ബിജെപിക്ക് ഗവര്‍ണര്‍ നല്‍കിയത് കണക്ക് നിരത്തിയുള്ള മറുപടി; നേതാക്കളുടെ പ്രകോപനം മൂന്നാം ദൗത്യവും തിരിച്ചടിച്ചപ്പോള്‍ 

May 15, 2017, 12:08 pm
ബിജെപിക്ക് ഗവര്‍ണര്‍ നല്‍കിയത് കണക്ക് നിരത്തിയുള്ള മറുപടി;  നേതാക്കളുടെ പ്രകോപനം മൂന്നാം ദൗത്യവും തിരിച്ചടിച്ചപ്പോള്‍ 
Politics
Politics
ബിജെപിക്ക് ഗവര്‍ണര്‍ നല്‍കിയത് കണക്ക് നിരത്തിയുള്ള മറുപടി;  നേതാക്കളുടെ പ്രകോപനം മൂന്നാം ദൗത്യവും തിരിച്ചടിച്ചപ്പോള്‍ 

ബിജെപിക്ക് ഗവര്‍ണര്‍ നല്‍കിയത് കണക്ക് നിരത്തിയുള്ള മറുപടി; നേതാക്കളുടെ പ്രകോപനം മൂന്നാം ദൗത്യവും തിരിച്ചടിച്ചപ്പോള്‍ 

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവമെടുത്ത നിലപാടാണ് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കുന്നത്. രാജിവെച്ച് ഇറങ്ങിപ്പോകണമെന്നടക്കം പറയാന്‍ തക്കവണംശോഭാ സുരേന്ദ്രനും എംടി രമേശുമെല്ലാം പ്രകോപിതരാകാന്‍ കാരണം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിച്ച പകരത്തിന് പകരമെന്ന വാദമാണ്. കണ്ണൂരിലുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സിപിഐഎമ്മിനും ബിജെപിക്കുമെല്ലാം തുല്യപങ്കാണെന്നാണ് രാജ്ഭവന്‍ സ്വീകരിക്കുന്ന നിലപാടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടുത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയും ശേഖരിച്ചാണ് ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ ചെറുത്തത്.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സന്ദര്‍ശന സമയത്താണ് കൊലപാതകങ്ങളുടെ പട്ടിക സമാഹരിക്കുകയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും മീനാക്ഷി ലേഖി എംപിയും സന്ദര്‍ശിച്ചപ്പോള്‍ ഇവ കാണിച്ചു കൊടുക്കുകയും ചെയ്തു. പകരത്തിന് പകരമുള്ള കൊലപാതകങ്ങളുടെ പട്ടിക നിരത്തിയുള്ള ഗവര്‍ണറുടെ ഇടപെടല്‍ കുറച്ചൊന്നുമല്ല ബിജെപിയെ പൊള്ളിച്ചത്. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലുള്ളതിനാല്‍ സംസ്ഥാനത്ത് കേന്ദ്ര ഇടപെടല്‍ നടത്താന്‍ ഏതറ്റവും വരേയും പോകാന്‍ തയ്യാറുള്ള ബിജെപിക്ക് ഗവര്‍ണറുടെ ശ്രമങ്ങള്‍ തിരിച്ചടിയായി.

ഈ പട്ടിക ഗവര്‍ണര്‍ പുതുക്കുകയും ചെയ്യുന്നുണ്ട്. ഇത് കേന്ദ്രത്തിന് സമയവിളംബമില്ലാതെ കൈമാറുകയും ചെയ്യുന്നു. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ ഗൗരവകരമാണെങ്കിലും ഒരു കക്ഷിയെ മാത്രം കുറ്റപ്പെടുത്താനില്ലെന്നാണ് പി സദാശിവത്തിന്റെ പക്ഷം. കേരളത്തിലെ ഇടത് ഭരണത്തെ മുള്‍മുനയില്‍ നിര്‍ത്തി അഫ്‌സ്പ അടക്കം കണ്ണൂരില്‍ പ്രയോഗിക്കാന്‍ രാഷ്ട്രീയമായി ബിജെപി കരുക്കള്‍ നീക്കുകയും ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. മൂന്ന് തവണ ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ ബിജെപി ഘടകം ഇത്തരത്തില്‍ നിവേദനവും സമര്‍പ്പിച്ചു. എന്നാല്‍ ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇതാണ് സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചതും പരസ്യമായി ഗവര്‍ണര്‍ക്കെതിരെ വാക്‌പോരിന് ഇറങ്ങാന്‍ ഇടയാക്കിയതും.

ഇതില്‍ ബിജെപി സംസ്ഥാന ഘടകത്തെ ഏറെ അസ്വസ്ഥമാക്കുന്നത് തങ്ങളുടെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടും അനുകൂല നിലപാട് മുന്‍ ചീഫ് ജസ്റ്റിസ് കൂടെയായ ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നതാണ്. രാഷ്ട്രീയമായ അനുകൂല നിലപാട് തങ്ങളുന്നയിക്കുന്ന വിഷയത്തില്‍ കിട്ടുമെന്ന പ്രതീക്ഷ മൂടോടെ വെട്ടിയ ഗവര്‍ണറുടെ നിലപാടാണ് പ്രകോപനത്തിന്റെ അടിസ്ഥാനം. ബിജെപി സര്‍ക്കാര്‍ അധികാരത്തിന് വന്നശേഷമുണ്ടായ രാഷ്ട്രീയ നിയമനമാണ് പി സദാശിവത്തിന്റേതെന്ന ബോധമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഈര്‍ഷ്യക്ക് കാരണം. കണ്ണൂരില്‍ സിപിഐഎമ്മിനോടൊപ്പം തങ്ങളേയും പ്രതികൂട്ടില്‍ നിര്‍ത്തുന്നത് ബിജെപിക്ക് ഒരു തരത്തിലും യോജിക്കാനാവുന്നില്ല. ഈ നിലപാട് കൂടുതല്‍ വ്യക്തമായതോടെയാണ് ഗവര്‍ണര്‍ക്കെതിരെ വിരട്ടലുമായി ശോഭാ സുരേന്ദ്രന്‍ അടക്കം നേതാക്കള്‍ രംഗത്ത് വന്നത്.

മൂന്നാം തവണയും കണ്ണൂരില്‍ നിവേദനം നല്‍കിയപ്പോള്‍ കണക്കുകള്‍ കാണിച്ച് നേരിടുന്നതിന് പകരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. പക്ഷേ ഗവര്‍ണറുടെ ഭാഗത്ത് നിന്നും അത്തരത്തിലൊരു രാഷ്ട്രീയ നീക്കം ഉണ്ടായില്ലെന്ന് മാത്രമല്ല ബിജെപിയുടെ അഫ്‌സ്പ (പ്രത്യേക സൈനികാധികാര നിയമം) ആവശ്യത്തില്‍ അദ്ദേഹത്തിന് ഒട്ടും താല്‍പര്യവുമില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആയുധമാക്കി കേന്ദ്രതലത്തില്‍ സിപിഐഎമ്മിനെതിരെ വ്യാപക പ്രചരണം നടത്തുന്ന ബിജെപിക്ക് വിലങ്ങുതടിയാവുന്നത് ഗവര്‍ണറുടെ ഈ സമീപനമാണ്.