ഡിസിസി ജനറല്‍ സെക്രട്ടറി, മണലെടുപ്പ് സംഘം പ്രസിഡന്റ്...ജേക്കബ് തോമസിനെ വീഴ്ത്താന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ സത്യന്‍ നരവൂരിനെ അറിയാം 

October 26, 2016, 3:16 pm
ഡിസിസി ജനറല്‍ സെക്രട്ടറി, മണലെടുപ്പ് സംഘം പ്രസിഡന്റ്...ജേക്കബ് തോമസിനെ വീഴ്ത്താന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ സത്യന്‍ നരവൂരിനെ അറിയാം 
Newsmaker
Newsmaker
ഡിസിസി ജനറല്‍ സെക്രട്ടറി, മണലെടുപ്പ് സംഘം പ്രസിഡന്റ്...ജേക്കബ് തോമസിനെ വീഴ്ത്താന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ സത്യന്‍ നരവൂരിനെ അറിയാം 

ഡിസിസി ജനറല്‍ സെക്രട്ടറി, മണലെടുപ്പ് സംഘം പ്രസിഡന്റ്...ജേക്കബ് തോമസിനെ വീഴ്ത്താന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ സത്യന്‍ നരവൂരിനെ അറിയാം 

കെഎം മാണിയും കെ ബാബുവും ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വം. ഐഎഎസ്, ഐപിഎസ് തലത്തിലെ മുതിര്‍ന്ന 20 ഓളം ഉദ്യോഗസ്ഥര്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിന്റെ പതനം ആഗ്രഹിക്കുന്നവരുടെ പട്ടിക നീണ്ടതാണ്. കൂട്ടിന് സിബിഐയും. ഇവര്‍ക്കിടയില്‍ അപ്രധാന പേരുകളിലൊന്നാണ് സത്യന്‍ നരവൂര്‍. ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയിലും സിബിഐയിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ വ്യക്തി. ആരാണ് സത്യന്‍ നരവൂര്‍? എന്തിനാണ് ഈ കേസുകള്‍?

ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ തുറമുഖ വകുപ്പില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും വകുപ്പിലേക്ക് വാഹനം വാങ്ങിയതിലും സര്‍വീസിലിരിക്കെ കോളെജില്‍ പഠിപ്പിക്കാന്‍ പോയി എന്നതിലും ക്രമക്കേട് ആരോപിച്ച് നല്‍കിയ എല്ലാ കേസുകളിലെയും പരാതിക്കാരനാണ് സത്യന്‍ നരവൂര്‍. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍. ഡിസിസി ജനറല്‍ സെക്രട്ടറി. കൂത്തുപറമ്പ് രാജീവ്ഗാന്ധി ഭവന നിര്‍മാണ സഹകരണം സംഘം പ്രസിഡന്റ്. പൊതുരംഗത്ത് സജീവം. കൂത്തുപറമ്പ് നഗരസഭയില്‍ നേരത്തെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ കെ കരുണാകരന്റെ കടുത്ത ആരാധകന്‍. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ ഒപ്പം പോയി. എടക്കാട് ഡിവിഷനില്‍നിന്ന് ഡിഐസി അംഗമായി ജില്ലാ പഞ്ചായത്തിലെത്തി. കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയപ്പോള്‍ സത്യന്‍ നരവൂരും മടങ്ങിയെത്തി. മടങ്ങി വന്നവര്‍ക്ക് മാന്യമായ ഇരിപ്പിടം എന്ന പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായി. ഐ പക്ഷത്തെങ്കിലും ജില്ലയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കെ സുധാകരനൊപ്പമല്ല. സുധാകരവിരോധിയെന്ന നിലയില്‍ എ ഗ്രൂപ്പുമായി സഹകരണം. ഐ ഗ്രൂപ്പില്‍ കരുണാകരന്റെ മകള്‍ കെ പത്മജയുടെ കണ്ണൂരിലെ പ്രധാനി. പാര്‍ട്ടിയിലെ സ്ഥാനവും രാഷ്ട്രീയത്തിലെ ഉയര്‍ച്ചയും പിന്നീട് പത്മജയുടെ തണലില്‍.

രാഷ്ട്രീയത്തിനൊപ്പമുള്ള പ്രവര്‍ത്തന മേഖലയാണ് കൂത്തുപറമ്പിലെ രാജീവ് ഗാന്ധി ഭവന നിര്‍മാണ സഹകരണം സംഘം. ഇതിന്റെ പ്രസിഡന്റാണ് സത്യന്‍ നരവൂര്‍. അഴീക്കല്‍ തുറമുഖത്ത് മണല്‍വാരാന്‍ അനുമതിയുള്ളത് 24 സഹകരണ സംഘങ്ങള്‍ക്കാണ്. ഈ സംഘങ്ങളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വവും സത്യന്‍ നരവൂരിനാണ്. ജേക്കബ് തോമസുമായുള്ള സത്യന്‍ നരവൂരിന്റെ ഏറ്റുമുട്ടലിന്റെ കാരണവും അഴീക്കല്‍ തുറമുഖത്തെ മണല്‍ കടത്താണ്. കണ്ണൂര്‍ ജില്ലയില്‍ മണല്‍ വാരുന്നതിനുള്ള പ്രധാന സ്രോതസാണ് അഴീക്കല്‍. തുറമുഖത്ത് കപ്പല്‍ ചാലിലെ യാത്ര സുഗമമാക്കാന്‍ അനുവദിച്ച ഡ്രഡ്ജിങ്. വളപട്ടണം പാലത്തിന്റെ 500 മീറ്റര്‍ അകലെ നിന്നുമാത്രമേ മണല്‍ വാരാവൂ എന്നാണ് വ്യവസ്ഥ. ലൈസന്‍സുള്ള സഹകരണ സംഘങ്ങള്‍ തന്നെ ഈ നിയന്ത്രണം ലംഘിക്കും. നല്ല മണല്‍ കിട്ടാനെന്ന പേരിലാണ് ഈ നിയമലംഘനം. പകല്‍ നിശ്ചിത സമയത്ത്, യന്ത്രസാമഗ്രികളില്ലാതെ മണല്‍ കോരിയെടുക്കാനാണ് അനുമതി. ഈ വ്യവസ്ഥയും ലംഘിക്കും. രാത്രിയിലും മണല്‍ വാരും. 15 ലക്ഷം ടണ്‍ മണല്‍ ഇവിടെ നിന്ന് ഒരോ വര്‍ഷം നീക്കം ചെയ്യുന്നു എന്നാണ് കണക്കാക്കുന്നത്. സംഘങ്ങളുടെയും നേതൃത്വം നല്‍കുന്നവരുടെയും വരുമാനം കൂടി.

അഴീക്കലിലെ മണലെടുപ്പ്
അഴീക്കലിലെ മണലെടുപ്പ്

നിയമം ലംഘിച്ചുള്ള മണല്‍ വാരല്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് തുറമുഖ വകുപ്പ് കണ്ടെത്തി. സംഘങ്ങള്‍തന്നെ മണല്‍ മാഫിയയായി മാറി. ഇതിന്റെ മറവില്‍ സ്വകാര്യ വാരല്‍കാരും. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ നേരിട്ട് പരിശോധിച്ചു. മണല്‍ വാരാന്‍ സംഘങ്ങള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കി. ജില്ലാ കലക്ടറുടെ നിയന്ത്രണത്തില്‍ ഇ-മണല്‍ സംവിധാനം ഏര്‍പ്പെടുത്തി. അനധികൃത മണല്‍ കടത്തിന്റെ പിന്നിലെ പ്രധാന കക്ഷി സത്യന്‍ നരവൂര്‍ പ്രസിഡന്റായ രാജീവ് ഗാന്ധി ഭവന നിര്‍മാണ സഹകരണ സംഘമാണ് എന്നായിരുന്നു ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. സംഘങ്ങളുടെ മണല്‍ കടത്ത് വരുമാനം മുട്ടി. സത്യന്‍ നരവൂരിനും രാജീവ് ഗാന്ധി ഭവന നിര്‍മാണ സഹകരണ സംഘത്തിനും കനത്ത ക്ഷതമേറ്റു. ജേക്കബ് തോമസും സത്യന്‍ നരവൂരൂം നേരിട്ട് ഏറ്റുമുട്ടി. തുറമുഖ വകുപ്പിന്റെ ചുമതലയുള്ള കെ ബാബുവിന് പരാതി നല്‍കി. ജേക്കബ് തോമസിന്റെ തീരുമാനം റദ്ദാക്കി സംഘങ്ങള്‍ക്ക് തന്നെ ലൈസന്‍സ് കൊടുത്തുകൊണ്ട് കെ. ബാബു മണല്‍ കടത്തിനുള്ള സൗകര്യം പുനഃസ്ഥാപിച്ചുകൊടുത്തു. തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ ജേക്കബ് തോമസിനെ തെറിപ്പിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ഉദ്യോഗസ്ഥനെ പോലെയായിരുന്നു ജേക്കബ് തോമസ് പെരുമാറിയതെന്ന് സത്യന്‍ നരവൂര്‍ 'സൗത്ത്‌ലൈവി'നോട് പറഞ്ഞു.

ബ്രീട്ടീഷ് ഭരണകാലത്തെ ഉദ്യോഗസ്ഥരെ പോലെയായിരുന്നു ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ പെരുമാറിയത്. ഇക്കാര്യം ഒരു യോഗത്തില്‍ അദ്ദേഹത്തോട് നേരിട്ട് തന്നെ പറഞ്ഞു. സംഘങ്ങള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കിയ നടപടി അന്ന് മന്ത്രി കെ ബാബു ഇടപെട്ടാണ് തിരുത്തിയത്. ജേക്കബ് തോമസിനെതിരായ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. പകപോക്കല്‍ നടപടിയാണ് അദ്ദേഹത്തിന്റേത്.
സത്യന്‍ നരവൂര്‍, കണ്ണൂര്‍ ഡിസിസി സെക്രട്ടറി

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറുകയും സംഘങ്ങള്‍ക്ക് ലൈസന്‍സ് തിരിച്ചുകിട്ടുകയും ചെയ്തു. മണല്‍ വാരല്‍ ഇപ്പോള്‍ നിര്‍ബാധം തുടരുന്നു. അനുവദനീയമായതിലും ഉയര്‍ന്ന രീതിയില്‍. 15 മാസത്തിനിടയില്‍ അനധികൃത മണല്‍ കടത്തില്‍ 100ലേറെ കേസുകള്‍ അഴീക്കല്‍ തുറമുഖം ഉള്‍പ്പെടുന്ന വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്തുവെന്ന് എസ്‌ഐ ശ്രീജിത്ത് കൊടേരി 'സൗത്ത്‌ലൈവി'നോട് പറഞ്ഞു.

ലൈസന്‍സ് ഉള്ള സംഘങ്ങളുടെ മറവിലും അനധികൃത മണലൂറ്റ് നടക്കുന്നു. ഞാന്‍ ചുമതലയേറ്റ 15 മാസത്തിനിടയില്‍ മാത്രം 60 ലോറികള്‍ പിടിച്ചെടുത്തു. 30 വള്ളങ്ങളും പിടിച്ചെടുത്തു. 100ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാത്രിയിലാണ് അനധികൃത മണല്‍ വാരല്‍. ഇത് തടയാന്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സുള്ള രണ്ട് സഹകരണ സംഘങ്ങള്‍ക്കെതിരെയും അനധികൃത കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത വള്ളങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തത് പ്രയാസമുണ്ടാക്കുന്നു. മണല്‍ മാഫിയകള്‍ക്കെതിരെ ജില്ല കലക്ടറുടെ സഹായത്തോടെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്.
ശ്രീജിത്ത് കൊടേരി, എസ്‌ഐ, വളപട്ടണം പൊലീസ്

മണല്‍ വാരാനുള്ള ലൈസന്‍സ് കെ ബാബു മന്ത്രിയായപ്പോള്‍ തിരിച്ചുകിട്ടിയെങ്കിലും ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ സത്യന്‍ നരവൂര്‍ അവസാനിപ്പിച്ചില്ല. തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജേക്കബ് തോമസിനെതിരെ കേസുകള്‍ നല്‍കി. സോളാര്‍ പദ്ധതി നടപ്പാക്കിയതിലും വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് എന്നായിരുന്നു ആരോപണം. വകുപ്പ് തലത്തില്‍ നടപടിക്ക് സര്‍ക്കാരിന് പരാതി കൊടുത്തു. ഇതുകൂടാതെ തുറമുഖ വകുപ്പില്‍നിന്ന് മാറ്റി ജേക്കബ് തോമസിനെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറാക്കിയതിനെതിരെ അഡ്വ. കാളീശ്വരം രാജ് മുഖേന 2015ല്‍ ഹൈക്കോടതിയെയും സമീപിച്ചു. അഴിമതി ആരോപണം നേരിടുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ തന്നെ മന്ത്രി കെ. ബാബു ജേക്കബ് തോമസിനെ തുറമുഖ വകുപ്പില്‍നിന്ന് മാറ്റി. ഇതോടെ ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ച് കേസ് അവസാനിപ്പിച്ചു. മറ്റ് ആരോപണങ്ങള്‍ക്ക് ഹര്‍ജിക്കാരന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം എന്നുമാത്രം കോടതി പറഞ്ഞു.

ഇതിന് പിന്നാലെ ലോകായുക്തയില്‍ ജേക്കബ് തോമസിനെതിരായ ഒരു പരാതിയില്‍ സത്യന്‍ നരവൂര്‍ കക്ഷി ചേര്‍ന്നു. ഇത് പോരാഞ്ഞ് ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ജോര്‍ജ് പൂന്തോട്ടം വഴി ഹൈക്കോടതിയെയും സമീപിച്ചു. സിബിഐയില്‍ പ്രത്യേക പരാതിയും നല്‍കി. ഈ പരാതിയാണ് സിബിഐ പ്രത്യേക ഉത്സാഹത്തോടെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.