ചിന്നമ്മയുടെ അനന്തരവനെതിരെ പാളയത്തില്‍ പട; പാര്‍ട്ടി സ്ഥാനമൊഴിഞ്ഞേ പറ്റൂ; ആദായ നികുതി റെയ്ഡിന് പിന്നാലെ സ്വരം കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍

April 16, 2017, 1:22 pm
ചിന്നമ്മയുടെ അനന്തരവനെതിരെ പാളയത്തില്‍ പട; പാര്‍ട്ടി സ്ഥാനമൊഴിഞ്ഞേ പറ്റൂ; ആദായ നികുതി റെയ്ഡിന് പിന്നാലെ സ്വരം കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍
Politics
Politics
ചിന്നമ്മയുടെ അനന്തരവനെതിരെ പാളയത്തില്‍ പട; പാര്‍ട്ടി സ്ഥാനമൊഴിഞ്ഞേ പറ്റൂ; ആദായ നികുതി റെയ്ഡിന് പിന്നാലെ സ്വരം കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍

ചിന്നമ്മയുടെ അനന്തരവനെതിരെ പാളയത്തില്‍ പട; പാര്‍ട്ടി സ്ഥാനമൊഴിഞ്ഞേ പറ്റൂ; ആദായ നികുതി റെയ്ഡിന് പിന്നാലെ സ്വരം കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍

ചെന്നൈ: വികെ ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെതിരെ എഐഎഡിഎംകെ (അമ്മ) പാര്‍ട്ടിയിലെ ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ടിടിവി ദിനകരനെ പുറത്താക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്‍ ആയിരുന്നു ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികലയുടെ പാര്‍ട്ടി പണമിറക്കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതിനു പിന്നാലെയാണ് ടിടിവി ദിനകരനെതിരായ പാളയത്തിലെ പടയൊരുക്കം.

ആരോഗ്യമന്ത്രി സി വിജയ്ഭാസക്കറിന്റെ വസതിയിലടക്കം 30ലധികം ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികള്‍ പിടിച്ചെടുത്തിരുന്നു. ഓരോ വോട്ടര്‍മാര്‍ക്കും 4,000 രൂപ വിതമാണ് പാര്‍ട്ടി നല്‍കിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഏതാണ്ട് 89 കോടി രൂപ ചെലവഴിച്ചെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വോട്ടിന് പണം നല്‍കിയ കേസില്‍ വിജയ്ഭാസ്‌ക്കറിന് പുറമെ മൂന്ന് മന്ത്രിമാര്‍ക്കെതിരേയും ആദായ നികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. ഈ മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് നിലപാടിലാണ് പാര്‍ട്ടിയുടെ ഭൂരിഭാഗം അണികളും.

ആദായ നികുതി റെയ്ഡില്‍ വിജയ്ഭാസ്‌ക്കറിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്നായിരുന്നു ടിടിവി ദിനകരന്റെ മുന്‍ പ്രതികരണം. വിജയ്ഭാസ്‌ക്കറുമായി തനിക്ക് ഭിന്നതയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ജയലളിത അന്തരിച്ച ശേഷം അധികാര വടംവലി ഉണ്ടായപ്പോള്‍ എംഎല്‍എമാരെ ശശികലയ്‌ക്കൊപ്പം നിര്‍ത്താന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ എംഎല്‍എമാരില്‍ ഒരാളാണ് വിജയ്ഭാസ്‌ക്കര്‍.

പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്ത ശശികലയ്ക്കും കുടുംബത്തിനുമെതിരെ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുകയാണ്. 'ദിനകരന്‍ ഒരുപാട് പണം ആര്‍കെ നഗറില്‍ ഒഴുക്കി. അതാണ് വിജയ്ഭാസക്കറിനെ കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്താന്‍ കാരണം. നേരത്തെ തന്നെ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു വിജയ്ഭാസ്‌ക്കര്‍' - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അണ്ണാഡിഎംകെ(അമ്മ) നേതാവ് പറഞ്ഞു.

ശശികലയ്ക്കും കുടുംബത്തിനുമെതിരെ പ്രതിഷേധമുണ്ടെങ്കിലും സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അങ്ങനെ ഉണ്ടായാല്‍ അത് ഡിഎംകെയ്ക്ക് കരുത്ത് പകരുമെന്ന് വിമത നേതാക്കള്‍ കരുതുന്നു. അതിനാല്‍ ദിനകരനെ പുറത്താക്കാന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് നേതാക്കളുടെ നീക്കം.

234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 122 എംഎല്‍എമാരാണ് ശശികലയുടെ പാര്‍ട്ടിയ്‌ക്കൊപ്പമുള്ളത്. ഒ പനീര്‍ശെല്‍വത്തിന്റെ അണ്ണാഡിഎംകെ പുരൈട്ചി തലൈവി അമ്മ പാര്‍ട്ടിയില്‍ 11 എംഎല്‍എമാരും.