മലപ്പുറം ലീഗ് കാക്കുമോ? അതോ ചെങ്കൊടി പാറുമോ?; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടുകള്‍ ഉയരുമെന്ന പ്രതീക്ഷയില്‍ ബിജെപി ക്യാംപ്

April 16, 2017, 5:41 pm

മലപ്പുറം ലീഗ് കാക്കുമോ? അതോ ചെങ്കൊടി പാറുമോ?; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടുകള്‍ ഉയരുമെന്ന പ്രതീക്ഷയില്‍ ബിജെപി ക്യാംപ്
Politics

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങുകയും എട്ടരയോടെ ആദ്യഫലമറിയുകയും ചെയ്യും. പതിനൊന്ന് മണിയോടെ വോട്ടുകള്‍ എണ്ണിത്തീരും. മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഏഴ് മുറിയൊരുക്കിയിട്ടുണ്ട്. ഓരോ മുറിയിലും ഏജന്റുമാര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുമുണ്ടാകും. മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റ് മണ്ഡലങ്ങള്‍ക്കായി പത്ത് ടേബിളുകളുമാണ് ഉണ്ടാകുക. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ആദ്യം പോസ്റ്റല്‍ വോട്ടുകളായിരിക്കും എണ്ണുന്നത്. ഓരോ റൗണ്ടിലും വോട്ടുകള്‍ എണ്ണിത്തീരുന്ന മുറയ്ക്ക് ഫലം മൈക്കിലൂടെ പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നതിനാല്‍ ഇരുപക്ഷവും സജീവപ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് 77.21 ആയിരുന്നു. ഇത്തവണ ഉപതെരഞ്ഞെടുപ്പിലാകട്ടെ 77.33 ശതമാനത്തിലേക്ക് പോളിങ് ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലാണ് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 67.76 ശതമാനമായിരുന്നു പോളിങ് ശതമാനം.

ഇതുകൂടാതെ പുതിയതായി എത്തിയ 83,379 വോട്ടുകള്‍ ഏത് അക്കൗണ്ടിലേക്കാകും വന്നു വീഴുകയെന്ന കണക്കെടുപ്പും പാര്‍ട്ടികള്‍ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലും അഞ്ചും സ്ഥാനത്ത് വന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഇത്തവണ മത്സരിച്ചിരുന്നില്ല. മനസാക്ഷി വോട്ടുചെയ്യാന്‍ എസ്ഡിപിഐ നിര്‍ദേശം നല്‍കിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആര്‍ക്കും പിന്തുണ നല്‍കുന്നില്ലെന്നാണ് അറിയിച്ചത്. 77,069 വോട്ടുകളാണ് എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമായി കഴിഞ്ഞതവണ ലഭിച്ചത്. അതേസമയം പിഡിപിയാകട്ടെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇടതുമുന്നണിക്കായി എം.ബി ഫൈസലും യുഡിഎഫിനായി പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍ഡിഎക്കായി അഡ്വ. എന്‍ ശ്രീപ്രകാശുമാണ് മത്സരരംഗത്തുളളത്. 2014ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം 1,94, 739 ആയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് 2,42,984 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് 64,705 വോട്ടുകളാണ് ലഭിച്ചത്. വോട്ടുകള്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്ലാ സ്ഥാനാര്‍ത്ഥികളും.