കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല; കെപിസിസി യോഗ ശേഷം മലക്കം മറിഞ്ഞ് എംഎം ഹസന്‍ 

April 19, 2017, 5:44 pm
കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല; കെപിസിസി യോഗ ശേഷം മലക്കം മറിഞ്ഞ് എംഎം ഹസന്‍ 
Politics
Politics
കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല; കെപിസിസി യോഗ ശേഷം മലക്കം മറിഞ്ഞ് എംഎം ഹസന്‍ 

കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല; കെപിസിസി യോഗ ശേഷം മലക്കം മറിഞ്ഞ് എംഎം ഹസന്‍ 

തിരുവനന്തപുരം: കെഎം മാണിയുടെ യുഡിഎഫ് പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാണിയെ യുഡിഎഫിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നാണ് കെപിസിസി യോഗശേഷം ഹസന്റെ തിരുത്തല്‍. കെപിസിസി നേതൃ യോഗത്തില്‍ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച ഹസനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മലക്കം മറിച്ചില്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസിയുടെ നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ പി.ടി തോമസ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍, എം.എം ജേക്കബ് എന്നിവര്‍ മാണിയെ ക്ഷണിച്ച നേതാക്കള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച താന്‍ ചെയ്യുമെന്ന് പറഞ്ഞിട്ടില്ലെന്നും ഹസന്‍ യോഗശേഷം പ്രതികരിച്ചത്. മാണി യുഡിഎഫിലേക്ക് വരണമെന്ന് തന്നെയാണ് തന്റെ നിലപാട്. പക്ഷേ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക മാത്രമാണ് ചെയ്തതെന്നും ഹസന്‍ തിരുത്തി. മലപ്പുറത്ത് കേരളാ കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നത് അവരുടെ വാദമാണെന്നും ജനങ്ങള്‍ വോട്ടുചെയ്തത് യുഡിഎഫിനാണെന്നും ഹസന്‍ വ്യക്തമാക്കി.

കെ.എം മാണി നിരന്തരം യുഡിഎഫിനെ അപമാനിക്കുന്നയാളാണ്. ഇങ്ങനെയുളള ആളെ കൂടെ കൂട്ടണമോ എന്ന് ആലോചിക്കണമെന്നാണ് പിടി തോമസ് കെപിസിസി നേതൃ യോഗത്തില്‍ പറഞ്ഞത്. അപമാനം സഹിച്ച് മാണിയെ തിരിച്ച് എടുക്കേണ്ടതുണ്ടോ, കാര്യമായ കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവു എന്നും പി.ടി തോമസ് നേതൃയോഗത്തില്‍ പറഞ്ഞു. എല്ലാ ദിവസവും മാണിയെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും ഇല്ലാത്ത പ്രാധാന്യം കേരള കോണ്‍ഗ്രസിന് ഉണ്ടാക്കി കൊടുക്കരുതെന്നുമാണ് ജോസഫ് വാഴയ്ക്കന്റെ അഭിപ്രായം. കേരള കോണ്‍ഗ്രസിന് ഇല്ലാത്ത ശക്തി പെരുപ്പിച്ച് കാണിക്കേണ്ട. പാലായില്‍ നടന്ന പഞ്ചായത്ത് തല ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ വോട്ട് വാങ്ങിയാണ് കേരള കോണ്‍ഗ്രസ് ജയിച്ചതെന്നും വാഴയ്ക്കന്‍ പറഞ്ഞു. ആരെയും പിറകെ നടന്ന് ക്ഷണിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു എം.എം ജേക്കബ് യോഗത്തില്‍ പറഞ്ഞത്.

കടുത്ത വിമര്‍ശനം നേരിട്ടതോടെയാണ് കെപിസിസി യോഗശേഷം മലക്കം മറിഞ്ഞ് എംഎം ഹസന്റെ പ്രതികരണം.