ഇടതു മന്ത്രിസഭക്കൊരു കോടിപതി മന്ത്രി; പിണറായി സര്‍ക്കാരിലെത്തുന്നത് ഏറ്റവും ധനികനായ എംഎല്‍എ

April 1, 2017, 4:04 pm
 ഇടതു മന്ത്രിസഭക്കൊരു കോടിപതി മന്ത്രി; പിണറായി  സര്‍ക്കാരിലെത്തുന്നത് ഏറ്റവും ധനികനായ എംഎല്‍എ
Newsmaker
Newsmaker
 ഇടതു മന്ത്രിസഭക്കൊരു കോടിപതി മന്ത്രി; പിണറായി  സര്‍ക്കാരിലെത്തുന്നത് ഏറ്റവും ധനികനായ എംഎല്‍എ

ഇടതു മന്ത്രിസഭക്കൊരു കോടിപതി മന്ത്രി; പിണറായി സര്‍ക്കാരിലെത്തുന്നത് ഏറ്റവും ധനികനായ എംഎല്‍എ

ഹണി ട്രാപ്പില്‍ കുരുങ്ങി എകെ ശശീന്ദ്രന്‍ മന്ത്രികസേരയൊഴിഞ്ഞപ്പോള്‍ തോമസ് ചാണ്ടിക്ക് ലഭിച്ചത് സ്വപ്‌ന സാഫല്യത്തിനുള്ള അവസരം. തെരഞ്ഞെടുപ്പില്‍ ജയിക്കും മുമ്പേ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച തോമസ്ചാണ്ടി, സിപിഐ(എം) ഉം എന്‍സിപി നേതൃത്വവും എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പിന്തുണച്ചപ്പോള്‍ മാറി നിന്നതാണ്. വിദേശത്തെ ബിസിനസ് തിരക്ക് മൂലം മറ്റാരെങ്കിലും മന്ത്രിയായാലും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ താന്‍ തന്നെയായിരിക്കും ഭരണം നടത്തുക എന്നായി തോമസ് ചാണ്ടിയുടെ അടുത്ത നിലപാട്. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന് ചാണ്ടി പറഞ്ഞെങ്കിലും അതും നേതൃത്വത്തിന് സ്വീകാര്യമായിരുന്നില്ല.

കുട്ടനാട്ടില്‍ താന്‍ മത്സരിക്കും ജയിക്കും ജലസേചന വകുപ്പ് മന്ത്രിയാകുമെന്നായിരുന്നു എല്‍ഡിഎഫ് സീറ്റ് വിഭജനം പോലൂം പൂര്‍ത്തിയാകുന്നതിന് മുമ്പ് തോമസ് ചാണ്ടിയുടെ പ്രഖ്യാപനം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് പത്തു മാസത്തിനപ്പുറം ശശിന്ദ്രന്‍ ഫോണ്‍കെണിയില്‍ വീണപ്പോള്‍ മന്ത്രിപദവി ആഗ്രഹിച്ചതുപോലെ തോമസ് ചാണ്ടിയെ തേടിയെത്തി. ജലസേചന വകുപ്പിന് പകരം ഗതാഗതമാണ് ലഭിച്ചതെന്ന വിത്യാസം മാത്രം.

കേരളത്തിലെ ഏറ്റവും ധനികനായ എംഎല്‍എയാണ് തോമസ് ചാണ്ടി. 2016ലെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ 92.37 കോടിയുടെ സ്വത്തുക്കളാണ് ചാണ്ടിക്കുള്ളത്. കുവൈത്തിലും റിയാദിലും സ്വന്തമായി സ്‌കൂളുകളുള്ള ചാണ്ടി, ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ സിഎംഡി കൂടിയാണ്.

കിളിരൂര്‍ കേസില്‍ വിഐപി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിഎസ് അച്ചുതാന്ദന്റെ പ്രസ്താവന തോമസ് ചാണ്ടിയെ നേര്‍ക്കാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് ശാരി പീഡിപ്പിക്കപെട്ടതെന്ന് ശാരിയുടെ അച്ചന്‍ ആരോപിച്ചിരുന്നു. കേസിലെ മുഖ്യപ്രതി ലതാ നായരാണ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് ശാരിയെ എത്തിച്ചതെന്നും ഇതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നായിരുന്നു ആരോപണം.

കെഎസ്‌യുവിലൂടെയാണ് തോമസ് ചാണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാവായി ഉയര്‍ന്നു. പിന്നീട് വ്യവസായത്തില്‍ ശ്രദ്ധിക്കുന്നതിനായി രാഷ്ട്രീയത്തിന് താല്‍ക്കാലിക വിട നല്‍കി. കുവൈത്ത് കേന്ദ്രീകരിച്ച് സ്‌കൂളുകള്‍ ആരംഭിച്ച അദ്ദേഹം ആ രംഗത്തും വിജയക്കൊടി പാറിച്ചു. കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഒഐസിസിയുടെ നേതാവായിരുന്നു.

കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്നു. കരുണാകരനും, കെ മുരളീധരനും, ടിഎം ജേക്കബും ചേര്‍ന്ന് ഡിഐസി രൂപീകരിച്ചപ്പോള്‍ അതിന്റെ നേതാവായി. ഡിഐസിയുടെ ഇടതുപക്ഷത്തേക്കുളള വരവ് വിഎസ് തടഞ്ഞപ്പോള്‍ വീണ്ടും യുഡിഎഫിനൊപ്പം ചേര്‍ന്നു.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി ഡിഐസി 19 സീറ്റില്‍ മത്സരിച്ചു. ഇടതു തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ വരെ പരാജയപ്പെട്ടപ്പോള്‍ കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്താണ് തോമസ് ചാണ്ടി എംഎല്‍എയായത്. മത്സരിച്ച 19 സീറ്റില്‍ ഡിഐസി വിജയിച്ചത് കുട്ടനാട്ടില്‍ മാത്രം. പിന്നീട് ഡിഐസി എന്‍സിപിയില്‍ ലയിക്കുകയും കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുകയും ചെയ്തപ്പോഴും എംഎല്‍എ പദവിയുടെ ബലത്തില്‍ ചാണ്ടി പിടിച്ചു നിന്നു. എന്‍സിപിക്കൊപ്പമെത്തിയ ഡിഐസിയേയും സ്വീകരിക്കില്ലന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചപ്പോള്‍ മുരളീധരനും കോണ്‍ഗ്രസിലേക്ക് മടങ്ങാനുളള ശ്രമമാരംഭിച്ചു. പിന്നീട് ഉഴവൂര്‍ വിജയനടക്കമുളളവര്‍ എന്‍സിപിയുടെ നേതൃത്വത്തിലെത്തിയപ്പോള്‍ അദ്ദേഹം അവര്‍ക്കൊപ്പം ചേര്‍ന്നു.

പിന്നീട് 2011ലും 2016 ലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ചാണ്ടി കുട്ടനാട് നിലനിര്‍ത്തി. 2011ലും 2006 ലും കേരള കോണ്‍ഗ്രസിന്റെ കെ സി ജോസഫിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കടുത്ത മത്സരത്തിലാണ് 2016 ല്‍ അദ്ദേഹം വിജയിച്ചത്.

ഈഴവ സമുദായത്തിന് വ്യക്തമായ മേല്‍ക്കോയ്മയുളള മണ്ഡലത്തില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് വാസുവിനെയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയത്. 33000 വോട്ടുകള്‍ സുഭാഷ് വാസു പിടിച്ചപ്പോള്‍ 4981 വോട്ടുകള്‍ക്ക് തോമസ്ചാണ്ടി ജയിച്ചു കയറി. ഫലം വന്നയുടന്‍ അടുത്ത ജലസേചന വകുപ്പ് മന്ത്രി താനാണെന്നായിരുന്നു ചാണ്ടിയുടെ പ്രസ്താവന. എന്നാല്‍ ചാണ്ടിയെ മന്ത്രിയാക്കാനാകില്ലന്ന് സിപിഎം നിലാപാടെടുത്തു. തുടര്‍ന്നാണ് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തെത്തിയത്.

ഈ സര്‍ക്കാരിന്റെ കാലത്ത് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കില്ലന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് ശശീന്ദ്രന്‍ രാജി വെച്ചപ്പോള്‍ നറുക്ക് തോമസ് ചാണ്ടിക്ക് തന്നെ ലഭിച്ചു.

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്ലാതെയാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തുന്നത്. ഇടതു മന്ത്രിയായി തോമസ് ചാണ്ടി വേണ്ടെന്നായിരുന്നു സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ശശീന്ദ്രനെ കുടുക്കിയതാണെന്ന് മംഗളം ഏറ്റു പറഞ്ഞെങ്കിലും ഇനി മന്ത്രിയാകാനില്ലന്ന നിലപാടില്‍ എകെ ശശീന്ദ്രന്‍ ഉറച്ചു നിന്നപ്പോള്‍ രണ്ടു എംഎല്‍എമാര്‍ മാത്രമുള്ള എന്‍സിപിക്ക് തോമസ് ചാണ്ടിയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. എന്‍സിപിയുടെ തീരുമാനത്തില്‍ ഇടപെടേണ്ടന്ന നിലപാട് സിപിഐ(എം) സംസ്ഥാന നേതൃത്വം സ്വീകരിച്ചു. ഇതേ തുടര്‍ന്നാണ് മന്ത്രിയാകാനുള്ള തോമസ് ചാണ്ടിയുടെ കാത്തിരിപ്പ് അവസാനിച്ചത്.