതിഷേധറാലി നടന്നു. റാലി നടത്തരുതെന്ന ഡെല്‍ഹി പൊലീസ് വിലക്ക് മറികടന്നാണ് യുപിയില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് ദളിതര്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടിയത്.

ഭീം ആര്‍മി എന്ന പുതിയ ദളിത് മുന്നേറ്റ സംഘടനയുടെ നേതൃത്വത്തിലായിരുന്നു റാലി. ശഹരണ്‍പൂര്‍ ജാതിസംഘര്‍ഷത്തെത്തുടര്‍ന്ന് യുപി പൊലീസ് ദളിത് വിരുദ്ധയും പക്ഷപാതവും കാണിക്കുയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. റാലിക്ക് അനുമതി തേടി ദളിത് നേതാക്കള്‍ പൊലീസിനെ സമീപിച്ചപ്പോള്‍ അമ്പതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍ക്ക് പ്രതിഷേധം നടത്താന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം നല്‍കിയത്. എന്നാല്‍ അതൊന്നും ദളിത് യുവതീ യുവാക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ തങ്ങള്‍ക്കെതിരെ സഹാരന്‍പൂറിലും രാജ്യത്താകമാനം നടക്കുന്ന ജാതീയമായ അടിച്ചമര്‍ത്തലിനെതിരെ അവരുടെ പ്രതിഷേധം ഉയര്‍ത്തുക തന്നെ ചെയ്തു.ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.

സഹാരന്‍പൂര്‍ സംഘര്‍ഷത്തില്‍ ദളിത് യുവാക്കളെ കുറ്റവിമുക്തരാക്കാണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രതിഷേധത്തിനിടെ അനേകം .യുവാക്കള്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഹിന്ദു ആചാരപ്രകാരം ധരിച്ചിരുന്ന ചരടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ഇവര്‍ ഹിന്ദുമതം ഉപേക്ഷിച്ചത്.

ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നു എന്ന് ആരോപിച്ച് ദളിത് യുവാക്കളെ ആക്രമിച്ചതിനെതിരെ ഗുജറാത്തിലാകെ ഉയര്‍ന്ന ദളിത് മുന്നേറ്റത്തിനു ശേഷം രാജ്യമാകെ ശ്രദ്ധിച്ച പ്രക്ഷോഭമായിരുന്നു ഭീം ആര്‍മിയുടേത്. ഗുജറാത്തിലെ ഉനയിലെ പ്രക്ഷോഭത്തെ നയിച്ചത് ജിഗ്നേഷ് മേവാനിയെന്ന ദളിത് അഭിഭാഷകന്‍ ആണെങ്കില്‍ ഭീം ആര്‍മിയെ നയിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ആസാദ് എന്ന അഭിഭാഷകനാണ്.

മുപ്പത്കാരനായ ചന്ദ്രശേഖര്‍ ആസാദ് മനുഷ്യാവകാശ വിഷയങ്ങളിലും പരിസ്ഥിതി പോരാട്ടങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. ചന്ദ്രശേഖറാണ് ഭീം ആര്‍മി ഏക്താ മിഷന്‍ എന്ന ദളിത് സംഘടന രൂപീകരിക്കുന്നത്. തന്നെ രാവണന്‍ എന്ന് വിളിക്കപ്പെടണമെന്ന് ഈ യുവനേതാവ് ആഗ്രഹിക്കുന്നു. ഹിന്ദു പുരാണത്തില്‍ രാവണനെ അസുരനായും അദ്ദേഹം താഴ്ന്ന ജാതിയില്‍പ്പെട്ടവനാണെന്ന് കരുതുകയും ചെയ്യുന്നു. തുല്യനീതിക്ക് വേണ്ടിയാണ് രാവണന്‍ സമരം പോരാട്ടം നടത്തിയത് എന്നാണ് ചന്ദ്രശേഖറിന്റെ പക്ഷം.

ചന്ദ്രശേഖറിന്റെ പിതാവ് ഗോവര്‍ദ്ധന്‍ ദാസ് സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടക്കുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ ധീരമായി ശബ്ദം ഉയര്‍ത്തിയ വ്യക്തിത്വമാണ് ഗോവര്‍ദ്ധന്‍ ദാസ്. തന്റെ പിതാവിനു ശേഷം 2014ലാണ് ചന്ദ്രശേഖര്‍ ഭീം ആര്‍മി ഏക്താ മിഷന്‍ രൂപീകരിക്കുന്നത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്നതാണ് ഭീം ആര്‍മിയുടെ ലക്ഷ്യം.

2014ല്‍ രജ്പുത് വിഭാഗക്കാരും ദളിതുകളും പാര്‍ക്കുന്ന ഉത്തര്‍പ്രദേശിലെ ഗാര്‍ക്കോളി ഗ്രാമത്തില്‍ ‘ഗ്രേറ്റ് ചമര്‍ നിങ്ങളെ ഗര്‍ക്കോളി ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നു’ എന്ന് ഭീം ആര്‍മി ബോര്‍ഡ് വെച്ചിരുന്നു. ഈ ബോര്‍ഡ് ഉയര്‍ന്ന ജാതിക്കാര്‍ കരി ഓയില്‍ ഒഴിച്ച് മായ്ച്ചു കളഞ്ഞ സംഭവത്തോടെയാണ് ഭീം ആര്‍മി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സവര്‍ണര്‍ അംബേദ്ക്കര്‍ പ്രതിമയിലും കരിഓയില്‍ ഒഴിച്ചു. ഇതോടെ ഭീം ആര്‍മി ഇല്ലാതാവുമെന്ന പ്രതീക്ഷയിലായിരുന്നു അത്.

2015ല്‍ രജ്പുത് വിഭാഗക്കാര്‍ കോളേജുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തുന്ന അനീതികള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സംഭവത്തില്‍ ഭീം ആര്‍മി സജീവമായി പങ്കെടുക്കുകയും ദളിത് ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍എസ്എസ് നടത്തിയ സഹാരന്‍പൂറില്‍ വലിയ പ്രചരണങ്ങളെ ഭീം ആര്‍മി തുറന്ന് കാട്ടിയിരുന്നു. മുസ്ലീങ്ങള്‍ ദളിതുകള്‍ക്കെതിരെയാണെന്നായിരുന്നു ആര്‍എസ്എസ് പ്രചരണം. വളരെ വലിയ തോതിലുള്ള ഇടപെടല്‍ നടത്തിയാണ് ഭീം ആര്‍മി ഇതിനെ പൊളിച്ചു കാട്ടിയത്.

ഭീം ആര്‍മി രാജ്യത്തെ ദളിതുകളുടെ ചരിത്രം പുതിയതായി എഴുതുകയും സ്വയം പ്രതിരോധം അവശ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. തങ്ങള്‍ ആക്രമണത്തിന് എതിരാണെന്നും എന്നാല്‍ തങ്ങള്‍ക്ക് നേരെ കൊലപാതക ശ്രമങ്ങളുണ്ടാവുന്നുണ്ടെങ്കില്‍ പ്രതിരോധിക്കുക തന്നെ ചെയ്യും എന്നാണ് ആര്‍മിയുടെ നിലപാട്.

ഭീം ആര്‍മി അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക മാത്രമല്ല ബോധവത്കരണ ക്ലാസ്സുകളും ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. ഗുരു രവിദാസ്, ബുദ്ധ ജയന്തി, അംബേദ്ക്കര്‍ ജയന്തി ദിനങ്ങളില്‍ വലിയ സാംസ്‌ക്കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

പൊലീസിന്റെ ദളിത് വിരുദ്ധതയില്‍ പ്രതിഷേധിച്ച് ശഹരണ്‍പൂരിലെ 180 ദളിത് കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം ബുദ്ധമതം സ്വീകരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് സവര്‍ണസമുദായക്കാരായ താക്കൂര്‍ വിഭാഗക്കാര്‍ ദളിതരെ ആക്രമിച്ചതിനെത്തുടര്‍ന്ന് ശഹരണ്‍പൂരില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധസമ്മേളനം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരവധി ദളിത് വിഭാഗക്കാര്‍ക്കും പൊലീസിനും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഒട്ടേറെ ദളിത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.