‘എന്‍ഡിഎ ഉയര്‍ത്തിയത് രാഷ്ട്രീയക്കാരനല്ലാത്ത ദളിത് പേരായിരുന്നെങ്കില്‍ നന്നായിരുന്നു’; പ്രതിപക്ഷ ഐക്യത്തിന് ആശങ്കയായി മായാവതിയുടെ പ്രതികരണം 

June 19, 2017, 6:35 pm
‘എന്‍ഡിഎ ഉയര്‍ത്തിയത് രാഷ്ട്രീയക്കാരനല്ലാത്ത ദളിത് പേരായിരുന്നെങ്കില്‍ നന്നായിരുന്നു’; പ്രതിപക്ഷ ഐക്യത്തിന് ആശങ്കയായി  മായാവതിയുടെ പ്രതികരണം 
Politics

ന്യൂ ഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദളിത് സ്ഥാനാര്‍ത്ഥിയായതിനെ പോസിറ്റീവായി കാണുന്നതായി ബിഎസ്പി നേതാവ് മായാവതി. രാഷ്ട്രീയക്കാരനല്ലാത്ത ഒരു ദളിത് പേരായിരുന്നു എന്‍ഡിഎ പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്നും മായാവതി പറഞ്ഞു. പ്രതിപക്ഷം ഒരു മികച്ച ദളിത് സ്ഥാനാര്‍ത്ഥിയെ അല്ല മുന്നോട്ട് വെയ്ക്കുന്നതെങ്കില്‍ എന്‍ഡിഎയുടെ ദളിത് സ്ഥാനാര്‍ത്ഥിയെ പോസിറ്റീവായി തന്നെ കാണുമെന്നും അവര്‍ പറഞ്ഞു. ദളിത് രാഷ്ട്രീയത്തിലൂന്നി നില്‍ക്കുന്ന മായാവതിയും ബിഎസ്പിയും എന്‍ഡിഎയുടെ ദളിത് നീക്കത്തെ പിന്തുണയ്ക്കാന്‍ മടിയില്ലെന്ന നിലപാടാണ് സൂചിപ്പിച്ചത്.

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം പിന്തുണയ്ക്കാതെ മല്‍സരമുണ്ടാകുമെന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് സമവായത്തിന് ബിജെപി തുനിഞ്ഞിറങ്ങിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ദളിത് പേര് നിര്‍ദേശിച്ചതും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കി ഒരു കൂട്ടരെ ഒപ്പം നിര്‍ത്താനുള്ള ബിജെപി തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ആ തന്ത്രം ഒരു പരിധി വരെ ഫലിച്ചുവെന്നതാണ് ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയ്യെടുത്ത ബിഎസ്പി നേതാവ് മായാവതിയുടെ പ്രതികരണത്തിലെ മാറ്റം സൂചിപ്പിക്കുന്നത്.

എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രം ഫലിക്കില്ലെന്നും സമവായത്തിന് ഇല്ലെന്നുമുള്ള നിലപാടിലാണ് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും. സിപിഐഎമ്മും കോണ്‍ഗ്രസും സമവായമെന്ന് പറഞ്ഞുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മല്‍സരത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് പ്രതികരണങ്ങളിലെല്ലാം ഉള്ളത്.

പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുടെ തന്ത്രത്തെ അതേ നാണയത്തില്‍ തള്ളികളഞ്ഞു. പ്രണബ് ദാദയെ പോലെയോ അല്ലെങ്കില്‍ സുഷമ സ്വരാജിനെ പോലെയോ അദ്വാനിയെ പോലെയോ ഉള്ള ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നു എന്നാണ് തൃണമൂലിന്റെ പ്രതികരണം. ഇന്ത്യയില്‍ വലിയ ദളിത് നേതാക്കള്‍ വേറെയുമുണ്ട്. എന്നാല്‍ രാംനാഥ് കോവിന്ദ് ദളിത് നേതാവല്ല, പക്ഷേ ബിജെപിയുടെ ദളിത് മോര്‍ച്ചാ നേതാവാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു.