അഹമ്മദിന്റെ ലീഡ് മറികടക്കാതെ കുഞ്ഞാലിക്കുട്ടിക്ക് ആധികാരിക ജയം; വോട്ട് വര്‍ധിപ്പിച്ച് സിപിഐഎം; പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് ബിജെപിയ്ക്ക്  

April 17, 2017, 7:23 am
 അഹമ്മദിന്റെ ലീഡ് മറികടക്കാതെ കുഞ്ഞാലിക്കുട്ടിക്ക് ആധികാരിക ജയം; വോട്ട് വര്‍ധിപ്പിച്ച് സിപിഐഎം; പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് ബിജെപിയ്ക്ക്  
Politics
Politics
 അഹമ്മദിന്റെ ലീഡ് മറികടക്കാതെ കുഞ്ഞാലിക്കുട്ടിക്ക് ആധികാരിക ജയം; വോട്ട് വര്‍ധിപ്പിച്ച് സിപിഐഎം; പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് ബിജെപിയ്ക്ക്  

അഹമ്മദിന്റെ ലീഡ് മറികടക്കാതെ കുഞ്ഞാലിക്കുട്ടിക്ക് ആധികാരിക ജയം; വോട്ട് വര്‍ധിപ്പിച്ച് സിപിഐഎം; പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് ബിജെപിയ്ക്ക്  

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വിജയം. 1,71,038 വോട്ടുകള്‍ക്കാണ് യുഡിഎഫിന്‍റെ വിജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഇ. അഹമ്മദ് നേടിയ 1,94, 739 എന്ന ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇടതു സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് 3,44,287 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടുകള്‍ മാത്രമായിരുന്നു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 957 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അരമണിക്കൂറില്‍ തന്നെ വ്യക്തമായ ലീഡ് പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫും യുഡിഎഫും നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് വോട്ടെണ്ണലില്‍ കണ്ടതും. അതേസമയം ബിജെപിക്കാകട്ടെ കനത്ത തിരിച്ചടിയാണ് ലഭിച്ചതും. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം, വേങ്ങര, മഞ്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണിയതിന് പിന്നാലെ വോട്ടിങ് മെഷീനുകളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ ലീഡ് ഉയര്‍ത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തി. അണികളാകട്ടെ എല്ലായിടത്തും ആഹ്ലാദപ്രകടനം ആരംഭിക്കുകയും ചെയ്തു. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നില്‍ നില്‍ക്കുന്നത്.

വോട്ടുനില തത്സമയം അറിയാം

എല്‍ഡിഎഫിന് ആധിപത്യമുളള സ്ഥലങ്ങളില്‍ പോലും മോശമല്ലാത്ത വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചതെന്നും ഇതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജയിച്ചാലും തോറ്റാലും തനിക്കൊരു അമ്പരപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ. അഹമ്മദിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ കിട്ടിയാല്‍ താന്‍ ഹാപ്പിയാണെന്നും രണ്ടുലക്ഷമെന്ന ഭൂരിപക്ഷം പ്രതീക്ഷിക്കാത്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിന്‍റെ സന്തോഷം പങ്കുവെക്കാന്‍ ലീഡ് നില ഒരുലക്ഷം കടന്നതോടെ ആദ്യം പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗിന്‍റെ മുതിര്‍ന്ന നേതാക്കളും എത്തിയത്. മുസ്ലിം ലീഗിന്‍റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും കുഞ്ഞാലിക്കുട്ടിയുടേതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ ലീഡുണ്ടാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് ലഭിച്ച വോട്ടില്‍ വലിയ കുറവൊന്നും ഇത്തവണയും ഉണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിന് തയ്യാറായിക്കൊളളാനും അവിടം ഇനി ബാലികേറാമലയായിരിക്കും മറ്റുപാര്‍ട്ടികള്‍ക്കെന്നും മുന്നറിയിപ്പ് നല്‍കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല. വേങ്ങരയിലെ വോട്ടിങ് ശതമാനം കുറഞ്ഞതൊന്നും കണക്കാക്കേണ്ട. പോളിങ് ശതമാനം വെച്ചല്ല, മുസ്ലിം ലീഗിന്റെ വോട്ടുകള്‍ കണക്കാക്കേണ്ടത്. പലപ്പോഴും ഇത്തരം കണക്കുകള്‍ പാടെ തെറ്റിപ്പോയിട്ടുണ്ട്. രണ്ടുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമോ എന്നുളള ചോദ്യത്തിന് അത്രയും വോട്ടുകള്‍ നേടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും ആ ഭൂരിപക്ഷം ചിലപ്പോള്‍ കടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണത്തെക്കാളും ബിജെപിക്ക് ഇത്തവണ വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നതിനാല്‍ ഇരുപക്ഷവും സജീവപ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിങ് 77.21 ആയിരുന്നു. ഇത്തവണ ഉപതെരഞ്ഞെടുപ്പിലാകട്ടെ 77.33 ശതമാനത്തിലേക്ക് പോളിങ് ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലാണ് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 67.76 ശതമാനമായിരുന്നു പോളിങ് ശതമാനം.

ഇതുകൂടാതെ പുതിയതായി എത്തിയ 83,379 വോട്ടുകള്‍ ഏത് അക്കൗണ്ടിലേക്കാകും വന്നു വീഴുകയെന്ന കണക്കെടുപ്പും പാര്‍ട്ടികള്‍ നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലും അഞ്ചും സ്ഥാനത്ത് വന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഇത്തവണ മത്സരിച്ചിരുന്നില്ല. മനസാക്ഷി വോട്ടുചെയ്യാന്‍ എസ്ഡിപിഐ നിര്‍ദേശം നല്‍കിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആര്‍ക്കും പിന്തുണ നല്‍കുന്നില്ലെന്നാണ് അറിയിച്ചത്. 77,069 വോട്ടുകളാണ് എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമായി കഴിഞ്ഞതവണ ലഭിച്ചത്. അതേസമയം പിഡിപിയാകട്ടെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇടതുമുന്നണിക്കായി എം.ബി ഫൈസലും യുഡിഎഫിനായി പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍ഡിഎക്കായി അഡ്വ. എന്‍ ശ്രീപ്രകാശുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2014ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം 1,94, 739 ആയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് 2,42,984 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് 64,705 വോട്ടുകളാണ് ലഭിച്ചത്. വോട്ടുകള്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്ലാ സ്ഥാനാര്‍ത്ഥികളും.