ആഗസ്റ്റില്‍ മഹാറാലിക്ക് ലാലുവിന്റെ ആഹ്വാനം; എന്തിന് ബുദ്ധിമുട്ടുന്നു, അപ്പോഴേക്കും ജയിലിലെത്തില്ലേയെന്ന് ബിജെപി

May 18, 2017, 11:27 am
ആഗസ്റ്റില്‍ മഹാറാലിക്ക് ലാലുവിന്റെ ആഹ്വാനം; എന്തിന് ബുദ്ധിമുട്ടുന്നു, അപ്പോഴേക്കും ജയിലിലെത്തില്ലേയെന്ന് ബിജെപി
Politics
Politics
ആഗസ്റ്റില്‍ മഹാറാലിക്ക് ലാലുവിന്റെ ആഹ്വാനം; എന്തിന് ബുദ്ധിമുട്ടുന്നു, അപ്പോഴേക്കും ജയിലിലെത്തില്ലേയെന്ന് ബിജെപി

ആഗസ്റ്റില്‍ മഹാറാലിക്ക് ലാലുവിന്റെ ആഹ്വാനം; എന്തിന് ബുദ്ധിമുട്ടുന്നു, അപ്പോഴേക്കും ജയിലിലെത്തില്ലേയെന്ന് ബിജെപി

പാറ്റ്‌ന: ബിജെപിക്ക് എതിരെ പ്രതിപക്ഷപാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയുള്ള വമ്പന്‍ റാലിക്ക് ഒരുങ്ങി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. അഴിമതി കേസുകളില്‍ ആരോപണങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്നാണ് ലാലുവിന്റെ വാദം. മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ അഞ്ച് അഴിമതി കേസുകളിലും 1000 കോടിയുടെ ബിനാമി ഭൂമി ഇടപാടിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികാര രാഷ്ട്രീയം കളിക്കുന്ന ബിജെപിയാണ് അധികാര ദുര്‍വിനിയോഗത്തിലൂടെ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന വാദമാണ് ലാലു ഉയര്‍ത്തുന്നത്.

ഫാസിസ്റ്റ് മോഡി സര്‍ക്കാരിനെതിരെ ആഗസ്റ്റില്‍ ബീഹാറിലെ പാറ്റ്‌നയില്‍ വലിയ റാലിയ്ക്കും മുന്നേറ്റത്തിനും രാഷ്ട്രീയ ജനതാദള്‍ നേതാവ് ആഹ്വാനം ചെയ്തു. ആര്‍ജെഡിയുടെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം അണിനിരത്താനും ലാലു ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും താന്‍ റാലിയില്‍ ഉണ്ടാവുമെന്ന് ഉറപ്പ് പറഞ്ഞു കഴിഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയുടെ മുലായം സിങ് യാദവും റാലിയുടെ ഭാഗമാകുമെന്ന് ഉറപ്പ് നല്‍കി. ഉത്തര്‍പ്രദേശില്‍ എസ്പിയുടെ എതിരാളിയായ മായാവതിയുടെ ബിഎസ്പിക്കും ലാലുവിന്റെ ക്ഷണം കിട്ടിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ ഒന്നിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ തന്നെ മായാവതി വ്യക്തമാക്കിയിട്ടുള്ളതാണ്.

ലാലുവിന്റെ ഈ തയ്യാറെടുപ്പുകളെ ബിജെപി പുച്ഛിച്ച് തള്ളുകയാണുണ്ടായത്. ആഗസ്റ്റ് ആകുമ്പോഴേക്കും ലാലു പ്രസാദ് യാദവ് ഇരുമ്പഴിക്കുള്ളിലായിരിക്കുമെന്നും പിന്നെന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്നുമാണ് ബിജെപിയുടെ ബീഹാറിലെ തലമുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോഡി പരിഹസിച്ചത്. എന്നാല്‍ തന്റെ പേര് ലാലുവെന്നാണെന്നും ഇത്തരത്തില്‍ വിരട്ടാന്‍ നോക്കുന്നവരോട് പുച്ഛം മാത്രമേയുള്ളുവെന്നും 69 വയസുകാരനായ നേതാവ് തിരിച്ചടിച്ചു.