കുളം കലക്കല്‍ കഴിഞ്ഞു; നിതീഷ് കുമാറിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ; ജെഡിയു പിളര്‍പ്പിന്റെ വക്കില്‍ 

August 12, 2017, 4:56 pm
കുളം കലക്കല്‍ കഴിഞ്ഞു; നിതീഷ് കുമാറിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ; ജെഡിയു പിളര്‍പ്പിന്റെ വക്കില്‍ 
Politics
Politics
കുളം കലക്കല്‍ കഴിഞ്ഞു; നിതീഷ് കുമാറിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ; ജെഡിയു പിളര്‍പ്പിന്റെ വക്കില്‍ 

കുളം കലക്കല്‍ കഴിഞ്ഞു; നിതീഷ് കുമാറിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ; ജെഡിയു പിളര്‍പ്പിന്റെ വക്കില്‍ 

ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപി അജന്‍ഡകള്‍ പൂര്‍ണം. മഹാസഖ്യം പൊളിച്ച് നിതീഷ് കുമാറിനെ പുറത്ത് ചാടിച്ച് പിന്തുണ നല്‍കി തുടര്‍ഭരണം സാധ്യമാക്കിയ ബിജെപി ഒടുവില്‍ നിതീഷിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തു. ബിഹാറില്‍ ബിജെപി പിന്തുണയോടെ ഭരണം നടത്തുന്ന നിതീഷിനോട് ദേശീയ രാഷ്ട്രീയത്തില്‍ എന്‍ഡിഎയെ പിന്തുണയ്ക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി കൂട്ടുകെട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച് ജെഡിയുവിനോട് മുഖം തിരിച്ചു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശരദ് യാദവിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ ക്ഷണമെന്നതും പ്രത്യേകം എടുത്തുപറയണം.

ബിജെപിയെ കൂട്ടുപിടിച്ചുള്ള നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച ശരദ് യാദവിനെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്നുമാണ് ജെഡിയു നീക്കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍പിപി സിങാണ് ജെഡിയുവിന്റെ പുതിയ രാജ്യസഭാ കക്ഷി നേതാവ്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ തുടരുന്ന ആള്‍ക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തതെന്ന് ജെഡിയു നേതൃത്വം പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അമിത് ഷായേയും കണ്ടതിന് പിന്നാലെയാണ് യാദവിനെതിരെ നിതീഷ് കുമാര്‍ നടപടിയെടുത്തത്.

19 ന് പാട്‌നയില്‍ നടക്കാന്‍ പോകുന്ന എന്‍ഡിഎയുടെ ദേശീയ എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ ജെഡിയു ഔദ്യോഗികമായി സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഓഫറുള്ളത് പോലെ കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് റാങ്കിലുള്ള മന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് ശേഷം തീരുമാനിക്കുമെന്നാണ് സൂചന

ജനതാദള്‍ യുണൈറ്റിഡിന്റെ പിളര്‍പ്പിന്റെ സൂചന നല്‍കി ശരദ് യാദവ് ബിഹാര്‍ പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ യാത്ര ചെയ്ത് അണികളെ ഒപ്പം നിര്‍ത്താനായിരുന്നു മുതിര്‍ന്ന ജെഡിയു നേതാവിന്റെ ശ്രമം. ജെഡിയു പിളര്‍പ്പിലേക്ക് നീങ്ങുമ്പോഴും മറ്റ് നേതാക്കളില്‍ ഭൂരിഭാഗവും തനിക്കൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് നിതീഷ് കുമാര്‍.