ബിജെപിയുടെ ദളിത് മുഖമായി രാഷ്ട്രപതി ഭവനിലേക്കുളള ആര്‍എസ്എസ് വിധേയന്‍;   മോഡിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ അറിയാം

June 19, 2017, 6:12 pm
ബിജെപിയുടെ ദളിത് മുഖമായി രാഷ്ട്രപതി ഭവനിലേക്കുളള ആര്‍എസ്എസ് വിധേയന്‍;   മോഡിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ അറിയാം
Newsmaker
Newsmaker
ബിജെപിയുടെ ദളിത് മുഖമായി രാഷ്ട്രപതി ഭവനിലേക്കുളള ആര്‍എസ്എസ് വിധേയന്‍;   മോഡിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ അറിയാം

ബിജെപിയുടെ ദളിത് മുഖമായി രാഷ്ട്രപതി ഭവനിലേക്കുളള ആര്‍എസ്എസ് വിധേയന്‍;   മോഡിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെ അറിയാം

ആദിവാസിയേയും ദളിതനെയും മുന്നില്‍ നിര്‍ത്തി ഹിന്ദുത്വ അജന്‍ണ്ട നടപ്പാക്കാന്‍ രാഷ്ട്രപതി ഭവനിലേക്ക് നരേന്ദ്രമോഡി കണ്ടെത്തിയ ആര്‍എസ്എസ് വിധേയനാണ് രാം നാഥ് കോവിന്ദ്. ബിജെപിയുടെ ദളിത് മുഖം, ദളിതരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയെന്നാണ് രാം നാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വീണ്ടും ആര്‍എസ്എസിന്റെ ആജ്ഞകള്‍ അനുസരിക്കുന്നതില്‍ മടിച്ചു നില്‍ക്കില്ല എന്നാണ് മോഡി പ്രഖ്യാപിക്കുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ദളിതനായ കോവിന്ദിനെ ബീഹാര്‍ ഗവര്‍ണറായി നിയമിച്ച് ബിജെപി ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരുകളില്‍ നിന്നെല്ലാം മാറി കോവിന്ദിനെ പ്രഖ്യാപിക്കുന്നതിലൂടെയും ബിജെപി ലക്ഷ്യം വക്കുന്നതും രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ്.

ബിജെപിയുടെ ദേശീയ വക്താവ്, സുപ്രീം കോടതി അഭിഭാഷകന്‍, രാജ്യസഭാ എംപി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ ചെയര്‍മാനും, ആള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു.

1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. കാന്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബികോം, നിയമ ബിരുദങ്ങള്‍ നേടി. പതിനാറു വര്‍ഷം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയിരുന്നു. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.

1994 ല്‍ ഉത്തര്‍ പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പെട്രോളിയം പാചകവാതകം, നീതിന്യായം, സാമൂഹിക ക്ഷേമം തുടങ്ങി പ്രധാപ്പെട്ട പല പാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു. 2002 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭ പൊതു സഭയില്‍ പങ്കെടുത്തു. 2015 ലാണ് ബീഹാര്‍ ഗവര്‍ണറായി സ്ഥാനമേറ്റത്.

കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോവിന്ദ് 2012 ലെ തെരഞ്ഞെടുപ്പില്‍ യുപിയിലെ ദളിത് ഭൂരിപക്ഷ പ്രദേശങ്ങളിലെ ബിജെപിയുടെ താര പ്രചാരകനായിരുന്നു. യുപിയില്‍ മായാവതിക്ക് പകരം വക്കാവുന്ന നേതാവായാണ് കോവിന്ദിനെ ബിജെപി ഉയര്‍ത്തിക്കാട്ടിയത്.

ബിജെപിയോടും ആര്‍എസ്എസിനോടും അതീവ വിധേയത്വം പുലര്‍ത്തിയിരുന്ന കോവിന്ദിനെ ഉയര്‍ത്തിക്കാട്ടി ബിജെപിക്ക് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്. 2012 ലെ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. പിന്നീട് ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നിതീഷ് കുമാറിന്റെ പടയോട്ടം തടയാന്‍ കോവിന്ദിനെ ഗവര്‍ണറായി നിയമിച്ചെങ്കിലും ഗുണം ചെയ്തില്ല.

രാഷ്ട്രപതി സ്ഥാനത്തേക്ക് കോവിന്ദിനെ ഉയര്‍ത്തി കൊണ്ടുവരുന്നതിലൂടെ ബിജെപി ലക്ഷ്യം വക്കുന്നത് വിവാദങ്ങളില്ലാത്ത ദളിത് നേതാവ് എന്ന പ്രതിഛായ മുതലാക്കി ലഭിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയും, പൂര്‍ണ ആര്‍എസ്എസ് വിധേയനെ ഇന്ത്യയുടെ പ്രഥമ പൗരനായി പ്രതിഷ്ടിക്കലുമാണ്.