കയ്യകലത്തില്‍ നഷ്ടമായ സംസ്ഥാന സെക്രട്ടറി പദം; കയ്യില്‍നിന്ന് വഴുതിയ മന്ത്രിപദം; പിണറായിയുടെ രണ്ടാമന്‍ ഇപി ജയരാജന്റെ വളര്‍ച്ചയും വീഴ്ചയും ഇങ്ങനെ 

October 14, 2016, 3:08 pm
കയ്യകലത്തില്‍ നഷ്ടമായ സംസ്ഥാന സെക്രട്ടറി പദം; കയ്യില്‍നിന്ന് വഴുതിയ മന്ത്രിപദം; പിണറായിയുടെ രണ്ടാമന്‍ ഇപി ജയരാജന്റെ വളര്‍ച്ചയും വീഴ്ചയും ഇങ്ങനെ 
Newsmaker
Newsmaker
കയ്യകലത്തില്‍ നഷ്ടമായ സംസ്ഥാന സെക്രട്ടറി പദം; കയ്യില്‍നിന്ന് വഴുതിയ മന്ത്രിപദം; പിണറായിയുടെ രണ്ടാമന്‍ ഇപി ജയരാജന്റെ വളര്‍ച്ചയും വീഴ്ചയും ഇങ്ങനെ 

കയ്യകലത്തില്‍ നഷ്ടമായ സംസ്ഥാന സെക്രട്ടറി പദം; കയ്യില്‍നിന്ന് വഴുതിയ മന്ത്രിപദം; പിണറായിയുടെ രണ്ടാമന്‍ ഇപി ജയരാജന്റെ വളര്‍ച്ചയും വീഴ്ചയും ഇങ്ങനെ 

'ഇപി ജയരാജന്റെ ധൈര്യവും എംവി ഗോവിന്ദന്റെ നന്മയും ഉള്ള നേതാവ് വേണം'. വിഎസ്-പിണറായി വിഭാഗീയതില്‍ അണികള്‍ കടുത്ത നിരാശയിലാണ്ട കാലം. പാര്‍ട്ടിയുടെ അതിജീവനത്തിന് ഒരു മുതിര്‍ന്ന നേതാവിന്റെ ഒറ്റമൂലിയായിരുന്നു ഈ ഉത്തരം. കണ്ണൂരിലെ നേതാക്കളും അണികളും ഇപി ജയരാജനില്‍കാണുന്നത് ഒരു ധൈര്യമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞാല്‍ പാതിരാത്രിയിലും അതിവേഗം സ്ഥലത്ത് എത്തുന്ന ധൈര്യം. അത്, ഏതുരാഷ്ട്രീയ എതിരാളികളുടെ ശക്തിദുര്‍ഘമാണെങ്കിലും പോലും. അണികള്‍ക്ക് ആത്മവീര്യം പകരുന്ന ഈ ധൈര്യമുണ്ടെങ്കിലും ഒരു ന്യൂനത ജയരാജനില്‍ അവര്‍ കണ്ടു. നയിക്കാന്‍ ധൈര്യമുള്ള ഒരു നേതാവിനെ തേടുമ്പോഴും അനൗദ്യോഗികഭാഷണങ്ങളിലെല്ലാം ഈ ന്യൂനത മുഴച്ചുനിന്നു.

കല്യാശേരി ഇരിണാവില്‍ 1950ലാണ് ഇപി ജയരാജന്റെ ജനനം. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തി. 1980ല്‍ ഡിവൈഎഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ സംഘടനയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റായി. ഹനന്‍മുള്ളയായിരുന്നു ആദ്യ ജനറല്‍ സെക്രട്ടറി. മണിക് സര്‍ക്കാര്‍ വൈസ് പ്രസിഡന്റും. ഇപി ജയരാജന്‍ അഖിലേന്ത്യാ പ്രസിഡന്റായിരിക്കുമ്പോള്‍ ഡിവൈഎഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ പിന്നീടുള്ള വഴിയില്‍ ഇപി ജയരാജനേക്കാള്‍ മുന്നിലെത്തി കോടിയേരി. പിണറായി വിജയന് കീഴില്‍ ഒരു കുടക്കീഴില്‍ നില്‍ക്കുമ്പോഴും ഇരുവര്‍ക്കുമിടയിലെ ഈ മുപ്പിളമ തര്‍ക്കം പാര്‍ട്ടിഘടനയില്‍ പിന്നീടങ്ങോട്ട് എല്ലാകാലവും തുടര്‍ന്നു.

Also Read: ‘സര്‍ക്കാരിന്റെ യശ്ശസ് കാക്കാന്‍’ ഇപി ജയരാജന്‍ രാജിവെച്ചു; സംഘടനാ നടപടി കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരിക്കെ സിപിഐഎമ്മിന്റെ നേതൃനിരയിലേക്ക് ഇപി ജയരാജനെത്തി. എംവി രാഘവനും പിണറായി വിജയനും കീഴില്‍ ഊര്‍ജവും ചടുലതയുമുള്ള യുവനേതാവായി. എംവിആറിനൊപ്പം കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളുടെ ഒരുസംഘം ഒരുമിച്ച് പാര്‍ട്ടിയെ കൈവിട്ടപ്പോള്‍ യുവനേതാക്കള്‍ക്ക് മുന്‍നിരയിലെത്താനുള്ള വലിയ വഴി തുറന്നുകിട്ടി. ജയരാജനും കോടിയേരിയുമുള്‍പ്പെട്ട യുവനേതാക്കള്‍ ജില്ലാ നേതൃത്വത്തിലെ പ്രധാനികളായി. പാര്‍ട്ടിയില്‍നിന്ന് പുറത്തായ എംവി രാഘവന്‍ 1987ല്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ നേരിടാന്‍ പാര്‍ട്ടി നിയോഗിച്ചത് ഇപി ജയരാജനെ. കന്നി അംഗത്തില്‍ രാഘവനോട് തോറ്റു. പക്ഷെ ജയരാജന്‍ പാര്‍ട്ടിയിലും പൊതുരംഗത്തും വളര്‍ന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അഴീക്കോടുനിന്ന് തന്നെ ജയരാജന്‍ ആദ്യമായി നിയമസഭയിലെത്തി. എതിരാളി രാഘവനായിരുന്നില്ലന്ന് മാത്രം. ആ സഭയിലെ ജയരാജന്റെ ശ്രദ്ധേയ നീക്കം എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാലിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതായിരുന്നു. സഭയെയും സംസ്ഥാന രാഷ്ട്രീയത്തെയും ഈ ആരോപണം പിടിച്ചുലച്ചു.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയര്‍ന്നപ്പോള്‍ ജില്ലാ സെക്രട്ടറിയായി. രാഷ്ട്രീയ സംഘട്ടനങ്ങള്‍ കണ്ണൂരിനെ തിളച്ചുമറിച്ചകാലം. കോണ്‍ഗ്രസുമായും ആര്‍എസ്എസുമായുമുള്ള സംഘട്ടനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ജില്ലാ സെക്രട്ടറിയുടെ ചമുതലകൂട്ടി. കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കെ സുധാകരന്റെ സാന്നിധ്യം ഏറ്റുമുട്ടലിന്റെ വീര്യമേറ്റി. രാഘവനും സുധാകരനും ചേര്‍ന്ന ദ്വന്ദത്തെ രാഷ്ട്രീമായും കായികമായും നേരിടുകയെന്ന വെല്ലുവിളിയായിരുന്നു ഇപി ജയരാജന്. ജില്ലാ സെക്രട്ടറിയായിരിക്കെ ചണ്ഡീഗഡില്‍നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ 1995 ഏപ്രില്‍ 12ന് ആന്ധ്രയിലെ ചിരാല റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിയില്‍വെച്ച് വാടക കൊലയാളി സംഘത്തിന്റെ വെടിയേറ്റു. എംവി രാഘവനും കെ സുധാകരനും ചേര്‍ന്ന് നിയോഗിച്ച ഗുണ്ടകളാണ് ആക്രമിച്ചതെന്ന് ജയരാജനും സിപിഐഎമ്മും ആരോപിച്ചു. തലയ്ക്ക് വെടിയേറ്റ ജയരാജന് ഇംഗ്ലണ്ടില്‍ വിദഗ്ധ ചികിത്സ നല്‍കി. വെടിയുണ്ടയുടെ അംശം ഇപ്പോഴും തലയില്‍ നീക്കം ചെയ്യാനാകാതെ നില്‍ക്കുന്നുവെന്ന് ജയരാജനും സിപിഐഎമ്മും പറയുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ നാലുതവണ ബോംബേറുണ്ടായി. ഇതിന് മുമ്പ് എസ്എഫ്‌ഐയിലും ഡിവൈഎഫിയിലും പ്രവര്‍ത്തിച്ചപ്പോള്‍ പൊലീസ് മര്‍ദനമേറ്റു. 1971ല്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി സമരത്തില്‍ പങ്കെടുത്ത് ജയിലായി. അടിയന്തരാവസ്ഥകാലത്ത് ആറുമാസം തടവിലായി.

ജില്ലാ സെക്രട്ടറിയായിരിക്കെ ഇടക്കാലത്ത് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയം ഉപേക്ഷിച്ച് മറ്റ് മേഖലയിലേക്ക് തിരിയുന്നതിനായിരുന്നു നീക്കം. പിണറായി വിജയനും പാര്‍ട്ടിയിലെ മറ്റുള്ളവരും പ്രേരിപ്പിച്ച് ആ തീരുമാനം മാറ്റി. പിണറായി വിജയന്റെ വലംകയ്യും ഇടങ്കയ്യുമായി കോടിയേരി ബാലകൃഷ്ണും ഇപി ജയരാജനും. പാര്‍ട്ടിയിലെ ചേരിപ്പോരുകളില്‍ പിണറായിയുടെ നീക്കങ്ങള്‍ ഇരുവരും ഒരുപോലെ പ്രായോഗിക തലത്തിലെത്തിച്ചു. വിഎസ് അച്യുതാനന്ദന്‍-സിഐടിയു പോരിന്റെ കാലത്ത് വിഎസിന്റെ ശക്തി പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂരിലെ പാര്‍ട്ടി ഘടകമായിരുന്നു. ജില്ലാ സെക്രട്ടറിയായപ്പോള്‍ ഇപി ജയരാജന്‍ യന്ത്രക്കല്ല് കൊണ്ട് വലിയ വീട് നിര്‍മ്മിച്ചപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ തുണയ്‌ക്കെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാകാലവും മൂന്നുകാലുള്ള ബെഞ്ചിലിരുന്ന് കട്ടന്‍ ചായ കുടിച്ച് കഴിയാനാകില്ലന്ന് വിഎസ് ഇപി ജയരാജനെ തുണച്ചു. ഇതേ കട്ടന്‍ ചായയും പരിപ്പുവടയും പ്രയോഗം പില്‍ക്കാലം ഇപി ജയരാജന്‍ ആവര്‍ത്തിച്ചു. അത് രാഷ്ട്രീയ എതിരാളികള്‍ സിപിഐഎമ്മിനെ പരിഹസിക്കാനുള്ള പ്രയോഗമാക്കി മാറ്റി.

ചടയന്‍ ഗോവിന്ദന് ശേഷം പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണായകസ്ഥാനമായി. പിണറായിയും കോടിയേരിയും ഇപി ജയരാജനും എന്ന ത്രയത്തിലേക്ക് പാര്‍ട്ടി നേതൃത്വത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ ഒതുങ്ങി. കേന്ദ്രകമ്മിറ്റി അംഗം കൂടിയായതോടെ പൊളിറ്റ് ബ്യൂറോ അംഗത്തേക്കാള്‍ സിപിഐഎമ്മിലെ തീരുമാനങ്ങളില്‍ ജയരാജന്റെ ശബ്ദത്തിന് പ്രാമുഖ്യമേറി. പാര്‍ട്ടി ഫണ്ടിലേക്ക് ആവശ്യത്തിന് പണമെത്തിക്കുന്നതില്‍ ജയരാജന്‍െ മിടുക്ക് എക്കാലവും ഫലപ്രദമായി പാര്‍ട്ടി ഉപയോഗിച്ചു.

വിഭാഗീയത കത്തി നിന്നപ്പോള്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി ഇപി ജയരാജനായി. അക്കാലത്ത് തൃശൂരിലെ വ്യാപാരി തലവന്മാരുമായി ജയരാജന്‍ അടുപ്പം കൂട്ടി. വിവാദങ്ങള്‍ വിടാതെ പിടികൂടി. യന്ത്രക്കല്ല് കൊണ്ട് വീട് പണിതത് മുതല്‍ സാന്റിയാഗോ മാര്‍ട്ടിന്‍, വിഎം രാധാകൃഷ്ണന്‍, ഫാരിസ് അബൂബക്കര്‍ ഇങ്ങനെ ആ നിര നീണ്ടു. പാര്‍ട്ടിയോട് അടുക്കാതെ നിന്ന സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യം സംരക്ഷിച്ച് ഒരു ഉഭയകക്ഷി ബന്ധം ഇപി ജയരാജന്‍ സ്ഥാപിച്ചു എന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയര്‍ന്നു.

Also Read: യന്ത്രക്കല്‍ വീട്, പരിപ്പുവട, പോടാ പുല്ലേ സിബിഐ..., ഇപി ജയരാജന്റെ ജീവിതത്തിലെ 14 വിവാദ നാഴികക്കല്ലുകള്‍

ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന് പകരം പുതിയ സംസ്ഥാന സെക്രട്ടറിയെ തേടിയപ്പോള്‍ ഇപി ജയരാജന്റെ പേരും ഉയര്‍ന്നുവന്നു. പിണറായി വിജയന്റെ ആദ്യ നിര്‍ദേശങ്ങളിലൊന്ന് ഇപി ജയരാജന്‍ സെക്രട്ടറിയാവുക എന്നായിരുന്നു. ചര്‍ച്ചയില്‍ കോടിയേരിക്ക് മുന്‍തൂക്കം ലഭിച്ചു. കയ്യെത്തും അകലത്തില്‍ സെക്രട്ടറി പദം നഷ്ടമായി. പക്ഷെ മന്ത്രിസഭാ രൂപീകരണത്തില്‍ ആ നഷ്ടം മുഖ്യമന്ത്രി പിണറായി നികത്തി. മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ജയരാജന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ രണ്ടാമന്റെ സ്ഥാനത്ത് എത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി മന്ത്രിസഭകളുടെ ചരിത്രത്തില്‍ ടിവി തോമസ് മുതല്‍ ഗൗരിയമ്മയും സുശീലാഗോപാലനും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ നിര്‍വ്വഹിച്ച ചുമതല.

പാര്‍ട്ടി തലത്തില്‍ മികച്ച സംഘാടകന്‍. നിരവധി സംരംഭങ്ങളുടെ ഉപജ്ഞാതാവ്. കണ്ണൂരിലെ വിസ്മയ പാര്‍ക്ക്, വളപട്ടണം കണ്ടല്‍ പാര്‍ക്ക്... ജയരാജന്റെ നേതൃത്വത്തില്‍ കെട്ടിയുയര്‍ത്തിയ സംരംഭങ്ങളുണ്ട്. വ്യവസായ മന്ത്രിയെന്ന നിലയില്‍ ജയരാജന്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് തുടക്കമിടുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്ത പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതീക്ഷയുടെ ഉച്ചിയില്‍നിന്നാണ് അഞ്ചുമാസം തികയും മുമ്പ് ബന്ധുനിയമനത്തിന്റെ പേരില്‍ ജയരാജന്‍ മന്ത്രിസഭയില്‍നിന്ന് പുറത്തുപോകുന്നത്. മന്ത്രിസഭയില്‍നിന്നുള്ള ഒരു പുറത്തുപോകന്‍ മാത്രമല്ല. രാഷ്ട്രീയ ജീവിതത്തിലെ വലിയ വീഴ്ചകൂടിയാകുന്നു.