ഈ യാത്രകളുടെ കാലത്തു ജീവിക്കാന്‍ കഴിയുന്നത് സൗഭാഗ്യം 

October 12, 2017, 3:33 pm
ഈ യാത്രകളുടെ കാലത്തു ജീവിക്കാന്‍ കഴിയുന്നത് സൗഭാഗ്യം 
Politics
Politics
ഈ യാത്രകളുടെ കാലത്തു ജീവിക്കാന്‍ കഴിയുന്നത് സൗഭാഗ്യം 

ഈ യാത്രകളുടെ കാലത്തു ജീവിക്കാന്‍ കഴിയുന്നത് സൗഭാഗ്യം 

കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോള്‍ യാത്ര സീസണാണ്. വെറും യാത്രകളല്ല, ജനങ്ങളെ രക്ഷിച്ചേ അടങ്ങൂ എന്ന വാശിയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പലതരം രക്ഷായാത്രകള്‍ തന്നെയാണവ. സാധാരണഗതിയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്താറുള്ള യാത്രകളാണ് ഇത്തവണ വളരെ നേരത്തേ ആരംഭിച്ചിരിക്കുന്നത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് എല്ലാറ്റിന്റെയും ലക്ഷ്യം. തിരഞ്ഞെടുപ്പ് നേരത്തേയാക്കുമോ എന്ന ആകാംക്ഷയും യാത്രകള്‍ നേരത്തേയാക്കുന്നതിനു പ്രേരക ഘടകമാണ് എന്തായാലും പൊതു ജനം വഴിയിലാകുമെന്ന കാര്യം ഉറപ്പ്.

ആദ്യം പ്രഖ്യാപിച്ചത് ബിജെപിയുടെ യാത്രയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്ര. തൊട്ടുപിന്നാലെ യുഡിഎഫിന്റെ യാത്ര പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് പേര് പടയോട്ടമെന്നാണ്. ഇവ രണ്ടും വടക്കുനിന്നാണ്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നായി എല്‍ ഡി. എഫ്. അവരും യാത്രക്കൊരുങ്ങുന്നു. ഒന്നല്ല, രണ്ട് യാത്ര. തെക്കു നിന്നും വടക്ക് നിന്നും.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരോട്ടമുണ്ടാക്കിയെങ്കിലും കേരളത്തില്‍ വേണ്ടവിധം ചുവടു റപ്പിക്കാന്‍ സാധിക്കാത്തതാണ് ബിജെപിയെ യാത്രയ്ക്കു പ്രേരിപ്പിച്ചത്. കുമ്മനത്തിന്റെ നേതൃത്വത്തിലും സംസ്ഥാനത്ത് ബിജെപിക്ക് വേണ്ടവിധം പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. ദേശീയ തലത്തില്‍ മോഡി സര്‍ക്കാറിന്റെ നോട്ടു നിരോധനം കൊണ്ടുണ്ടായ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് കരകയറാന്‍ സാധിച്ചിട്ടില്ല എന്നിരിക്കെ, കേരളത്തില്‍ സിപിഐഎം കൊലപാതക രാഷ്ട്രീയം നടത്തുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ജിഹാദി ഭീകരതക്കും എതിരെയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കുമ്മനത്തിന്റെ യാത്ര കടന്നു പോകുന്നത്.

ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരിലാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ ദേശീയ അധ്യക്ഷന്‍ ജാഥയുടെ ഭാഗമാകുമെന്ന വന്‍ പ്രഖ്യാപനത്തോടെ ആരംഭിച്ച യാത്രയുടെ രണ്ടാംദിനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയെങ്കിലും അമിത്ഷാ മുങ്ങി. ഇത് യാത്രയുടെ മാറ്റല്‍പ്പം കുറച്ചെന്ന് ബിജെപിക്കാര്‍ തന്നെ സമ്മതിക്കും. ഇതോടെ സിപിഐഎമ്മിനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ച്ചയായ ദിവസങ്ങളില്‍ എകെജി ഭവനിലേക്ക് മാര്‍ച്ചും നടത്തി. കുമ്മനത്തിന്റെ ഈ മാര്‍ച്ച് ഇപ്പോള്‍ വഴി മുടക്കിയും എതിരാളികള്‍ക്കെതിരെ പോര്‍ വിളി നടത്തിയും മുന്നേറുകയാണ്. എവിടെയെങ്കിലും സംഘര്‍ഷം സൃഷ്ടിച്ചു രാഷ്ട്രപതിയുടെ ഇടപെടല്‍ സാധ്യമാകാനാക്കുമോ എന്ന പരിമിത ലക്ഷ്യമേ കുമ്മനത്തിനും സംഘത്തിനുമുള്ളു. എന്നാല്‍ കണ്ണൂരില്‍ പോലും സി. പി. എം ഇതില്‍ നിന്നും തന്ത്രപൂര്‍വം വഴുതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായാണ് യുഡിഎഫിന്റെ പടയോട്ടം. സംസ്ഥാന യുഡിഎഫ് രാഷ്ട്രീയത്തില്‍ സോളാര്‍ കമ്മിഷന്‍ സൃഷ്ടിച്ച കോളിളക്കങ്ങള്‍ യാത്രയെ ബാധിച്ചേക്കാം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതോടെ യാത്രയുടെ ഭാവി തന്നെ തുലാസിലാണ്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ട സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, എംപിമാരായ കെ സി വേണുഗോപാല്‍, ജോസ് കെ മാണി, എംഎല്‍എമാരയ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എമാരായ ബെന്നി ബഹനാന്‍, എ പി അബ്ദുള്ളക്കുട്ടി, പി സി വിഷ്ണുനാഥ്, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, എന്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇത് യുഡിഎഫിന് വന്‍ തലവേദന സൃഷ്ടിക്കും. ആരോപണവിധേയരായവരെ സംരക്ഷിച്ച് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് നേതൃത്വത്തിനുള്ളത്. ഇതിനിടയില്‍ ഒരു ജാഥ നടത്തിയാല്‍ അത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോ എന്ന ആശങ്ക കാണാതിരിക്കാനാകില്ല. ഹൈക്കമാന്റിനും ഇപ്പോള്‍ ജാഥ നടത്തുന്നതിനോട് യോജിപ്പുണ്ടാകാന്‍ സാധ്യതയില്ല. പ്രഖ്യാപിച്ച സ്ഥിതിക്ക് ഊരാനും പാട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു തീയതി പല വട്ടം മാറ്റിയതിന്റെ ചളിപ്പ് ഇനിയും മാറിയിട്ടില്ല. അതുകൊണ്ട് യു. ഡി. എഫ് ജാഥ ജനത്തിന് യോഗമുണ്ടെങ്കില്‍ നടക്കാതിരുന്നേക്കാം.

മോഡി ഭരണത്തിനും സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കും എതിരായി സിപിഐഎം നടത്തുന്ന യാത്രകള്‍ തെക്കുനിന്നും വടക്കും നിന്നും ആരംഭിക്കാനാണ് ആലോചന. അമിത് ഷായും കുമ്മനവും ഇത്രയുമൊക്കെ പറയുമ്പോള്‍ വെറുതെയിരിക്കാന്‍ എല്‍. ഡി. എഫിനും കഴിയാത്ത അവസ്ഥ. വാസ്തവത്തില്‍ അതിലെ രണ്ടു പ്രമുഖ കക്ഷികള്‍ ഇപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. ഒരു ജാഥ നടത്താനുള്ള മനസികാവസ്ഥയിലല്ല അവര്‍. പക്ഷെ എന്ത് ചെയ്യാന്‍ രാഷ്ടീയത്തില്‍ ഇമ്മാതിരി കെട്ടുകാഴ്ചകള്‍ അനിവാര്യതയാണല്ലോ. ഇല്ലെങ്കില്‍ ജനം വിചാരിക്കില്ലേ, സി. പി. എം വെറും പോഴന്മാരാണെന്ന്. അത് കൊണ്ട് എന്ത് തിരക്കുണ്ടെങ്കിലും അങ്കമെങ്കില്‍, അങ്കം എന്ന കടുത്ത നിലപാടിലേക്ക് എല്‍. ഡി എഫും എത്തുന്നു. ഇതൊക്കെ കണ്ടു ജനം വിരണ്ടിരിക്കുകയും ചെയ്യുന്നു. സാമ്പത്തിക ഞെരുക്കം ഒരു വശത്തു പൊറുതി മുട്ടിക്കുമ്പോള്‍ ഈ വക കലാപരിപാടികള്‍ ജനത്തിന് ഒരു ആശ്വാസമാകുമെന്ന് പ്രതീകിഷിക്കാം. അല്ലെങ്കില്‍ തന്നെ, നടിയെ ആക്രമിച്ച സംഭവത്തിന്റെ ഉള്‍പിരിവുകളും അമിത് ഷാജിയുടെ മകന്റെ വരുമാന വര്‍ധനയും, രാമലീലയും കൗമാര ലോകകപ്പും ഏറ്റവും ഒടുവില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇതിന്മേലൊക്കെയുള്ള രാത്രി ചര്‍ച്ചകളുമൊക്കെയാണല്ലോ ജനത്തെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് കടന്നു വരട്ടെ, നേതാക്കളെയും തെളിച്ചു കൊണ്ട് ഇനിയും ജാഥകള്‍ ഇത് വഴി.