എം നടരാജന്‍; ഇനി തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിക്കുമെന്ന് പറയപ്പെടുന്നയാള്‍; ശശികലയുടെ ഭര്‍ത്താവ് 

December 9, 2016, 6:46 pm
എം നടരാജന്‍; ഇനി തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിക്കുമെന്ന് പറയപ്പെടുന്നയാള്‍; ശശികലയുടെ ഭര്‍ത്താവ് 
Newsmaker
Newsmaker
എം നടരാജന്‍; ഇനി തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിക്കുമെന്ന് പറയപ്പെടുന്നയാള്‍; ശശികലയുടെ ഭര്‍ത്താവ് 

എം നടരാജന്‍; ഇനി തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിക്കുമെന്ന് പറയപ്പെടുന്നയാള്‍; ശശികലയുടെ ഭര്‍ത്താവ് 

എം നടരാജന്‍, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു ജയലളിതയുടെ വിശ്വസ്ത ശശികലയുടെ ഭര്‍ത്താവ്. ജയലളിതയുടെ മരണത്തിന് മുന്‍പ് ശശികലയുമായി അകന്നു കഴിഞ്ഞിരുന്ന നടരാജന്‍ ഇപ്പോള്‍ തമിഴ്‌നാട് മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്.

ജയലളിതയുടെ മരണത്തിന് ശേഷം ഇനി എഐഡിഎംകെ രാഷ്ട്രീയത്തെയും തമിഴ്‌നാട് രാഷ്ട്രീയത്തെയും നിയന്ത്രിക്കുമെന്ന് കരുതപ്പെടുന്ന ശശികലയുടെ തന്ത്രങ്ങള്‍ക്ക് പിന്നില്‍ നടരാജനാണെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. സ്വാഭാവികമായും അപ്പോഴാണ് ആരാണ് എം നടരാജന്‍? എവിടെയായിരുന്നു നടരാജന്‍ ഇതു വരെ? എന്ന ചോദ്യങ്ങളൊക്കെ ഉയര്‍ന്നത്.

ജയലളിതയുടെ ശവസംസ്‌ക്കാര ചടങ്ങിന് വന്ന ആയിരക്കണക്കിന് ജനങ്ങളുടെ ഇടയിലാണ് നടരാജന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ജയലളിത മൃതദേഹം സൂക്ഷിച്ചിരുന്ന ഗ്ലാസ്സ് കൂടിന്റെ തലഭാഗം പിടിച്ച് നടരാജനുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അണികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുയര്‍ന്നു.

ശശികലയെയും കൂട്ടാളികളെയും ജയലയളിത പാര്‍ട്ടിയില്‍ നിന്നും സൗഹൃദത്തില്‍ നിന്നും പുറന്തള്ളിയപ്പോള്‍ ഇക്കൂട്ടത്തില്‍ മുന്നില്‍ നടരാജനുണ്ടായിരുന്നു. നൂറ് ദിവസത്തിന് ശേഷം ജയയോട് ക്ഷമാപണം നടത്തി ശശികല തിരിച്ചെത്തിയെങ്കിലും നടരാജന് പുനപ്രവേശം സാധ്യമായില്ല.

ജയലളിതയുടെ സംസ്‌കാരചടങ്ങുകള്‍ നടന്ന മറീനാ ബീച്ചില്‍ സജീവസാന്നിധ്യമായി മാറിയ നടരാജനെ പിന്നീട് കണ്ടത്. ജയലളിതയുടെ സംസ്‌കാര ദിവസം ചെന്നൈയുടെ ചില ഭാഗങ്ങളില്‍ നടരാജനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരിക്കല്‍ തമിഴ്‌നാടിനെ രക്ഷിച്ച മനുഷ്യനെ തിരികെ വിളിക്കൂ എന്ന തരത്തിലായിരുന്നു പോസ്റ്ററുകള്‍.

അമ്മ എന്താണോ വിതച്ചതെന്ന് അതാര്‍ക്കും കവര്‍ന്നെടുക്കാനാകില്ലെന്നായിരുന്നു ജയലളിതയുടെ സംസ്‌കാരം നടന്ന ദിവസം അദ്ദേഹം ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എംജിആറിലൂടെയും ജയലളിതയിലൂടെയും തുടര്‍ന്ന ദ്രാവിഡ കക്ഷിയുടെ യശസ്സ് അതേ പ്രഭാവത്തോടെ തുടരുമെന്നും നടരാജന്‍ പറഞ്ഞിരുന്നു.

സാധാരണ പ്രവര്‍ത്തകന് പോലും ഈ പാര്‍ട്ടിയെ കരുത്തോടെ മുന്നോട്ട് നയിക്കാനാകുമെന്നായിരുന്നു നടരാജന്റെ പ്രഖ്യാപനം. വീണ്ടും പോയസ് ഗാര്‍ഡനിലേക്കും തമിഴകത്തിന്റെ ഭരണനിയന്ത്രണത്തിലേക്കും നടരാജന്‍ തിരികെയെത്തുന്നതിന്റെ കൃത്യമായ സൂചന കൂടിയാണ് ഇദ്ദേഹത്തെ വാക്കുകളെന്നാണ് വിലയിരുത്തപ്പെടുന്നത്.

2011ല്‍ ജയലളിത ശശികലയുടെ കുടുംബാംഗങ്ങളെ മുഴുവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ശേഷം നടരാജനെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തഞ്ചാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ എഐഡിഎംകെ അണികള്‍ക്കിടയില്‍ നടരാജനെ അറിയപ്പെട്ടിരുന്നത് പാര്‍ട്ടിയില്‍ ജാനകി,ജയലളിത എന്ന രണ്ട് ഗ്രൂപ്പുകളുണ്ടാക്കിയ ആള്‍ എന്നര്‍ത്ഥത്തിലായിരുന്നു.

ജയലളിതയുടെ ആദ്യ തവണത്തെ ഭരണത്തിനു ശേഷം നടരാജന്‍ ശശികലയുമായി പരസ്യമായി അകന്നു. ശശികലയെ ജയലളിതയുടെ ജീവിതത്തിന്റെ ഭാഗമാക്കിയ നടരാജനെ 1996ല്‍ പാര്‍ട്ടില്‍ നിന്ന് പുറത്താക്കി.പുറത്താക്കിയതിന് ശേഷവും പാര്‍ട്ടി അണികളുമായും ഉദ്യോഗസ്ഥ വൃന്ദവുമായും അടുപ്പം തുടര്‍ന്നു. എല്ലാ തെരഞ്ഞെടുപ്പ് വേളകളിലും നടരാജന്റെ വീടിനു മുന്നില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ തടിച്ചു കൂടി.

പിന്നീട് നടരാജനെ കാണുന്നത് ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനഴികളിലായിരുന്നു. മായാവതി, മുലായം സിംഗ് എന്നിവരുമായി അടുത്ത ബന്ധമാണ് നടരാജന്. കോണ്‍ഗ്രസ് നേതാക്കന്‍മാരുമായും അടുപ്പം. വിദേശയാത്രകള്‍ നടത്തി തമിഴരെ അഭിസംബോധന ചെയ്തു.

ജയലളിതയുടെ മരണശേഷം ഉയര്‍ന്ന ചര്‍ച്ച എന്നത്, നടരാജനും ശശികലയുടെ സഹോദരന്‍ ദിവാകരന്‍ എന്നിവരാണ് ശശികലയെ ഇപ്പോള്‍ നയിക്കുന്നത്. നടരാജന്‍ തന്റെ ഡല്‍ഹി ബന്ധങ്ങളെ ഇപ്പോള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തഞ്ചാവൂരാണ് നടരാജന്റെ ജന്മദേശം. അച്ഛന്‍ കൃഷിക്കാരനായിരുന്നു. ബിഎ പഠനത്തിനിടെ ഹിന്ദി വിരുദ്ധ സമരത്തിലൂടെ തമിഴ്‌നാട് അറിയുന്ന വിദ്യാര്‍ത്ഥി നേതാവായി നടരാജന്‍ മാറി. സ്വാഭാവികമായും ഡിഎംകെ നടരാജനെ നോട്ടമിട്ടു. അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ നടരാജനെ പബ്ലിക്ക് റിലേഷന്‍ ഓഫീസറായി നിയമിച്ചു. ഇത് നടരാജനെ അധികാരവുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ സഹായിച്ചു.

ജയലളിതയെ ആദ്യമായി നടരാജന്‍ കാണുന്നത് 80കളുടെ പകുതിയിലായിരുന്നു. അന്ന് നടരാജന്‍ കൂടല്ലൂര്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍. സാക്ഷാല്‍ എംജിആര്‍ ജയലളിതയെ പാര്‍ട്ടി നേതാവായി കൂടല്ലൂരില്‍ പൊതു വേദിയില്‍ എത്തിക്കുന്ന സമയം. നടരാജനും ജയലളിതയും തമ്മിലുള്ള ബന്ധം ഊഷ്മളമായി. ആ സമയത്താണ് നടരാജന്‍ തന്റെ ഭാര്യ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തി. അന്ന് ശശികല ഒരു ചെറിയ വീഡിയോ ഷോപ്പ് നടത്തുകയാണ്. ജയലളിതയുടെ വീഡിയോ എടുക്കേണ്ട ചുമതല അന്ന് ജയലളിത ശശികലക്ക് നല്‍കി.

അത് നടരാജന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജയലളിതയുടെ നല്ല ലിസ്റ്റില്‍ കയറിപ്പറ്റിയ ആ ദമ്പതികള്‍ അതോടെ പൊയസ് ഗാര്‍ഡനിലേക്ക് താമസം മാറി.

1989ല്‍ ഡിഎംകെ വിജയിക്കുകയും എഐഡിഎംകെ പിളരുകയും ചെയ്തതതോടെ ജയലളിത എംഎല്‍എ സ്ഥാനം രാജിവെക്കാനും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനും തീരുമാനിച്ച് രാജിക്കത്തെഴിചി. എന്നാല്‍ കത്ത് സ്പീക്കര്‍ക്ക് നല്‍കുകയുണ്ടായില്ല.ഈ സംഭവത്തിന് കുറച്ചു നാള്‍ കഴിയേ, നടരാജന്റെ വീട്ടില്‍ റെയ്ഡ് നടന്നു. പൊലീസ് ജയലളിതയുടെ കത്ത് കണ്ടെടുക്കയും നിയമസഭ സ്പീക്കര്‍ക്ക് നല്‍കുകയുെ ചെയ്തു. പക്ഷേ ജയലളിത പിന്നീട് നടരാജന്റെ സഹായത്തോടെ പാര്‍ട്ടിയെ യോജിപ്പിക്കുകയും അധികാരത്തിലെത്തുകയുമായിരുന്നു.